Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്റെ മഴവില്ലിന് ഏഴല്ല, എഴുപതോ എഴുന്നൂറോ നിറങ്ങള്‍... ലക്ഷ്യയായി കാവ്യ മനസു തുറക്കുന്നു

13 JULY 2015 02:21 PM IST
മലയാളി വാര്‍ത്ത.

പുതിയ ബിസിനസ് സംരഭമായ ലക്ഷ്യയുമായി കാവ്യ മുന്നേറുമ്പോള്‍ തനിക്ക് വിലപ്പെട്ട ഡ്രസുകളെക്കുറിച്ച് വാചാലയാവുകയാണ് കാവ്യാമാധവന്‍. കാവ്യയുടെ വാക്കുകളില്‍ നിന്ന്...
എന്റെ കുട്ടിക്കാലത്തിന്റെ ആദ്യത്തെ ഓര്‍മകളിലൊന്ന് ഒരു മഴവില്ലിനുള്ളില്‍പ്പെട്ട കുട്ടിയാണ്. ഏഴല്ല, എഴുപതോ എഴുന്നൂറോ നിറങ്ങള്‍... അത് സുപ്രിയയായിരുന്നു. നീലേശ്വരത്ത് അച്ഛന്‍ നടത്തിയിരുന്ന തുണിക്കട. ഓര്‍മയുറച്ച കാലം മുതല്‍ ഞാനാ നിറങ്ങളാണ് കണ്ടിരുന്നത്. വീടിന്റെ ഭാഗമായിത്തന്നെയായിരുന്നു കട. ഒരു വാതില്‍ കടന്നാല്‍ അതിനുള്ളിലെത്താം. കുഞ്ഞായിരുന്നപ്പോള്‍ അമ്മ എന്നും എന്നെ കുളിപ്പിച്ച് അണിയിച്ചൊരുക്കി ആ വാതിലിലൂടെ അച്ഛനെ ഏല്‍പ്പിക്കും. പിന്നെ കടയ്ക്കുള്ളിലാണ് എന്റെ ലോകം. പുതിയ തുണിയുടെ മണവും ശ്വസിച്ച് നടക്കാം. ഓടിക്കളിക്കാം. ക്ഷീണിക്കുമ്പോള്‍ അച്ഛന്റെ മടിയിലിരുന്ന്, കടയിലെത്തുന്നവരെയും റോഡിലൂടെ പോകുന്നവരെയും കാണാം. പുതിയ സ്‌റ്റോക്ക് എത്തുമ്പോഴാണ് എനിക്കു ജോലിയേറുക. പൊട്ടിച്ചു വച്ചിരിക്കുന്ന പെട്ടികളില്‍നിന്ന് ഒരേ നിറത്തിലുള്ള തുണിത്തരങ്ങള്‍ ഒരുമിച്ചാക്കിവയ്ക്കും. \"\"ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട് ഞാനതിന്. കുറച്ചുകൂടി വലുതായിക്കഴിഞ്ഞാണ് എനിക്കു കാര്യം മനസിലായത്; ഞാന്‍ പല സൈസിലുള്ള ഉടുപ്പുകളും മറ്റും നിറം മാത്രം നോക്കിയാണ് ഒരുമിച്ച് അടുക്കിയിരുന്നത്. അതുപിന്നെ ശരിയാക്കിയെടുക്കാന്‍ അച്ഛന്‍ എത്ര പാടുപെട്ടിരിക്കും? കടയില്‍ ആരെങ്കിലും വരുമ്പോള്‍ അച്ഛനെന്നെ വിളിച്ച് \'മോളേ, ആ സാരിയിങ്ങെടുക്കൂ, ആ ഉടുപ്പെടുക്കൂ എന്നൊക്കെ പറയാന്‍ ഞാന്‍ എത്ര കൊതിയോടെ കാത്തിരുന്നിട്ടുണ്ട്.
അച്ഛന്റെ അച്ഛന്റെ അച്ഛനാണ് സുപ്രിയ തുടങ്ങിയത്. പുള്ളിക്കാരന് ആ പേര് എവിടെനിന്നു കിട്ടിയെന്ന് ഞങ്ങള്‍ക്കാര്‍ക്കും ഇന്നുമറിയില്ല. കുടുംബത്തില്‍ ആര്‍ക്കു ഇല്ലാത്തൊരുപേര്. നീലേശ്വരത്ത് ആദ്യമായി ഒരു ഡ്രസ് ഡോളിനെ കൊണ്ടുവന്നത് സുപ്രിയയിലാണ്. മദ്രാസില്‍നിന്ന്. ഷര്‍മിള ടാഗോറിനെപ്പോലെ മുടിയൊക്കെ പുട്ടപ്പ് ചെയ്ത് ഉയര്‍ത്തിവച്ച ഒരു സുന്ദരിപ്രതിമ. വെള്ളിയാഴ്ചകളിലാണ് അതിനെ പുതിയ സാരിയുടുപ്പിക്കുന്നത്. അമ്മ അതിനെ സാരിയുടുപ്പിച്ച് കടയുടെ മുന്നിലെ കണ്ണാടിക്കൂട്ടില്‍വച്ചുകഴിഞ്ഞാല്‍പ്പിന്നെ എന്റെ പ്രകടനമുണ്ടാവും. ഞാന്‍ അതിന്റെ കൈയില്‍പ്പിടിച്ച് പ്രതിമയെപ്പോലെ നില്‍ക്കും. ചിലപ്പോള്‍ കയ്യില്‍ കുടയോ പാവക്കുട്ടിയോ കാണും. കുറേനേരം അനങ്ങാതെനിന്നിട്ട് പിന്നെ പോസ് മാറ്റും. അക്കാലമായപ്പോഴേക്കും ഞങ്ങള്‍ കടയോടുചേര്‍ന്നുള്ള തറവാട്ടില്‍നിന്ന് കുറച്ചുദൂരേക്ക് താമസം മാറ്റിയിരുന്നു. എല്ലാ വെളളിയാഴ്ചയും പ്രതിമയെ സാരിയുടുപ്പിക്കാന്‍ കടയില്‍പ്പോകുന്ന അമ്മയ്‌ക്കൊപ്പം ഞാനും ചേട്ടനും ഉണ്ടാവും. വൈകിട്ട് വിജയലക്ഷ്മി ടാക്കീസില്‍നിന്ന് ഒരു സിനിമയും കണ്ടാണ് മടക്കം.
എനിക്ക് അന്നൊരു പാവക്കുട്ടിയുണ്ടായിരുന്നു. അമ്മാവന്‍ ദുബായില്‍നിന്ന് കൊണ്ടുവന്നതാണ്. സ്വിച്ചിട്ടാല്‍ അതിന്റെ കമ്മലില്‍ ലൈറ്റ് കത്തും. അതിന്റെ ഉടുപ്പു മുഷിഞ്ഞപ്പോള്‍ പുതിയൊരു ഉടുപ്പു വേണമെന്നതായിരുന്നു അന്നത്തെ വലിയ ആഗ്രഹം. ശേഖരേട്ടന്റെ ഗ്ലാമര്‍ ടെയ്‌ലേഴ്‌സിന്റെ പരിസരത്തൊക്കെ കുറേ കറങ്ങിനടന്ന് കുറെ ജീന്‍സിന്റെ കഷണങ്ങള്‍ സംഘടിപ്പിച്ചു. അതുകൊണ്ട് ഉടുപ്പുതുന്നി. അമ്മയുടെ നൈറ്റിയുടെ സ്ലീവ് മുറിച്ച് പാവാടയുമുണ്ടാക്കി. അതൊന്നും ആരും പഠിപ്പിച്ചിട്ടല്ല. തനിയെ ചെയ്യുന്നതാണ്. അന്നുതുടങ്ങിയതാവണം ഉടുപ്പുകളോടും ചമയങ്ങളോടുമുള്ള ഇഷ്ടം. എന്നാലും എനിക്കിപ്പോഴും ഡ്രസ് തിരഞ്ഞെടുക്കുന്നത് അമ്മയാണ്. ഒരാളെ ഏറ്റവും ഭംഗിയില്‍ കാണാനാഗ്രഹിക്കുന്നത് അയാളുടെ അമ്മയാവില്ലേ? എന്റെ അമ്മ തിരഞ്ഞെടുത്ത ഉടുപ്പുകളാണ് എന്റെ ഭംഗിയും ആത്മവിശ്വാസവുമെല്ലാം. എനിക്കേറ്റവും പ്രിയപ്പെട്ട ഉടുപ്പ് അമ്മ തുന്നിത്തന്നതാണ്. എനിക്ക് ഒരുവയസുള്ളപ്പോള്‍. വാടാമല്ലി നിറത്തിലുള്ള ആ കുഞ്ഞുടുപ്പ് എന്റെ പെട്ടിയില്‍ ഇപ്പോഴുമുണ്ട്. ഒരുപാടു സന്തോഷം തോന്നുമ്പോള്‍ ഞാനതെടുത്ത് കുറേനേരം അതില്‍നോക്കിയിരിക്കും. സിനിമയിലെത്തി സ്വന്തമായി പൈസ കിട്ടിയപ്പോള്‍ ഞാന്‍ അമ്മയുടെ പിറന്നാളിന് കുറേ സാരികള്‍ വാങ്ങിക്കൊടുത്തു. അതു കയ്യില്‍ വാങ്ങിയപ്പോള്‍ അമ്മയുടെ മുഖത്തെ സന്തോഷവും അഭിമാനവും ഇപ്പോഴുമെന്റെ കണ്ണിലുണ്ട്.
നിറഞ്ഞ സ്‌നേഹത്തിന് നിറയെ ഭംഗിയുള്ള ഒരു രൂപമുണ്ടെങ്കില്‍ അത് ശീമാട്ടിയമ്മയായി. എനിക്ക് അമ്മയും അമ്മൂമ്മയും ബെസ്റ്റ്ഫ്രണ്ടുമൊക്കെയായിരുന്നു ശീമാട്ടിയമ്മയെന്നു ?ഞാന്‍ വിളിക്കുന്ന സീതാലക്ഷ്മി തിരുവെങ്കിടം. ബീനാ കണ്ണന്റെ അമ്മ. ശീമാട്ടിയമ്മയുമായുള്ള കൂട്ടുവഴിയാണ് ?ഞാന്‍ ബീനാന്റിയുമായി അടുക്കുന്നത്. 2003 ല്‍ കോട്ടയത്ത് മാമ്മന്‍ മാപ്പിള ഹാളില്‍ ഒരു നൃത്തപരിപാടിക്കെത്തിയതായിരുന്നു ഞാന്‍. സംഘാടകരിലൊരാള്‍ മേക്കപ്പിനിടെ ഗ്രീന്റൂമിലെത്തി, \'ഒരാള്‍ക്കെന്നെ കാണാന്‍ ആഗ്രഹമുണ്ട് അങ്ങോട്ടു ചെല്ലാമോ\' എന്നു ചോദിച്ചു. മേക്കപ്പിനിടെ എങ്ങനെയാണു പോവുക? ഇങ്ങോട്ടുവന്നോട്ടെ എന്നു ഞാന്‍ പറഞ്ഞു. ആളെത്തിയപ്പോള്‍ പ്രായമുള്ള ഒരമ്മ. നൃത്തവേഷത്തിലായതിനാലാണ് അങ്ങോട്ടു വരാന്‍ മടിച്ചതെന്നും പ്രായമുള്ള ആളാണെന്നറിഞ്ഞിരുന്നെങ്കില്‍ വന്നേനേയെന്നും പറഞ്ഞ് ക്ഷമ ചോദിച്ചപ്പോള്‍ സാരമില്ലെന്ന് നിറഞ്ഞ ചിരിയോടെ മറുപടി. ഒരു സുന്ദരിയമ്മ. കുലീനത നിറഞ്ഞ പെരുമാറ്റം. അമ്മയെ കണ്ടതും എല്ലാവര്‍ക്കും ബഹുമാനം. പിന്നെയാണ് അറിഞ്ഞത് അത് ശീമാട്ടിയിലെ ബീനാകണ്ണന്റെ അമ്മയാണെന്ന്.
ഒരുപാടുകാലത്തെ അടുപ്പമുള്ള ഒരാളെപ്പോലെയാണ് അമ്മ എന്നോടു സംസാരിച്ചത്. \"\"എന്റെ ഉടുത്തുകെട്ട് കണ്ട് കുറച്ചുകൂടി നിറങ്ങളൊക്കെയാവാം എന്ന് അഭിപ്രായവും പറഞ്ഞു. കുറച്ചുകഴിഞ്ഞപ്പോള്‍ ഒരാള്‍ ഒരു വലിയ പൊതിയുമായി വന്നു. തുറന്നപ്പോള്‍ നല്ല ഭംഗിയുളള കുറെയേറെ സാരികള്‍. പല മെറ്റീരിയലില്‍, പല നിറത്തിലും ഡിസൈനിലുമുള്ളത്. ശീമാട്ടിയമ്മ പറഞ്ഞ് എടുപ്പിച്ചതാണത്രേ. അതില്‍നിന്ന് കറുപ്പും ഓറഞ്ചും കലര്‍ന്ന ഒരെണ്ണം മാത്രമെടുത്ത് വില അന്വേഷിച്ചപ്പോള്‍ കൊണ്ടുവന്ന ആള്‍ ചിരിച്ചുകൊണ്ടുപറഞ്ഞു, അതുമുഴുവന്‍ എനിക്കുള്ളതാണെന്ന്. ശീമാട്ടിയമ്മയുടെ സമ്മാനം. സത്യത്തില്‍ ഞാന്‍ അമ്പരന്നുപോയി. ആദ്യമായി കാണുന്ന ഒരാള്‍ക്ക് ഇത്രവലിയ സമ്മാനം. പിന്നെ ഞങ്ങള്‍ വലിയ കൂട്ടായി. പ്രായത്തിലും സ്ഥാനത്തിലും പദവിയിലും ഏറെ മുതിര്‍ന്നയാളായിട്ടും എന്നോട് കളിക്കൂട്ടുകാരിയെന്ന മട്ടിലാണ് പെരുമാറിയിരുന്നത്. എടോ, താന്‍ എന്നൊക്കെയായിരുന്നു എന്നെ വിളിക്കാറ്.
കിലുക്കം കിലുകിലുക്കത്തിന്റെ ഷൂട്ടിങ് ഊട്ടിയില്‍ നടക്കുന്നതിനിടെ ഒരുദിവസം എന്നെ വിളിച്ച് \'താന്‍ എവിടെയാടോ\' എന്നു ചോദിച്ചു. \'ഊട്ടിയിലാണമ്മാ\' എന്നു പറഞ്ഞപ്പോള്‍ \'ഞാനങ്ങോട്ടു വരുന്നു, എനിക്കു തന്നെ കാണണം\' എന്നു പറഞ്ഞു. \'കുറേ ദൂരമില്ലേ അമ്മാ, ഞാന്‍ നാട്ടിലെത്തിയിട്ട് അങ്ങോട്ടു വരാം\' എന്നു പറഞ്ഞപ്പോള്‍ \'സാരമില്ലെടോ ഞാന്‍ വരാം\' എന്നായിരുന്നു മറുപടി. പിറ്റേന്ന് രണ്ട് വണ്ടി ലൊക്കേഷനിലെത്തി. ഒന്നില്‍ അമ്മ. മറ്റതില്‍ സഹായികളും അമ്മയുടെ സാധനങ്ങളും എനിക്കു കുറേ സമ്മാനങ്ങളും.
ഒരുദിവസം ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ എനിക്ക് ശീമാട്ടിയമ്മയെ വിളിക്കണമെന്നു തോന്നി. ഫോണിന്റെ അപ്പുറത്ത് ഉറക്കച്ചടവില്‍ അമ്മയുടെ ശബ്ദം: \'ഞാനുറങ്ങാന്‍ കിടന്നെടോ\'. \'സാരമില്ലമ്മാ, ഞാന്‍ നാളെ വിളിക്കാം\' എന്നു പറഞ്ഞ് ഫോണ്‍വച്ചു. പിറ്റേന്ന് രാവിലെ അച്ഛനാണ് എന്നെ വിളിച്ചുണര്‍ത്തിയത്. ശീമാട്ടിയമ്മ പോയി എന്നു മാത്രം പറഞ്ഞു.
കാല്‍ക്കല്‍നിന്ന് നിറഞ്ഞ കണ്ണുകളോടെ ഞാന്‍ കണ്ടു, എന്നെ പേരക്കുട്ടിയെപ്പോലെ സ്‌നേഹിച്ച ആ അമ്മ പ്രകാശമൊട്ടുമണയാത്ത മുഖവുമായി ശാന്തയായി ഉറങ്ങുന്നു. ഓര്‍ക്കുമ്പോള്‍ ഇപ്പോഴും എന്റെ കണ്ണുനീറുന്നുണ്ട്.
ഇന്ന്, ലക്ഷ്യയുടെ നടത്തിപ്പുകാരിയുടെ റോളില്‍ നില്‍ക്കുമ്പോള്‍ എന്റെയോര്‍മയില്‍ രണ്ടു വസ്ത്രങ്ങളുണ്ട്; ഒന്നാം വയസില്‍ എന്നെ അമ്മയിടുവിച്ച ആ വാടാമല്ലി നിറമുള്ള കുഞ്ഞുടുപ്പും ആദ്യം കാണാനെത്തിയപ്പോള്‍ ശീമാട്ടിയമ്മ സമ്മാനിച്ച കറുപ്പും ഓറഞ്ചും കലര്‍ന്ന ആ സാരിയും. തുന്നിച്ചേര്‍ത്ത കുറേ തുണിക്കഷണങ്ങള്‍ ഭംഗിയുള്ള വസ്ത്രമാകുന്നത് അതിന്റെ നിറപ്പകിട്ടുകൊണ്ടോ ഡിസൈന്‍ കൊണ്ടോ മാത്രമല്ലെന്നും അതു സമ്മാനിച്ചയാളിന് ധരിക്കുന്നയാളിനോടുള്ള സ്‌നേഹം കൊണ്ടുകൂടിയാണെന്നും അവയെന്നെ ഓര്‍മിപ്പിക്കുന്നുണ്ട്; സ്‌നേഹത്തിന്റെ തൊങ്ങലുള്ള ആ ഉടുപ്പുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (5 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (5 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (6 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (7 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (9 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (9 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (9 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (9 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (9 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (9 hours ago)

കായംകുളത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൊഴിയെടുത്ത് പൊലീസ്  (9 hours ago)

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു  (11 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി  (11 hours ago)

ലോക് ഭവനിൽ ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ പ്രഭാഷണം; ഡോ. അംബേദ്കറുടെ സാമൂഹിക അസമത്വത്തിനെതിരെയുള്ള ആജീവനാന്ത പോരാട്ടത്തെ അനുസ്മരിക്കുന്നു  (11 hours ago)

പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും;മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹന് സസ്പെൻഷൻ  (11 hours ago)

Malayali Vartha Recommends