ആയിരത്തോളം നാടകങ്ങളിൽ അഭിനേത്രിയായി തിളങ്ങിയശേഷം ബിഗ്സ്‌ക്രീനിലേക്കെത്തിയ ശുഭയ്ക്ക് ഫിലിം ക്രിട്ടിക്സ് പുരസ്കാരം

ആയിരത്തോളം നാടകങ്ങളിൽ അഭിനേത്രിയായി തിളങ്ങിയശേഷം ബിഗ്സ്‌ക്രീനിലേക്കെത്തിയ ശുഭയ്ക്ക് ഫിലിം ക്രിട്ടിക്സ് പുരസ്കാരം ഇപ്പോഴും വിശ്വസിക്കാനാവുന്നതിലും അകലെയാണ്. ‘ശാന്തി: ദ റിഫ്ലക്‌ഷൻ ഓഫ് ട്രൂത്ത്’ എന്ന ഉടനെ റിലീസാവാനിരിക്കുന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അനശ്വരമാക്കിയതിനാണ് ശുഭയെ തേടി പുരസ്കാരമെത്തിയത്.
ബത്തേരി സ്വദേശിയായ ശുഭ അച്ഛൻ കാഥികനും അധ്യാപകനുമായിരുന്ന കെ. പീതാംബരന്റെ നിഴലിലാണ് കലാജീവിതത്തിലേക്ക് എത്തുന്നത്. അമ്മ അധ്യാപികയായിരുന്ന കസ്തൂരിബായിയും കൂടെ നിന്നു.
കെ.പി.എ.സി.യുടെ ‘ഒളിവിലെ ഓർമ്മകളിൽ’ ഒരുവർഷം ശുഭ അഭിനേത്രിയായി. കോവിഡിനുമുൻപ് ‘ഒരു മാസ് കഥ വീണ്ടും’ എന്ന സിനിമയിലൂടെ ബിഗ് സ്‌ക്രീനിൽ അരങ്ങേറ്റം. ശേഷം പിന്നെയും നാടകങ്ങളുടെ ലോകത്തേക്ക്. ഇക്കാലമത്രയും മനസ്സിൽ സിനിമയായിരുന്നെന്ന് ശുഭ പറയുന്നു. തിരുവനന്തപുരത്ത് ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ മിനിസ്റ്റീരിയൽ സ്റ്റാഫായ ശുഭയ്ക്ക് സർക്കാർ ഉദ്യോഗസ്ഥ എന്ന ലേബൽ സിനിമകളിലേക്ക് ഇറങ്ങാൻ വിലക്കായിരുന്നു.
ഒപ്പമുള്ളവരെല്ലാം ഒറ്റപ്പെടുത്തിയപ്പോഴും, ഉള്ള ജോലിയിൽ നിന്നാൽപോരേ, എന്തിനാണ് സിനിമ എന്നൊക്കെ ചോദിച്ചപ്പോഴും തന്റെ സ്വപ്നം എന്നല്ലാതെ വേറൊന്നും പറയാൻ ശുഭയ്ക്കുണ്ടായിരുന്നില്ല. ‘ആ അനുഭവങ്ങളിൽനിന്ന് ഈ നേട്ടത്തിലേക്ക് എത്തുമ്പോൾ ഇരട്ടിമധുരമാണ്, അത് കാണാൻ അച്ഛനില്ലെന്ന ദുഃഖം മാത്രമേയുള്ളൂ.’ ശുഭയുടെ അച്ഛൻ ഈ ഏപ്രിൽ ആറിനാണ് വിട പറഞ്ഞത്.
https://www.facebook.com/Malayalivartha
























