ശബരിറെയില്‍ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചേക്കും

ശബരിറയില്‍ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചേക്കും. റെയില്‍ പാതക്ക് വേണ്ടി സ്ഥലം ഏറ്റെടുക്കാന്‍ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകള്‍ കാരണമാണ് പദ്ധതി ഉപേക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. നേരത്തെ ഭൂമി ഏറ്റെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തിയിരുന്നു. 515 ഹെക്ടര്‍ ഭൂമിയാണ് ശബരി റെയിലിനു വേണ്ടി ആവശ്യമുള്ളത്.
എറണാകുളം ജില്ലയില്‍ അങ്കമാലി, നെടുമ്പാശ്ശേരി, മറ്റൂര്‍, വടക്കുംഭാഗം, ചേലാമറ്റം വില്ലേജുകളില്‍ മാത്രമാണ് ഭൂമി ഏറ്റെടുപ്പ് പൂര്‍ത്തിയാക്കിയത്. അങ്കമാലി മുതല്‍ കാലടി വരെയുള്ള എട്ട് കിലോമീറ്റര്‍ പാതയാണ് ഇതുവരെ പൂര്‍ത്തിയാക്കിയിട്ടുള്ളത്. കോട്ടയം, ഇടുക്കി ജില്ലകളില്‍ സ്ഥലം ഏറ്റെടുപ്പ് തുടങ്ങിയിട്ടു പോലുമില്ല.
ഭൂമി ഏറ്റെടുക്കുന്നതിനെതിരെ തദ്ദേശവാസികള്‍ കോടതിയെ സമീപിച്ചതോടെയാണ് ശബരിറെയില്‍ പദ്ധതിയുടെ താളം തെറ്റിയത്. 1200ലധികം വീടുകള്‍ ശബരി റയിലിനു വേണ്ടി പൊളിച്ചുമാറ്റേണ്ടിവരും. കോട്ടയം ജില്ലയില്‍ ധാരാളം കൃഷിയിടങ്ങള്‍ നശിപ്പിക്കേണ്ടി വരും. ഭൂമി ഏറ്റെടുക്കാന്‍ ഇറക്കിയ വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. പുതിയ വിജ്ഞാപനമിറക്കാനുള്ള സാധ്യതയാണ് മങ്ങിയിരിക്കുന്നത്.
ശബരി റെയിലിനു വേണ്ടി പരിസ്ഥിതി ആഘാതപഠനം നടത്തിയിട്ടില്ലെന്ന് പരാതിപ്പെട്ടാണ് നാട്ടുകാര്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസ് ഇപ്പോള്‍ ഹരിത ട്രൈബ്യൂണലിന്റെ മുമ്പിലാണ്. 17 വര്‍ഷത്തോളം വൈകിയ പദ്ധതിയാണ് ശബരി റെയില്‍. അതു കൊണ്ടു തന്നെ ആദ്യം മുതല്‍ ആരംഭിക്കേണ്ടിയിരിക്കുന്നു.
കോട്ടയം ജില്ലക്കാരാണ് പ്രധാന തടസ്സം ഉന്നയിച്ചിരിക്കുന്നത്. കൃഷിയിടങ്ങള്‍ നശിക്കുമെന്ന പരാതിയാണ് കോട്ടയം ജില്ലക്കാര്‍ പ്രധാനമായും ഉന്നയിക്കുന്നത്. അതേസമയം സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും പദ്ധതി നടപ്പിലാക്കുമെന്നു തന്നെയാണ് കേന്ദ്ര റെയില്‍മന്ത്രി സുരേഷ് പ്രഭുവിന്റെ തീരുമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























