അതുല്യ പ്രതിഭയുടെ അച്ഛനെയും അമ്മയെയും കാണാന്‍ സിനിമയിലെ ക്ലിന്റ് എത്തി

ചിരഞ്ജീവിയായ ക്ലിന്റിന്റെ ഓര്‍മ്മകള്‍ പതിറ്റാണ്ടുകള്‍ക്കിപ്പുറം അഭ്രത്തില്‍ തെളിയുകയാണ്. ഹരികുമാര്‍ സംവിധാനം ചെയ്യുന്ന 'ക്‌ളിന്റ്' എന്ന സിനിമ ഇന്നും മായാതെ നില്‍ക്കുന്ന ആ നിറങ്ങളെക്കുറിച്ച് പറയുന്നു. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അലോക് കൊച്ചിയില്‍ ക്‌ളിന്റിന്റെ മാതാപിതാക്കളെ കാണാനെത്തിയപ്പോള്‍ കാലം ഒരു ചിത്രമെഴുതുന്നു.
മാലാഖമാരുടെ കളിക്കൂട്ടിന് നേരിയൊരു ഇടവേള പറഞ്ഞ് ക്ലിന്റ് എന്ന ബാലന്‍ ജനിച്ചത് 1976 മേയ് 19 ന്. ഭാവത്തിലും ഭാവുകത്വത്തിലും വര്‍ണപ്രപഞ്ചം തീര്‍ത്ത ക്‌ളിന്റ് മടങ്ങിപ്പോയത് എട്ടു വയസ്സിന്റെ കുരുന്നു കാലത്തില്‍. ഒരു നേരിയ ഇടവേളയ്ക്കു വിരാമമിട്ട് മാലാഖമാര്‍ കളിക്കൂട്ടുകാരനെ കൈപിടിച്ചു കൊണ്ടു പോകുന്നതിനിടയില്‍ ക്‌ളിന്റ് വരച്ചു ചേര്‍ത്തത് ഇരുപത്തി ആറായിരം ചിത്രങ്ങള്‍.
ക്‌ളിന്റ് പിച്ചവച്ച കളിമുറ്റം തേടി രണ്ടു കുഞ്ഞിക്കാലുകള്‍ വീണ്ടുമെത്തി കഴിഞ്ഞ ദിവസം. പ്രശസ്ത സംവിധായകന്‍ ഹരികുമാറിന്റെ സിനിമയായ ക്‌ളിന്റില്‍ അത്ഭുത ചിത്രകാരനായി വേഷമിട്ട, തൃശ്ശൂര്‍ ദേവമാതാ സ്‌കൂള്‍ ഒന്നാം ക്‌ളാസ് വിദ്യാര്‍ഥി അലോക് കുടുംബാംഗങ്ങള്‍ക്കൊപ്പം കലൂര്‍ ജഡ്ജസ് അവന്യൂവിലെ വീട്ടിലെത്തുമ്‌ബോള്‍ ക്‌ളിന്റിന്റെ മാതാപിതാക്കളായ ജോസഫും ചിന്നമ്മയും വിസ്മയത്തിന്റെ നിറമിഴികളുമായി വാതില്‍പ്പടിയില്‍ നോക്കി നില്‍ക്കുകയായിരുന്നു. തൃശ്ശൂരില്‍ ലോജിസ്റ്റിക്‌സ് ബിസിനസ് ചെയ്യുന്ന കൊട്ടേക്കാട് സ്വദേശി അനൂപിന്റെയും അസ്മിന്റെയും മകനാണ് അലോക്.
ഏഴു വയസ്സു തികയാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ 1983 ഏപ്രില്‍ 15 വിഷുനാളില്‍, വിരല്‍ത്തുമ്ബിലെ പിടിവിട്ട് ഓടിമറഞ്ഞ പ്രിയ പുത്രന്‍ കുസൃതിച്ചിരിയുമായി തിരിച്ചെത്തിയതിന്റെ അമ്ബരപ്പുമാറുംമുമ്ബ് അലോക് ചിന്നമ്മയുടെ മടിയിലിരുന്നു. പിന്നെ കൈയില്‍കിട്ടിയ പുസ്തകം മറിച്ചു നോക്കാനാരംഭിച്ചു.
പുസ്തകങ്ങളുടെ പ്രിയ തോഴനായിരുന്ന ക്‌ളിന്റിന്റെ പ്രതിരൂപം പോലെ.
മൂന്ന് പതിറ്റാണ്ട്. ഒരു നിമിഷാര്‍ദ്ധം പോലും വിരാമമില്ലാത്ത ഓര്‍മ്മച്ചിത്രങ്ങള്‍ അമ്മയുടെ മടിത്തട്ടിലേക്ക് എത്തിക്കുന്നു.
പൂ പോലുള്ള വിരല്‍ത്തുമ്ബുകളില്‍ ചിത്രത്തൂലിക ഒളിപ്പിച്ചു വച്ചാണ് ക്‌ളിന്റ് പിറക്കുന്നത്. അന്ന് ജോസഫും കുടുംബവും തേവരയിലെ ഔദ്യോഗിക ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.
ഒരു വയസ്സാകുമ്‌ബോള്‍ ക്‌ളിന്റിന് പേപ്പറും ചായക്കൂട്ടുകളും തികയാതായി. ജോസഫിന്റെ ഓഫീസില്‍ നിന്ന് ഒരു പുറം മാത്രം ഉപയോഗിച്ച പേപ്പറുകള്‍ കൊണ്ടുവന്നു കൊടുക്കും. സഹപ്രവര്‍ത്തകരും ഈ അത്ഭുത ചിത്രകാരനായി പേപ്പര്‍ സമ്മാനവുമായി എത്തും.
ഒരു ദിവസം ചുരുങ്ങിയത് മുന്നൂറ് ചിത്രങ്ങളെങ്കിലും കുഞ്ഞ് ക്‌ളിന്റ് വരച്ച് അരികിലേക്ക് നീക്കി വയ്ക്കും. അമ്ബരപ്പിക്കുന്ന കൈവഴക്കവും അപാരമായ മനോധര്‍മ്മവും ചാലിച്ചുചേര്‍ത്ത പ്രതിഭാധനനെപ്പോലെ. ചെറുപ്രായത്തില്‍ തന്നെ ക്‌ളിന്റ് എന്ന ചിത്രകാരന്‍ പ്രശസ്തനുമായി. തേവര സെയ്ന്റ് തോമസ് സ്‌കൂളിലെ നഴ്‌സറി അധ്യാപിക സിസ്റ്റര്‍ മരീഷക്ക് വേണ്ടി ബോര്‍ഡില്‍ ക്‌ളിന്റ് വരച്ചത് ഒരു നായക്കുട്ടിയുടെ സ്വപ്നമായിരുന്നു. എല്ലിന്‍ കഷണങ്ങളെ സ്വപ്നം കണ്ട് മയങ്ങുന്നു.
ജോസഫിന്റെ സഹപ്രവര്‍ത്തകന്റെ ജനാലക്കരികിലെ അസ്തമയ ശോഭയും ആരെയും ഭ്രമിപ്പിക്കും. 1983 ല്‍ കോഴിക്കോട് നടന്ന പതിനായിരം കുട്ടികള്‍ പങ്കെടുത്ത യൂണിവേഴ്‌സല്‍ ചിത്രരചനാ മത്സരത്തില്‍ വിധികര്‍ത്താക്കളെയും വിസ്മയിപ്പിച്ചാണ് മാതൃഭൂമി സ്വര്‍ണമെഡല്‍ നേടിയത്, ഈ ബാലന്‍.
ഗണപതിയുടെ കടുത്ത ആരാധകനായിരുന്നു ക്‌ളിന്റ്. മുന്നൂറിലേറെ ഗണപതി ചിത്രങ്ങളും വരച്ചു. ഒരു കൊമ്ബ് മുറിഞ്ഞ ഗണപതിയെ വരയ്ക്കുന്നതിനിടെ ഒരിക്കല്‍ പിതാവ് ജോസഫ് വെറുതെ ചോദിച്ചു. 'എന്തു പറ്റി ഈ കൊമ്ബിന്'? ക്‌ളിന്റിന്റെ മറുപടി. അതറിയില്ലെ, പരശുരാമനോട് ഏറ്റുമുട്ടിയപ്പോള്‍ നഷ്ടമായതാണ്'
'എങ്കില്‍ പരശുരാമന്‍ വലംകൈ കൊണ്ടു വെട്ടുമ്‌ബോള്‍ ഗണപതിക്ക് ഇടംകൊമ്ബല്ലെ നഷ്ടമാകേണ്ടത്? മുറിഞ്ഞത് ഞാന്‍ വരച്ചതു പോലെ വലം കൊമ്ബു തന്നെ. ഒരു പക്ഷേ പരശുരാമന്‍ ഇടംകൈയനായിരുന്നിരിക്കും.''
ഇന്നും ഗവേഷകര്‍ക്കിടയില്‍ ഈ വിഷയം പൂര്‍ത്തിയായിട്ടില്ലെന്ന് ജോസഫ് വിവരിക്കുന്നു.
ക്‌ളിന്റും ചിത്രങ്ങളും അനുദിനം പ്രശസ്തിയുടെ വിഹായസ്സിലുയരുന്നതിനിടയിലും വിധിയുടെ കനത്ത പ്രഹരമായി ജോസഫിനും ചിന്നമ്മയ്ക്കും പിന്നെ എണ്ണിയാലൊടുങ്ങാത്ത ക്‌ളിന്റിന്റെ ആരാധകര്‍ക്കും. പിഞ്ചു ശരീരത്തില്‍ മാരകരോഗം മറ നീക്കി വരുന്നു. ക്‌ളിന്റിന്റെ കിഡ്‌നി അസുഖബാധിതമായി. ഒട്ടേറെ ചികിത്സ നടത്തി. അല്പം ശമിക്കും. പിന്നെയും എത്തിനോക്കും. അങ്ങനെയാണെങ്കിലും ക്‌ളിന്റിന്റെ ചിത്ര സപര്യക്ക് ഇടവേളയില്ല, ക്ഷീണിച്ച കുഞ്ഞിക്കൈകളില്‍ ബ്രഷും ചായങ്ങളും സക്രിയം.
കാഴ്ചക്കാരെ അത്ഭുതപ്പെടുത്തിയ ചിത്രങ്ങള്‍ പലതുണ്ട് ക്‌ളിന്റിന്. ഗണപതിയെ വാത്സല്യപൂര്‍വം ഊട്ടുന്ന ശ്രീകൃഷ്ണന്‍ മാത്രം മതിയാകും, ആ ഭാവനയിലെ മാന്ത്രികസ്പര്‍ശം അനുഭവിച്ചറിയാന്‍. ആ രംഗം ആരു പറഞ്ഞുകൊടുത്തു ഈ പിഞ്ചു മനസ്സിന് എന്ന് വിസ്മയിച്ചവരെ ഞെട്ടിച്ചത് മറ്റൊന്നായിരുന്നു. മള്ളിയൂരില്‍ ഇത്തരമൊരു ചിത്രം ഉണ്ടെന്നതും അതൊരിക്കലും ക്‌ളിന്റ് കാണാനിടയായിരുന്നില്ല എന്ന് അറിയുന്നത് ക്‌ളിന്റ് മരിച്ചതിനുശേഷമായിരുന്നു.
ഒരിക്കല്‍പ്പോലും തെയ്യം കണ്ടിട്ടില്ലാത്ത ക്‌ളിന്റ് വരച്ച മുച്ചിലോട്ടു ഭഗവതി തെയ്യത്തിന്റെ ചിത്രവും അതിന്റെ അനിതരമായ പരിപൂര്‍ണതയും തെയ്യം കലാകാരന്മാരെപ്പോലും സ്തബ്ധരാക്കി. ഇത്രയും പരിപൂര്‍ണമായ തെയ്യം കെട്ടിയാടിയാല്‍ കലാകാരന്‍ അധികനാള്‍ ജീവിച്ചിരിക്കില്ലത്രെ! ഒരു മയക്കത്തിലായിരുന്നു ക്‌ളിന്റ് മടക്കയാത്ര പോയത്.
മരിക്കുന്നതിനു ഒരു നാള്‍ മുമ്ബ് ക്‌ളിന്റ് മമ്മിയെ ചെറുതായൊന്ന് കബളിപ്പിച്ചു. വായിച്ചുകൊണ്ടിരുന്ന പുസ്തകം താഴെ വയ്ക്കാതെ ഉറക്കം നടിച്ചു കിടന്നു. അസുഖത്തെക്കുറിച്ചോര്‍ത്ത ചിന്നമ്മ ഭയപ്പെട്ടു പോയി. ഇതിനിടെ കണ്ണു തുറന്ന ക്‌ളിന്റ് ചിരിച്ചു. ' പുസ്തകം മടക്കി വെയ്ക്കാതെ ഞാന്‍ ഉറങ്ങുകില്ലല്ലോ; മമ്മിയെ കളിപ്പിച്ചതല്ലെ''.
അടുത്ത ദിവസവും ഇതേ സമയത്ത് ക്‌ളിന്റ് പറഞ്ഞു. ഞാന്‍ അല്പം കഴിഞ്ഞ് ഉറങ്ങും. ഇന്ന് മമ്മി വിളിച്ചാലും ഉണരില്ല. കരയുകയൊന്നും ചെയ്യരുത്''പിന്നെ ഉണര്‍ന്നില്ല ക്‌ളിന്റ്. നഗരത്തിലെ പല ആശുപത്രിയിലും പോയി. ഓടി നോക്കിയെങ്കിലും വിഫലമായി. വിരുന്നു വന്ന് മടങ്ങിയ ഏക മകന്‍ നല്‍കിയ ഓര്‍മ്മച്ചിത്രങ്ങളെ വാരിപ്പുണര്‍ന്ന് ജോസഫും ചിന്നമ്മയും.
ചിത്രകാരന്റെ അവസാനത്തെ ഒന്നര വര്‍ഷമാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. ഹരികുമാറും കെ.വി. മോഹന്‍കുമാറും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്. ക്യാമറ മധു അമ്ബാട്ട്. മധു അമ്ബാട്ട് മുമ്‌ബൊരിക്കലും ക്‌ളിന്റിന്റെ ജീവിതം പകര്‍ത്തി. ശിവകുമാര്‍ തയ്യാറാക്കിയ ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിക്കായി.
മൂന്ന് വര്‍ഷമെടുത്ത് ചിത്രീകരിച്ച ഈ ചിത്രം പതിമൂന്ന് അന്താരാഷ്ട്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചു. അതിലൊരു കാഴ്ചക്കാരന്‍ ക്‌ളിന്റിന്റെ വീട്ടിലേക്ക് നേരിട്ട് കത്തെഴുതി. ഹൃദയം നിറഞ്ഞ ദുഃഖവും അറിയിച്ചു. ഈ അത്യത്ഭുത പ്രതിഭയെ ഓര്‍ക്കുന്നെന്ന് പറഞ്ഞു. അത് 'ക്‌ളിന്റ് ഈസ്റ്റ് വുഡ്' ആയിരുന്നു.
https://www.facebook.com/Malayalivartha


























