കാബിനറ്റ് റൂമില്‍ യക്ഷികിന്നര സാന്നിധ്യം; വര്‍ത്തമാനം അപ്പടി പുറത്തേക്ക്!

എങ്കിലും എന്റെ സര്‍ക്കാരേ എന്നു ചോദിച്ചുപോകുന്ന മട്ടിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കാരണം മന്ത്രിസഭായോഗത്തില്‍ നടക്കുന്നതെല്ലാം പിറ്റേന്ന് വളളിപുളളിവിടാതെ പത്രത്തില്‍ വരുന്നു. കെ.പി.സി.സി യോഗത്തില്‍ നടക്കുന്നതും കൃത്യമായി പുറത്തുവരുന്നു. കെ.പി.സി.സി യോഗത്തില്‍ നടക്കുന്ന വര്‍ത്തമാനങ്ങള്‍ വിടാം. കാരണം പത്രത്തില്‍ പേരുവരാന്‍ ആഗ്രഹിക്കുന്ന നേതാക്കള്‍ ഉളളിടത്തോളം കാലം ഇതൊക്കെ പുറത്തുവന്നുകൊണ്ടിരിക്കും.
എന്നാല്‍ സംസ്ഥാന മന്ത്രിസഭായോഗത്തിന്റെ കാര്യം അങ്ങനെയാണോ? മന്ത്രിസഭാ യോഗത്തില്‍ നടക്കുന്നതെല്ലാം രഹസ്യമാണ്. മന്ത്രിപുംഗവന്‍മാര്‍ മുറിയില്‍ കയറിയാല്‍ അണ്ടിപരിപ്പും കായവറുത്തതും നല്‍കാനെത്തുന്ന ഇന്ത്യന്‍ കോഫി ഹൗസുകാരനു പോലും അകത്തേക്ക് പ്രവേശനമില്ല. പിന്നെ ഒരു പാറാവുകാരന്‍ മുറിക്ക് പുറത്തുകാണും. ഇയാള്‍ യാതൊരു വിവരവും കാണരുതെന്ന കാര്യത്തില്‍ സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്.
പ്രസവമുറിക്ക് പുറത്തുനില്‍ക്കുന്ന ഭര്‍ത്താവിന്റെ വേവലാതിയാണ് കാബിനറ്റ് മുറിക്ക് പുറത്തുനില്‍ക്കുന്ന മന്ത്രിമാരുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഉണ്ടാവുക. കാബിനറ്റ് തുടങ്ങി കഴിഞ്ഞയുടന്‍ കാഴ്ചക്കാരുടെയെല്ലാം മുഖം ആശങ്കാകുലമാകും. എന്തിനാണ് ഇങ്ങനെയൊരു ആശങ്കയെന്ന് ആര്‍ക്കുമറിയില്ല. ഏതായാലും ഇക്കഴിഞ്ഞ ബുധനാഴ്ച നടന്ന മന്ത്രിസഭായോഗത്തിന്റെ വിശദാംശങ്ങളാണ് അതേപടി പുറത്തുവന്നത്.
കഥയിലെ നയകന്‍ ചീഫ്‌സെക്രട്ടറി ഭരത്ഭൂഷനായിരുന്നു. കേരളത്തില്‍ അരിയാഹാരം കഴിക്കുന്ന എല്ലാ പത്രങ്ങളും ഒരേ വാര്‍ത്തയാണ് പ്രസിദ്ധീകരിച്ചത്. മനുഷ്യാവകാശവും വേണ്ട, ഒന്നും വേണ്ട. ഞാനങ്ങ് പോയേക്കാമേ എന്ന് ചീഫ്‌സെക്രട്ടറി പറഞ്ഞപ്പോള്‍ പത്രങ്ങളെല്ലാം അത് വാര്‍ത്തയാക്കി. ഒപ്പം ചീഫ്‌സെക്രട്ടറി പൊട്ടിത്തെറിച്ചെന്നും പത്രങ്ങള്‍ പറയുന്നു. എല്ലാ പത്രങ്ങളും ഒരേ വാര്‍ത്ത എങ്ങനെ പ്രസിദ്ധീകരിച്ചു എന്ന ചോദ്യം മൈല്‍കുറ്റിപോലെ നില്‍ക്കുന്നു.
അതായത് കാബിനറ്റ് രഹസ്യം മുഖ്യമന്ത്രി ചോര്‍ത്തികൊടുത്തുകാണും. ഇല്ലെങ്കില്‍ ചീഫ്‌സെക്രട്ടറി ചോര്‍ത്തികാണും. അതുമല്ലെങ്കില്‍ മന്ത്രിമാരാരെങ്കിലും ചോര്‍ത്തികാണും. ഇല്ലെങ്കില്‍ കാബിനറ്റ് റൂമില്‍ രഹസ്യക്യാമറ സ്ഥാപിച്ചിട്ടുണ്ടാവും. അതും ശരിയല്ലെങ്കില്‍ മന്ത്രിസഭായോഗം നടക്കുന്ന സ്ഥലത്ത് യക്ഷികിന്നര സാന്നിധ്യമുണ്ടാകും. യക്ഷികിന്നരഗന്ധര്‍വസാന്നിധ്യമുണ്ടെങ്കില്‍ വിവരങ്ങള്‍ ചോരാന്‍ സാധ്യത ഏറെയാണ്. ആരും ചോര്‍ത്താനില്ലെങ്കില്‍ യക്ഷകിന്നരാദികളെ സംശയിക്കാം. മേലിലെങ്കിലും മുഖ്യമന്ത്രിയും മന്ത്രിമാരും ശ്രദ്ധിക്കണം. മന്ത്രിസഭാ യോഗം നടക്കുന്ന സ്ഥലത്തിരുന്ന് അരുതാത്തതൊന്നും പറയരുത്. ഒപ്പം മുറിയില്‍ ഒരു പരിശോധനയും വേണം. പെന്‍ക്യാമറകളുടെ കാലമല്ലേ. കഴിയുമെങ്കില്‍ ഒരു മഹാഗണപതി ഹോമം കൂടി നടത്തിയേക്കുക. എങ്കില്‍ യക്ഷകിന്നരാദികളെ തുരത്താന്‍ കഴിയും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha