യുവതിയോട് മാപ്പ് പറഞ്ഞ് ദുൽഖർ സൽമാൻ; സിനിമയില്‍ ബോഡി ഷേം ചെയ്തതായി ആരോപണം

സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്' എന്ന സിനിമയ്ക്കെതിരെ പരാതിയുമായി യുവതി രംഗത്ത്. സിനിമയിൽ അനുവാദം കൂടാതെ തന്റെ ചിത്രം ഉപയോഗിച്ചെന്ന് വ്യക്തമാക്കി ചേതന കപൂർ എന്ന യുവതിയാണ് സിനിമയ്ക്കെതിരെ രംഗത്തെത്തിയത്. എന്നാൽ യുവതിയോടെ ക്ഷമ ചോദിച്ച് കൊണ്ട് നടൻ ദുൽഖർ സൽമാൻ തന്നെ രംഗത്തെത്തുകയായിരുന്നു. ട്വിറ്ററിലൂടെയാണ് നടന്റെ പ്രതികരണം.
സിനിമയിൽ ജോണി ആന്റണിയുടെ ഡോക്ടർ കഥാപാത്രം നടത്തുന്ന വെൽനസ് ക്ലിനിക്കിന്റെ മുൻപിൽ വെച്ചിരിക്കുന്ന പരസ്യ ബോർഡിൽ തന്റെ ചിത്രം സമ്മതമില്ലാതെ ഉപയോഗിച്ചുവെന്നാണ് യുവതിയുടെ ആരോപണം. സിനിമയിൽ ഉപയോഗിച്ച ചിത്രത്തിന്റെ സ്ക്രീൻ ഷോട്ട് സഹിതമാണ് ചേതന വിമർശനം ഉയർത്തിയത്. തന്റെ ചിത്രം അനുവാദം കൂടാതെ ഉപയോഗിച്ചു എന്ന് പറഞ്ഞാണ് ടാഗ് ചെയ്തത്. യുവതിയുടെ അറിവോ സമ്മതമോ കൂടാതെയാണ് ചിത്രത്തില്‍ അവരുടെ ചിത്രം കാണിച്ചത്. ദുല്‍ഖറിന്‍റെ സിനിമയില്‍ അവരെ ബോഡി ഷേം ചെയ്തതായി ആരോപിക്കുകയും, നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ ട്വിറ്ററിലൂടെ അറിയിച്ചു.
എന്നാല്‍ ദുല്‍ഖര്‍ ചേതനയുടെ ട്വീറ്റിന് ഉടനടി പ്രതികരിക്കുകയും അവരോട് പരസ്യമായി ട്വിറ്ററിലൂടെ ക്ഷമ ചോദിക്കുകയും ചെയ്തു. സിനിമയില്‍ അവരുടെ ചിത്രങ്ങള്‍ എങ്ങനെയാണ് ഉപയോഗിച്ചതെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. പിന്നീട് ചിത്രത്തിന്റെ സംവിധായകന്‍ അനൂപ് സത്യന്‍ വ്യക്തിപരമായി വിളിച്ച് മാപ്പ് ചോദിച്ചതിന് ശേഷം നിയമപരമായ വഴി സ്വീകരിക്കാനുള്ള ആശയം ഉപേക്ഷിച്ചതായി ദുല്‍ക്കറുടെ ക്ഷമാപണം അംഗീകരിച്ച ചേതന ട്വിറ്ററിലൂടെ പറഞ്ഞു.
https://www.facebook.com/Malayalivartha


























