ലൗ, അറേഞ്ചിഡ് വിവാഹങ്ങളുടെ കാലം കഴിഞ്ഞോ? ഏവര്‍ക്കും പ്രിയം ഓണ്‍ലൈന്‍ വിവാഹത്തോട്, കൂടുതല്‍ സംതൃപ്‌തിയും കെട്ടുറപ്പും ഓണ്‍ലൈനിലെന്ന് പഠനം

പെണ്ണു കാണല്‍ ചടങ്ങ്, അത് ലോകത്തെവിടെയായാലും ഒരു ചടങ്ങു തന്നെയാണ്. നമ്മുടെ സംസ്‌കാരത്തില്‍ പെണ്ണു കാണല്‍ ചടങ്ങിന് വലിയ പവിത്രമായ സ്ഥാനമാണുള്ളത്. ആ ഒരു പ്രഥമ ദര്‍ശനം അതാണ് പിന്നീടുള്ള ഒരു പുരുഷായുസിനെ നിയന്ത്രിക്കുന്നത്. കാലത്തിന്റെ മാറ്റത്തില്‍ പെണ്ണു കാണല്‍ ചടങ്ങിനും പല മാറ്റങ്ങള്‍ വന്നു. ചെറുക്കന്റെ മുമ്പില്‍ നഖചിത്രമെഴുതുന്ന പെണ്‍കുട്ടികള്‍ ഇന്ന് ഓര്‍മ്മയില്‍ മാത്രം. ഓണ്‍ലൈന്‍ പ്രണയ വിവാഹങ്ങളും നമുക്കിന്ന് അന്യമല്ല. ഈയൊരു സാഹചര്യത്തിലാണ് പാശ്ചാത്യ നാടുകളിലെ പ്രത്യകിച്ചും അമേരിക്കക്കാരുടെ ഓണ്‍ലൈന്‍ വിവാഹളോടുള്ള അമിത താത്‌പര്യം നമ്മള്‍ മനസിലാക്കേണ്ടത്.
അമേരിക്കക്കാരെ സംബന്ധിച്ചടുത്തോളം ഓണ്‍ലൈനിലൂടെ ബന്ധപ്പെട്ട് വിവാഹം കഴിക്കുക എന്നത്, ഒരു അഭിമാനവും ആചാരവുമായി മാറിയിരിക്കുകയാണ്. പുരുഷനും സ്‌ത്രീയും നേരിട്ടു കണ്ട് പറഞ്ഞുറപ്പിച്ചു നടത്തുന്ന വിവാഹത്തേക്കാള്‍ കൂടുതല്‍ കെട്ടുറപ്പും വിവാഹ മോചന സാധ്യത തീരെ കുറവുള്ളതുമാണ് ഇത്തരം ഓണ്‍ലൈന്‍ വിവാഹങ്ങളെന്ന് ഗവേഷണ ഫലങ്ങളും അടിവരയിടുന്നു. ഷിക്കാഗോ സര്‍വ്വകലാശാലയിലെ സൈക്കോളജിസ്റ്റായ ജോണ്‍ കാഷിയോപ്പോയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. പ്രണയ ജോഡികളില്‍ നിന്നും ഓരോരുത്തരെ വീതം ഉള്‍ക്കൊള്ളിച്ചു കൊണ്ട് 19,131 പേരെയാണ് ഗവേഷണത്തിനായി തെരഞ്ഞെടുത്തത്.
2005നും 2012നും ഇടയ്‌ക്ക് വിവാഹിതരായ അമേരിക്കന്‍ ദമ്പതികളില്‍ നടത്തിയ പഠനമാണ് ഓണ്‍ലൈന്‍ വിവാഹത്തോടുള്ള അമേരിക്കക്കാരുടെ കമ്പം നമ്മുക്ക് മനസിലാക്കാന്‍ കഴിയുന്നത്. ആ കാലയളവില്‍ വിവാഹിതരായ മൂന്നില്‍ രണ്ടു പേരും ഇന്റര്‍നെറ്റില്‍ കണ്ടു പരിചയപ്പെട്ടു വിവാഹം കഴിച്ചവരാണ്. അറേഞ്ചിഡ് മാരേജ് ദമ്പതികളേക്കാള്‍ ഇന്റര്‍നെറ്റ് ദമ്പതികള്‍ കൂടുതല്‍ സുഖവും സന്തോഷവും അനുഭവിക്കുന്നുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. നേരിട്ടുകണ്ട് പറഞ്ഞുറപ്പിച്ച വിവാഹങ്ങളേക്കാള്‍ ഓണ്‍ലൈന്‍ ബന്ധങ്ങള്‍ക്ക് വേര്‍പിരിയാനുള്ള സാധ്യതയും കുറവാണത്രേ.
ഓണ്‍ലൈനിലൂടെ കണ്ടുമുട്ടി വിവാഹം കഴിച്ചവരില്‍ 45 ശതമാനത്തോളം പേര്‍, ആദ്യം കണ്ടുമുട്ടിയത് ഓണ്‍ലൈന്‍ ഡേറ്റിംഗ് സൈറ്റിലൂടെയാണ്. ഡേറ്റിംഗ് സൈറ്റുകളില്‍ പകുതിയോളം പേര്‍ വിവാഹം കഴിച്ചത് ഇ-ഹാര്‍മണിയിലൂടെയും മാച്ച്. കോമിലൂടെയുമാണ്.
ബാക്കിയുള്ളവര്‍ സോഷ്യല്‍ നെറ്റുവര്‍ക്ക് സൈറ്റുകളിലൂടെയും ചാറ്റിംഗിലൂടെയുമാണ് പരിചയപ്പെട്ടത്.
അറേഞ്ചിഡ് മാരേജില്‍ കണ്ടുമുട്ടലുകള്‍ നടന്ന പ്രധാന ഇടം ജോലി സ്ഥലമായിരുന്നു. 21 ശതമാനം പേര്‍ ഓഫീസ് പ്രണയത്തിലൂടെയാണ് വിവാഹം കഴിച്ചത്. സുഹൃത് ബന്ധം വഴി വിവാഹം കഴിച്ചവരാണ് രണ്ടാം സ്ഥാനത്ത്. സ്‌കൂള്‍, അമ്പലം, പള്ളി, ബാര്‍ എന്നിങ്ങനെയുള്ള സ്ഥലങ്ങളില്‍ കണ്ട് വിവാഹത്തിലെത്തിയവരും കുറവല്ല.
ഇങ്ങനെ നേരിട്ടു കണ്ടു വിവാഹം കഴിച്ചവരില്‍ 7.6 ശതമാനം പേരും വേര്‍ പിരിഞ്ഞപ്പോള്‍ ഓണ്‍ലൈന്‍ ബന്ധങ്ങളുടെ വേര്‍പിരിയല്‍ 5.9 ശതമാനം പേരാണ്. ഓണ്‍ ലൈന്‍ ബന്ധങ്ങള്‍ക്കാണ് ശക്തിയും ഭദ്രതയും കൂടുതലെന്നും ഇവര്‍ കണ്ടെത്തുന്നു. ഓണ്‍ ലൈനിലൂടെ പരിചയപ്പെടുമ്പോള്‍ പങ്കാളിയുടെ ഇഷ്‌ടാനിഷ്‌ടങ്ങളും സ്വഭാവവുമൊക്കെ അടുത്തറിയാന്‍ കഴിയും. അങ്ങനെ തനിക്ക് യോജിച്ചയാളാണോ എന്ന് കണ്ടെത്താനും കഴിയുന്നു. നേരിട്ടു കാണുമ്പോള്‍ മനസു തുറക്കാന്‍ കഴിയാത്ത പലരും ഓണ്‍ലൈനിലൂടെ എല്ലാം തുറന്നു പറയുകയും ചെയ്യുന്നു. ഇത് പരസ്‌പരം മനസിലാക്കാനും കൂടുതല്‍ അടുക്കാനും കഴിയുന്നു.
ആദ്യമായി കണ്ടുമുട്ടിയ സ്ഥലത്തിന് പ്രത്യേക പ്രാധാന്യമുള്ളതായും ഗവേഷകര്‍ കണ്ടെത്തുന്നു. പറഞ്ഞുറപ്പിച്ചവയില്‍ സ്‌കൂള്‍, പള്ളി, അമ്പലം, സാമൂഹിക, സാംസ്‌കാരിക സ്ഥലങ്ങള്‍ എന്നിവിടങ്ങളിലൂടെ കണ്ടുമുട്ടി വിവാഹം കഴിച്ചവര്‍ക്ക് കൂടുതല്‍ സംതൃപ്‌തി ഉള്ളതായി പറയുന്നു. എന്നാല്‍ ജോലിസ്ഥലം, കുടുംബം, ബാര്‍ എന്നിവിടങ്ങളിലൂടെ അടുത്തവര്‍ ഏറ്റവും അസംതൃപതരുമാണ്.
ഇന്റര്‍നെറ്റിലൂടെ കണ്ടുമുട്ടിയവരില്‍ ഡേറ്റിംഗുകളിലൂടെ പരിചയപ്പെട്ടവര്‍ ഏറ്റവും സംതൃപതരാകുമ്പോള്‍ ചാറ്റുറൂമുകളിലൂടെ കണ്ടുമുട്ടിയവര്‍ക്കാകട്ടെ ഏറ്റവും അസംതൃപ്‌തിയുമുണ്ട്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും നമ്മുടെ സമൂഹത്തിലും ഓണ്‍ലൈന്‍ വിവാഹങ്ങള്‍ക്ക് പഞ്ഞമില്ല. പക്ഷേ അതിലുമുണ്ടാകണം ഒരു മലയാളി ടച്ചെന്നു മാത്രം. ഏത് ഓണ്‍ലൈനില്‍ വേണമോ കണ്ടു മുട്ടിക്കോ, എങ്കിലും നമ്മള്‍ അതങ്ങ് പിടിച്ച് അറേഞ്ചിടാക്കും. അതെ, ഓണ്‍ലൈന്‍ അറേഞ്ചിഡ് മാരേജ്.
https://www.facebook.com/Malayalivartha