ഞങ്ങള്‍ക്കിടയില്‍ സഹോദര ബന്ധത്തേക്കാള്‍ സുഹൃത്തുബന്ധമാണുള്ളത്; കലാഭവന്‍ നവാസിനെ കുറിച്ച് സഹോദരന്‍ നിയാസ്

മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാനാകാത്ത പ്രിയ കലാകാരനാണ് കലാഭവന്‍ നവാസ്. ഇപ്പോഴിതാ നവാസിന്റെ സഹോദരന്‍ നിയാസ് പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്. തങ്ങള്‍ക്കിടയില്‍ സഹോദര ബന്ധത്തേക്കാള്‍ സുഹൃത്തുബന്ധമാണുള്ളതെന്നും നിയാസ് കുറിപ്പില്‍ പറയുന്നു.
നിയാസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം…..
ജേഷ്ഠനായി ജനിച്ചത് ഞാനാണെങ്കിലും ജേഷ്ഠനായി അറിയപ്പെട്ടത് അവനായിരുന്നു. ഞങ്ങള്‍ തമ്മില്‍ രണ്ട് വയസ്സിന് വ്യത്യാസമാണുള്ളത്. എന്നേക്കാള്‍ ഹൈറ്റ് അവനുള്ളതുകൊണ്ട് കാഴ്ചയിലും ചേട്ടന്‍ അവനാണെന്നേ പറയൂ. ഞങ്ങളിരുവരുടേയും ആറ്റിറ്റിയൂഡ് വളരേ വ്യത്യസ്തമായിരുന്നു. പല കാര്യങ്ങളിലും അവന്റ ആറ്റിറ്റിയൂഡ് ആണ് നല്ലതെന്ന് എനിക്ക് തോന്നാറുണ്ട് മറ്റു പല കാര്യങ്ങളില്‍ തിരിച്ചും. നവാസ് എന്റെ വേവ് ലെങ്തില്‍ ഉള്ള ഒരാളല്ല. വേദികളില്‍ മത്സരബുദ്ധിയോടെയാണ് ഞങ്ങള്‍ നില്‍ക്കാറുള്ളതെങ്കിലും ജീവിതത്തില്‍ ഞങ്ങള്‍ക്കിടയില്‍ മത്സരമില്ല. പരാജയങ്ങളില്‍ സഹായിക്കാനുള്ള മനസ്സുണ്ടായിരുന്നെങ്കിലും. പരസ്പരം പ്രയാസങ്ങളറിയിക്കാതെ ജീവിക്കാനാണ് ഞങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നത്. അക്കാര്യത്തില്‍ നിസാമും അങ്ങിനെയാണ്.നിസാം നവാസിനെക്കാള്‍ എട്ട് വയസ്സിന് ഇളയതാണ്. ഇപ്പോള്‍ 24 ന്യൂസില്‍ വിഷ്വല്‍ എഡിറ്റര്‍ ആയി വര്‍ക്ക് ചെയ്യുന്നു. ഒരു അനുജന്റെ ഫീല്‍ ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും തരുന്നത് അവനാണ്. ഞങ്ങള്‍ പ്രായത്തില്‍ വലിയ വ്യത്യാസമില്ലാത്തതിനാല്‍ ഞങ്ങള്‍ക്കിടയില്‍ സഹോദര ബന്ധത്തേക്കാള്‍ സുഹൃത്തുബന്ധമാണുള്ളത്. അതുകൊണ്ടുതന്നെ നേരില്‍ കാണുമ്പോള്‍ പ്രകടനപരമായ സ്‌നേഹം ഞങ്ങള്‍ക്കിടയിലില്ല.
ഞങ്ങളുടെ തൊഴില്‍ സംബന്ധിച്ച ചില കാര്യങ്ങള്‍, കുടുംബകാര്യങ്ങള്‍, അങ്ങിനെ ചിലതൊക്കെ മാത്രം സംസാരിക്കും പിരിയും. ഇപ്പോഴവനുണ്ടായിരുന്നെങ്കില്‍. മതിവരുവോളം കെട്ടിപ്പിടിച്ചു നില്‍ക്കണമെന്നുണ്ട്. കുറേ കാര്യങ്ങള്‍ സംസാരിച്ചിരിക്കണമെന്നുണ്ട്. പക്ഷേ. സര്‍വ്വേശ്വരന്‍ ഞങ്ങള്‍ക്കനുവദിച്ചു തന്ന സമയം തീര്‍ന്നിരിക്കുന്നു. ഇനി എത്ര ആഗ്രഹിച്ചാലും ഒരു കൊടുക്കല്‍ വാങ്ങലുകളും ഞങ്ങള്‍ക്കിടയില്‍ സാധ്യമല്ലല്ലോ.
ഒരു പങ്കുവയ്ക്കലുകള്‍ക്കും അവസരം ഇല്ലല്ലോ…എന്റെ കൂടപ്പിറപ്പിനെ പടച്ചവന്‍ തിരിച്ചു വിളിച്ചു. ഇനി എനിക്കവന് നല്‍കാനുള്ളത് പ്രാര്‍ത്ഥന മാത്രമാണ്. (നിന്റെ മരണത്തിനു മുന്‍പ് നിനക്ക് നല്‍കിയട്ടുള്ളതില്‍ നിന്നും നീ മറ്റുള്ളവര്‍ക്കായ് ചിലവഴിക്കുക.) അത് അറിവാണെങ്കിലും സമ്പത്താണെങ്കിലും ആരോഗ്യമാണെങ്കിലും സ്‌നേഹമാണെങ്കിലും നിസ്വാര്‍ത്ഥമായി പങ്കു വയ്‌ക്കേണ്ടതല്ലേ..? മരിച്ചവര്‍ക്കായ് പ്രാര്‍ത്ഥിക്കുവാനല്ലാതെ മറ്റൊന്നിനും നമുക്ക് കഴിയില്ല.
പ്രിയ സഹോദരരേ…എല്ലാ നിബന്ധനകളും മാറ്റി വച്ച് ജീവിച്ചിരിക്കുന്ന കൂടപ്പിറപ്പുകളെ കൂട്ടുകാരെ സഹജീവികളെ ഒക്കെയും അതിരില്ലാത്ത സ്‌നേഹം പകര്‍ന്നു നല്‍കി ചേര്‍ത്തു നിറുത്തുക. അവസാനകാലത്ത് ഓര്‍ത്ത് കരയാനെങ്കിലും ചില കടപ്പാടുകള്‍ ബന്ധങ്ങള്‍ക്കിടയില്‍ പരസ്പരം ഉണ്ടാക്കിവയ്ക്കുക. രക്തബന്ധങ്ങളിലെ കെട്ടുറപ്പിന് സര്‍വ്വേശ്വരന്‍ ശക്തി നല്‍കട്ടെയെന്നു ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.
https://www.facebook.com/Malayalivartha