അഞ്ചു പ്രതികളുടെ ആദ്യഘട്ട ചോദ്യം ചെയ്യല്‍ ഇന്നലെ കഴിഞ്ഞതോടെ ആശങ്കയും പിരിമുറുക്കവും വര്‍ദ്ധിച്ചു.... 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ ദിലീപ് നല്‍കിയ മറുപടികളില്‍ പൊരുത്തക്കേടുണ്ടെന്ന് ക്രൈംബ്രാഞ്ച്.... ഇന്നും നാളെയും ചോദ്യം ചെയ്യല്‍ തുടരും

ഗൂഢാലോചനാ കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെ അഞ്ചു പ്രതികളുടെ ആദ്യഘട്ട ചോദ്യം ചെയ്യല്‍ ഇന്നലെ കഴിഞ്ഞതോടെ ആശങ്കയും പിരിമുറുക്കവും ഏറി. 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ ദിലീപ് നല്‍കിയ മറുപടികളില്‍ പൊരുത്തക്കേടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
പല മറുപടികളും വിശ്വസനീയമല്ലെന്ന് അന്വേഷണ സംഘം . കള്ളക്കേസാണെന്ന് ആവര്‍ത്തിച്ച ദിലീപ്, നടിയെ ആക്രമിക്കുന്ന ദൃശ്യം കൈപ്പറ്റിയിട്ടില്ലെന്നും കണ്ടിട്ടില്ലെന്നും പറഞ്ഞു. ഇന്നും നാളെയും ചോദ്യം ചെയ്യല്‍ തുടരും.
ഗൂഢാലോചനയുടെ ചുരുളഴിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ചോദ്യങ്ങളത്രയും. ദിലീപിന്റെ നിഷേധാത്മക പെരുമാറ്റം ഒരുഘട്ടത്തില്‍ ചോദ്യം ചെയ്യലിനെ ബാധിച്ചു. ബാലചന്ദ്രകുമാര്‍ തന്റെ അടുത്ത സുഹൃത്തല്ലെന്നും ഒരു സിനിമ വഴി മാത്രമാണ് പരിചയമെന്നും ദിലീപ് പറഞ്ഞു.
നെയ്യാറ്റിന്‍കര ബിഷപ്പ് വഴി കേസില്‍ ജാമ്യം നേടാമെന്ന് ബാലചന്ദ്രകുമാര്‍ വാഗ്ദാനം ചെയ്തിരുന്നു. ജാമ്യം ലഭിച്ചപ്പോള്‍ ബിഷപ്പിന്റെയടക്കം പേരില്‍ പണം ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഇതോടെ ബാലചന്ദ്രകുമാറിന് വൈരാഗ്യമായെന്നും തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്‌തെന്നും ദിലീപ് ആവര്‍ത്തിച്ചു.
അടുത്ത ദിവസം ബാലചന്ദ്രകുമാറിനെ ദിലീപിനൊപ്പം ഇരുത്തി ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദസാമ്പിള്‍ പ്രതികള്‍ നിഷേധിക്കാത്തത് ചോദ്യം ചെയ്യലില്‍ നിര്‍ണായകമാകും.
ഇന്നലെ രാവിലെ ഒമ്പതോടെയാണ് മറ്റു പ്രതികളായ സഹോദരന്‍ അനൂപിനും സഹോദരീ ഭര്‍ത്താവ് സുരാജിനുമൊപ്പം ദിലീപ് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായത്.
ദിലീപിനെ പ്രത്യേകം മാറ്റിയിരുത്തി രണ്ടു ഘട്ടമായി ചോദ്യം ചെയ്തു. രാവിലെ ക്രൈംബ്രാഞ്ച് സൂപ്രണ്ട് മോഹനചന്ദ്രന്‍ നായരുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍. ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രിജിത്ത്, മദ്ധ്യമേഖലാ റേഞ്ച് ഐ.ജി. ഗോപേഷ് അഗര്‍വാള്‍ എന്നിവര്‍ പിന്നീട് നേതൃത്വം ഏറ്റെടുത്തു.
ജീവിതത്തില്‍ ഒരാളെപ്പോലും നോവിച്ചിട്ടില്ലെന്നും വിചാരണക്കോടതിയില്‍ ജഡ്ജി പറഞ്ഞപ്പോള്‍ പോലും ആക്രമണ ദൃശ്യം കാണാന്‍ കൂട്ടാക്കാത്ത ആളാണ് താനെന്നുമായിരുന്നു ദിലീപിന്റെ നിലപാട്. ദൃശ്യം വേണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടത് എന്തിനെന്ന ചോദ്യത്തിന് മറുപടിയുണ്ടായില്ല.
മറ്റു പ്രതികളായ അനൂപ്, സുരാജ്, മാനേജര്‍ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയും ചോദ്യം ചെയ്തു. ഗൂഢാലോചനയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ആരാഞ്ഞത്. ഓരോരുത്തരെയായി പ്രത്യേക മുറികളിലാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനു ശേഷം അന്വേഷണ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് മൊഴികള്‍ വിലയിരുത്തി.'ദിലീപിന്റെയും മറ്റ് പ്രതികളുടെയും മൊഴികള്‍ പഠിച്ചശേഷമായിരിക്കും ഇന്നത്തെ ചോദ്യം ചെയ്യല്‍.
https://www.facebook.com/Malayalivartha























