പി സുശീല സംഗീതജീവിതം ഉപേക്ഷിക്കാന്‍ തീരുമാനിച്ച കാലം ഉണ്ടായിരുന്നു...
രാജ്യം പി.സുശീലയുടെ സ്വരമാധുരി നുകരാന്‍ തുടങ്ങിയിട്ട് ആറര പതിറ്റാണ്ട് കഴിഞ്ഞു. പ്രായം എണ്‍പത്തിനാല് പിന്നിടുമ്പോഴും ആ സ്വരത്തിന് ഇന്നും മധുര പതിനേഴ് ആണ്. എന്നാല്‍ സംഗീതം ജീവിതമാക്കിയ ആ പ്രതിഭ ഒരിക്കല്‍ സംഗീത ജീവിതം ഉപേക്ഷിക്കാന്‍ ഉറച്ച തീരുമാനമെടുത്തിരുന്നു. അധികമാര്‍ക്കും അറിയാത്ത ഇക്കാര്യം പ്രിയ ഗായിക അടുത്തിടെ തുറന്നു പറഞ്ഞു.
പി.സുശീലയുടെ വാക്കുകള്‍ ഇങ്ങനെ: 'എന്റെ രണ്ടു വയസ്സുള്ള മകന് അകാലത്തില്‍ മരണപ്പെട്ടു. ആ ആഘാതം എനിക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറത്തായിരുന്നു. മകന്റെ വേര്‍പാടില്‍ ഒരമ്മയ്ക്കുണ്ടാകുന്ന ദുഃഖം എത്രത്തോളമായിരിക്കുമെന്ന് ഊഹിക്കാമല്ലോ. ആ അപ്രതീക്ഷിത സംഭവത്തിന് പിന്നാലെ ഞാന്‍ സംഗീത ജീവിതം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ഇനി ഒരിക്കലും സിനിമയില്‍ പാടില്ല എന്നും ഉറപ്പിച്ചു. എന്നാല്‍ ഒരു ദിവസം ദേവരാജന്‍ മാസ്റ്ററും കുഞ്ചാക്കോയും കൂടി എന്റെ വീട്ടില്‍ വന്നു. സംഗീത ജീവിതത്തിലേക്കു മടങ്ങി വരണമെന്ന് അഭ്യര്‍ഥിച്ചു. ഞാന്‍ പാടിയില്ലെങ്കില്‍ അവര്‍ സിനിമ എടുക്കില്ല എന്നു കൂടി പറഞ്ഞു. അവരുടെ അതുവരെയുള്ള എല്ലാ സിനിമകളിലും ഞാന്‍ ആയിരുന്നു പാടിയിരുന്നത്. അങ്ങനെ അവരുടെ നിര്‍ബന്ധ പ്രകാരം ഞാന്‍ വീണ്ടും സംഗീതജീവിതത്തിലേക്കു വരാന്‍ തീരുമാനിച്ചു. അത് ഏറെ നന്നായി എന്ന് ഇപ്പോള്‍ തോന്നുന്നു.'
സ്കൂളില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോഴും സംഗീതത്തിനായിരുന്നു സുശീല പ്രഥമസ്ഥാനം നല്‍കിയത്. ശാസ്ത്രീയ സംഗീതവും ചലച്ചിത്ര ഗാനങ്ങളും ഒരുമിച്ചു കൊണ്ടു പോകാന്‍ പ്രയാസമായതിനാല്‍ ഇടക്കു വച്ച് ശാസ്ത്രീയ സംഗീത പഠനം ഉപേക്ഷിക്കയായിരുന്നു.
https://www.facebook.com/Malayalivartha