എലിപ്പനിക്കെതിരേ ജാഗ്രത പുലർത്തുക

എലിപ്പനി അഥവാ വീല്‍സ് ഡിസീസ് എന്ന സാംക്രമിക രോഗം പകർത്തുന്നത് ലെപ്റ്റോസ്പൈറ രോഗാണുക്കളാണ്.മൃഗങ്ങളിളിൽ നിന്നാണ് ഈ രോഗാണുക്കൾ മനുഷ്യരിലേക്ക് പകരുന്നത്. കേരളത്തില്‍ എലികളിലാണ് ഈ രോഗാണുക്കളെ കൂടുതലായി കണ്ടുവരുന്നത്. എലിമൂത്രത്താല്‍ അശുദ്ധമായ ജലം, മണ്ണ്, ഫലങ്ങൾ , ആഹാരം എന്നിവയിലൂടെ രോഗാണുക്കള്‍ മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നു. മലിന ജലത്തില്‍ കുളിക്കുകയോ ചെളിയിലും വെള്ളക്കെട്ടുകളിലും പണിയെടുക്കുകയോ രോഗാണു കലര്‍ന്ന ആഹാരം, വെള്ളം എന്നിവ ഉപയോഗിക്കുകയോ ചെയ്യുന്നവര്‍ക്ക് രോഗം വരാനുള്ള സാധ്യതയുണ്ട്.മനുഷ്യവാസപ്രദേശങ്ങളിൽ മാലിന്യങ്ങൾ കൂടിക്കിടക്കുന്നത് ഒഴിവാക്കുക. ഇത്തരം മാലിന്യങ്ങളിലാണ് എലികൾ പെറ്റുപെരുകുന്നത്
രോഗ ലക്ഷണങ്ങള്‍
രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ ശരാശരി 10 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. പെട്ടന്നുള്ള പനി, തലയുടെ മുന്‍ഭാഗങ്ങളിലും കണ്ണുകള്‍ക്ക് ചുറ്റിലും ശക്തിയായ വേദന, ഇടുപ്പിലും കണങ്കാലിലുമുള്ള മാംസപേശികളില്‍ വേദന, കണ്ണിന് ചുവപ്പുനിറം തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. മഞ്ഞപ്പിത്തം, ദേഹത്ത് രക്തം പൊടിയല്, എന്‍കഫലൈറ്റിസ്, വൃക്ക തകരാര്‍ തുടങ്ങിയ രോഗ ലക്ഷണങ്ങളും കാണപ്പെടുന്നു.
തക്കസമയത്ത് രോഗനിര്‍ണയം നടത്തി ചികിത്സിച്ചാല്‍ എലിപ്പനി ഭേദമാക്കാന്‍ സാധിക്കും. എന്നാൽ രോഗം വന്നു ചികിൽസിക്കുന്നതിനേക്കാൾ എളുപ്പം രോഗം വരാതെ നോക്കുക എന്നതാണ്. അതിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ.
* വെളളം കെട്ടിനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കുക
*കുളങ്ങൾ വൃത്തിയാക്കി സൂക്ഷിക്കുക. ഇടയ്ക്കിടെ കുളത്തിലെ വെളളത്തിന്റെ ശുദ്ധി ഉറപ്പുവരുത്തുക. നീന്തൽക്കുളങ്ങളിൽ മാലിന്യം കലരാതിരിക്കാൻ കരുതൽ നടപടികൾ സ്വീകരിക്കുക.
*ജലസ്രോതസുകൾ വൃത്തിയായി സൂക്ഷിക്കുക. പൊട്ടാസ്യം പെർമാംഗനേറ്റ് , ബ്ലീച്ചിംഗ് പൗഡർ എന്നിവ ഉപയോഗിച്ചു ജലം അണുവിമുക്തമാക്കുക.
* കുട്ടികൾ കളിക്കുന്ന ഇടങ്ങളിൽ നിന്നു വളർത്തുമൃഗങ്ങളുടെ സാന്നിധ്യം ഒഴിവാക്കുക.
*കൃഷിയിടങ്ങളിൽ പ്രവർത്തിക്കുമ്പോൾ കാലുറകളും കൈയുറകളും ധരിക്കുക. കൈകാലുകളിൽ മുറിവുകളുണ്ടെങ്കിൽ അത് ഉണങ്ങുന്നതുവരെ ചെളിവെളളത്തിലിറങ്ങരുത്.
*കൃഷിയിടങ്ങളിൽ പണിയെടുക്കുമ്പോൾ ചെറുകുളങ്ങളിലെ കെട്ടിക്കിടക്കുന്ന വെളളത്തിൽ കൈയും മുഖവും കഴുകുന്നത് ഒഴിവാക്കുക.
*കുടിക്കാൻ തിളപ്പിച്ചാറിയ വെളളം മാത്രം ഉപയോഗിക്കുക. കിണറുകളിലും കുളങ്ങളിലും ക്ലോറിനേഷൻ നടത്തുക.
*കെട്ടിക്കിടക്കുന്ന ജലത്തിൽ ഇറങ്ങിനടക്കുന്നത് ഒഴിവാക്കുക.
*എലികളെ നശിപ്പിക്കുക. എലികൾ വളരുന്നതിനു സഹായകമായ സാഹചര്യം ഒഴിവാക്കുക.
*ഹോട്ടലുകൾ, ബേക്കറികൾ, ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്ന ഗോഡൗണുകൾ, വില്‍ക്കുന്ന കടകൾ എന്നിവിടങ്ങളിൽ എലികൾ വിഹരിക്കുന്ന സാഹചര്യം ഒഴിവാക്കുക. ഭക്ഷ്യവസ്തുക്കൾ അടച്ചു സൂക്ഷിക്കുക
*കെട്ടിക്കിടക്കുന്ന വെളളത്തിൽ ചവിട്ടാനിടയായാൽ അണുനാശിനി ചേർത്ത വെളളത്തിൽ കാൽ കഴുകുക.
*പുറത്തു സഞ്ചരിക്കുമ്പോൾ ഉപയോഗിക്കുന്ന പാദരക്ഷകൾ വീടിനുളളിൽ ഉപയോഗിക്കരുത്.
* കൈകാലുകളിൽ മുറിവുകളുണ്ടായാൽ ബാൻഡേജ് ചെയ്ത് സൂക്ഷിക്കുക.
https://www.facebook.com/Malayalivartha



























