ബോളിവുഡ് സിനിമകളില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് ഐറ്റം സോംഗുകള്‍... സ്‌ക്രീനില്‍ എല്ലാവരും നോക്കുന്ന സ്ത്രീയായി മാറുക എന്നത് എനിക്ക് സ്വാതന്ത്ര്യമായിരുന്നുവെന്ന് മലൈക

ബോളിവുഡിലെ മുന്‍നിര താരങ്ങളില്‍ ഒരാളാണ് മലൈക അറോറ. ഷാരൂഖ് ഖാനൊപ്പം ചുവടുവച്ച് ചയ്യ ചയ്യ ആണ് മലൈകയെ താരമാക്കി മാറ്റുന്നത്. പാട്ടും പാട്ടിലെ മലൈകയുടെ ചുവടുകളും ഐക്കോണിക് ആയി മാറുകയായിരുന്നു. ഇതോടെ ബോളിവുഡിലെ ആസ്ഥാന ഡാന്‍സര്‍ ആയി മാറിയ മലൈക പിന്നീട് നിരവധി ഡാന്‍സ് നമ്ബറുകള്‍ ചെയ്തു.
സല്‍മാന്‍ ഖാന്‍ ചിത്രം ദബാംഗിലെ മുന്നി ബദ്‌നാമും വലിയ ഹിറ്റായി മാറിയ പാട്ടാണ്. 48ാം വയസിലും മലൈകയുടെ ഫിറ്റ്‌നസ് കൈമോശം വന്നിട്ടില്ല. താരത്തിന്റെ ഡാന്‍സും ഫിറ്റ്‌നസുമൊക്കെ ഇന്നും ആരാധകരുടെ കയ്യടി നേടുകയാണ്. അറിയപ്പെടുന്ന ഡാന്‍സ് റിയാലിറ്റി ഷോ വിധികര്‍ത്താവുമാണ് ഇന്ന് മലൈക.
അതേസമയം ഐറ്റം സോംഗ് എന്ന് പൊതുവെ വിളിക്കപ്പെടുന്ന ഇത്തരം ഡാന്‍സ് നമ്ബറുകള്‍ക്കെതിരെ എന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സ്ത്രീയെ കാഴ്ചവസ്തുവാക്കി മാറ്റുന്നുവെന്നതാണ് ഇത്തരം പാട്ടുകള്‍ക്കെതിരെ ഉയരുന്ന വിമര്‍ശനം.
എന്നാല്‍ തന്നെ സംബന്ധിച്ച് അങ്ങനെയല്ലെന്നും സ്വാതന്ത്ര്യമാണ് ഡാന്‍സ് നമ്ബറുകള്‍ എന്നുമാണ് മലൈക പറയുന്നത്. ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു മലൈക. ഇന്ന് വലിയ തോതില്‍ അംഗീകരിക്കപ്പെടുന്നില്ലെങ്കിലും ബോളിവുഡ് സിനിമകളില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് ഡാന്‍സ് നമ്ബറുകള്‍ എന്നാണ് മലൈക പറയുന്നത്.
''നമ്മളുടെ സിനിമകള്‍ ഇങ്ങനെയാണ്. ആ വസ്തുത മറച്ചു വെക്കരുത്. ആ വസ്തുതയില്‍ നിന്നും ഓടിയൊളിക്കരുത്. നമ്മുടെ സിനിമകള്‍ ജീവിതത്തിന്റെ ആഘോഷമാണ്. ജീവിതത്തേക്കാളും വലുതാണ് അവ. ഇന്നത്തെ കാലത്തും സമയത്തും വിമര്‍ശിക്കപ്പെടുന്നുണ്ട്. കാഴ്ചവസ്തുവാക്കപ്പെടുന്നുവെന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പക്ഷെ ഞാനത് ചെയ്തപ്പോള്‍ എനിക്ക് തോന്നിയത് സ്വാതന്ത്ര്യ ബോധ്യമാണ്.
ശരിക്കും സ്വാതന്ത്ര്യമായിരുന്നു'' എന്നായിരുന്നു മലൈക പറഞ്ഞത്. ''സ്‌ക്രീനില്‍ എല്ലാവരും നോക്കുന്ന സ്ത്രീയായി മാറുക എന്നത് എനിക്ക് സ്വാതന്ത്ര്യമായിരുന്നു. ദൈവമോ എല്ലാവരും എന്നെയൊരു കാഴ്ചവസ്തുവാക്കുന്നുവെന്ന് ഞാന്‍ ചിന്തിച്ചിട്ടില്ല. എന്നെ സംബന്ധിച്ച് നിയന്ത്രണം എന്റെ പക്കലായിരുന്നു. നിയന്ത്രണം കയ്യിലുണ്ടായിരിക്കാന്‍ എനിക്ക് ഇഷ്ടമാണ്. എന്റെ വിധിയുടെ മാസ്റ്റര്‍ ഞാന്‍ തന്നെയാണ്'' എന്നും മലൈക പറഞ്ഞു.
https://www.facebook.com/Malayalivartha























