തിരുവഞ്ചൂരും സുകുമാരന്‍നായരും തെറ്റിയ രഹസ്യം ആദ്യമായി പുറത്തേക്ക്

വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായരും തമ്മില്‍ ഇടയാനുള്ള കാരണമെന്ത്? നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ജീവാത്മാവും പരമാത്മാവുമായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെ ഒരു സുപ്രഭാതത്തില്‍ തള്ളിപറഞ്ഞത് എന്തുകൊണ്ട്? ആര്‍ക്കുമറിയാത്ത ആ രഹസ്യം ഇതാദ്യമായി പുറത്തു വരുന്നു.
തിരുവഞ്ചൂരിന് കോട്ടയം നിയമസഭാ സീറ്റ് വാങ്ങികൊടുത്തത് സുകുമാരന്‍ നായരാണ്. തിരുവഞ്ചൂരിനെ റവന്യൂ മന്ത്രിയാക്കിയതും സുകുമാരന്‍ നായരാണ്. കോട്ടയത്തേക്ക് പോകുന്ന വഴിയില്‍ ദിവസം ഒരു തവണ ചങ്ങനാശ്ശേരിയില്‍ കയറി മണിചേട്ടനെന്ന സുകുമാരന്‍നായരെ മുഖം കാണിക്കും. നായര്‍ സര്‍വ്വീസ് സൊസൈറ്റിക്ക് റവന്യൂവകുപ്പില്‍ നിന്നുമുള്ള ആവശ്യങ്ങളെല്ലാം തിരുവഞ്ചൂര്‍ നിര്‍ബാധം നടത്തികൊടുക്കുകയും ചെയ്‌തു.
ഇതിനിടയിലാണ് രമേശ് ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം സുകുമാരന്‍നായര്‍ ഉന്നയിച്ചത്. രണ്ട് നായന്‍മാര്‍ തമ്മില്‍ ചേരുന്നതെങ്ങനെ? തിരുവഞ്ചൂരും ഉമ്മന്‍ചാണ്ടിയും ചേര്‍ന്ന് സുകുമാരന്‍നായരുടെ തന്ത്രം പൊളിക്കാന്‍ തീരുമാനിച്ചു. ഉമ്മന്‍ചാണ്ടിയുമായി താന്‍ കമ്പനിയാണെന്ന കാര്യം എന്തുകൊണ്ടോ തിരുവഞ്ചൂര്‍ സുകുമാരന്‍നായരില്‍ നിന്നും മറച്ചുവച്ചു.
ചെന്നിത്തലയുടെ മോഹം തകര്‍ക്കാന്‍ നായര്‍ സമുദായംഗമായ തിരുവഞ്ചൂരിനെ ആഭ്യന്തരമന്ത്രിയാക്കാന്‍ ഉമ്മന്‍ചാണ്ടി തീരുമാനിച്ചു. ഇക്കാര്യം തിരുവഞ്ചൂരിനെ അറിയിക്കുകയും ചെയ്‌തു.
എന്നാല്‍ ഇതെല്ലാം രഹസ്യമായി സൂക്ഷിച്ചശേഷം തിരുവഞ്ചൂര്‍ ചങ്ങനാശ്ശേരിയിലെത്തി സുകുമാരന്‍ നായരെ കണ്ടു. തന്റെ റവന്യൂവകുപ്പ് ഉമ്മന്‍ചാണ്ടി എടുത്തുമാറ്റാന്‍ ശ്രമിക്കുകയാണെന്നും അതിന് തടയിടണമെന്നുമായിരുന്നു ആവശ്യം.
തിരുവഞ്ചൂര്‍ പെരുന്ന വിട്ടയുടനെ സുകുമാരന്‍ നായര്‍ ഉമ്മന്‍ചാണ്ടിയെ ഫോണില്‍ വിളിച്ച് തിരുവഞ്ചൂരിന്റെ വകുപ്പ് മാറ്റരുതെന്ന് ആവശ്യപ്പെട്ടു. അപ്പോള്‍ ഉമ്മന്‍ചാണ്ടി ചോദിച്ചു, റവന്യൂവിനേക്കാള്‍ നല്ല വകുപ്പാണെങ്കിലോ? സാരമില്ലെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. അന്നു അര്‍ദ്ധരാത്രി ഉമ്മന്‍ചാണ്ടി വീണ്ടും സുകുമാരന്‍ നായരെ വിളിച്ചു.
തിരുവഞ്ചൂരിന് ആഭ്യന്തരം കൊടുക്കാന്‍ തീരുമാനിച്ചു. മറുപടിയൊന്നും പറയാതെ സുകുമാരന്‍നായര്‍ ഫോണ്‍ വച്ചു. രമേശിനെ വെട്ടാനുള്ള പരിപാടിയാണെന്ന് സുകുമാരന്‍ നായര്‍ മനസ്സിലാക്കി.
ഫോണ്‍ കട്ടാവുന്നതിനുമുമ്പ് ഇക്കാര്യം തിരുവഞ്ചൂരിനോട് പറഞ്ഞോ എന്നും ചോദിച്ചു സുകുമാരന്‍ നായര്‍. പറഞ്ഞു എന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി
തിരുവഞ്ചൂരിന്റെ ഫോണ്‍ കാത്ത് സുകുമാരന്‍ നായര്‍ ഇരുന്നു. നേരം പുലര്‍ന്നു. പതിനൊന്ന് മണിയായി. ടെലിവിഷനില്‍ ഫ്‌ളാഷ് ന്യൂസ് വരുന്നതുവരെയും തിരുവഞ്ചൂര്‍ സുകുമാരന്‍നായരെ വിളിച്ചില്ല. തിരുവഞ്ചൂരിന്റെ പ്രസന്നമായ മുഖം ടി.വിയില്‍ തെളിഞ്ഞിട്ടും തിരുവഞ്ചൂര്‍ സുകുമാരന്‍ നായരെ വിളിച്ചില്ല.
ഉച്ച തിരിഞ്ഞ് മൂന്നു മണിക്ക് തിരുവഞ്ചൂരിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് സുകുമാരന്‍ നായരെ വിളിച്ച് ആഭ്യന്തരമന്ത്രിക്ക് പെരുന്നയില്‍ വരാന്‍ അപ്പോയിന്‍മെന്റ് ചോദിച്ചു. തിരുവഞ്ചൂരല്ല വൈകുണ്‌ഠം പരമേശ്വരനായാലും പെരുന്നയില്‍ കയറില്ലെന്ന് സുകുമാരന്‍ നായര്‍ മറുപടിയും പറഞ്ഞു. ഇതിനിടയില്‍ കോട്ടയത്തെ പത്രക്കാര്‍ക്ക് വിവരം ചോര്‍ന്നു കിട്ടി. അവര്‍ വന്നു കണ്ടപ്പോള്‍ തിരുവഞ്ചൂരിനെ ആഭ്യന്തരമന്ത്രിയാക്കിയത് തന്നോട് ചോദിച്ചിട്ടില്ലെന്നും തിരുവഞ്ചൂരിന് ആഭ്യന്തരം കിട്ടിയത് എന്‍എസ്‌എസിന്റെ നേട്ടമല്ലെന്നും പെരുന്നയില്‍ തിരുവഞ്ചൂരിനെ കയറ്റില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
തലേന്ന് രാത്രി അറിഞ്ഞ വിവരം മന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതു വരെ തന്നില്‍ നിന്നും മറച്ചുവച്ചതിലുള്ള പ്രതിഷേധമാണ് സുകുമാരന്‍ നായര്‍ കാണിച്ചത്. തിരുവഞ്ചൂരിന്റെ ആഭ്യന്തര മന്ത്രി പദം തെറിപ്പിക്കാന്‍ അന്ന് സുകുമാരന്‍ നായര്‍ തീരുമാനിച്ചതാണ്.
എന്നാല്‍ ആഭ്യന്തരമന്ത്രിയാവുമെന്ന കാര്യം നേരത്തെ സുകുമാരന്‍ നായര്‍ അറിഞ്ഞിരുന്നെങ്കില്‍ സ്ഥാനം ഏറ്റെടുക്കാന്‍ തനിക്ക് കഴിയില്ലെന്നായിരുന്നു തിരുവഞ്ചൂരിന്റെ പേടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha