ലേബര്‍ റൂമിലെ ടെന്‍ഷന്‍ വിട, ഗര്‍ഭിണികളുടെ ആശങ്കകള്‍ ഇല്ലാതാക്കാന്‍ പ്രസവമുറിയില്‍ കൂട്ട് പദ്ധതി
ഇനി ലേബര്‍ റൂമില്‍ ഗര്‍ഭിണികള്‍ക്ക് ആശങ്ക വേണ്ട. പ്രസവമുറിയിലെ മാനസികപിരിമുറുക്കം കുറയ്ക്കാനും ഗര്‍ഭിണികളിലെ ആശങ്കകള്‍ ഇല്ലാതാക്കാനുമായി പ്രസവമുറിയില്‍ കൂട്ട് പദ്ധതി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പാക്കുന്നു. അരക്ഷിതസമയത്ത് വേണ്ടപ്പെട്ട ഒരാള്‍ കൂടെനില്‍ക്കുന്നത് മനഃസാന്നിധ്യം കൂട്ടുമെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണിത്. ഗര്‍ഭിണിയോടൊപ്പം പ്രസവമുറിയില്‍ ഭര്‍ത്താവ്, മാതാവ്, ഭര്‍തൃമാതാവ്, സഹോദരി എന്നിവരില്‍ ഒരാള്‍ക്ക് കൂടെനില്ക്കാന് സൗകര്യം നല്‍കുന്നതാണ് പദ്ധതി.
പ്രസവത്തിന്റെ ഏതുഘട്ടത്തില്‍ ഇവരുടെ സാമീപ്യം വേണമെന്ന് ഗര്‍ഭിണിക്ക് തീരുമാനിക്കാം.പ്രസവത്തിന്റെ നാലുഘട്ടങ്ങളിലും ഒപ്പംനില്‍ക്കാനുള്ള സാഹചര്യവുമൊരുക്കും. അതേസമയം, നിര്‍ദേശിക്കുന്ന ഘട്ടം പൂര്‍ത്തിയാകുന്നതിനുമുമ്പ് ഇവര്‍ക്ക് പുറത്തുപോകാന്‍ കഴിയില്ല. മുറിയില്‍ നിര്‍ത്തുന്നതിനുമുമ്പ് കൗണ്‍സലിങ് നല്‍കും. പ്രസവസമയത്ത് എന്താണ് സംഭവിക്കുന്നത്, അപകടസാധ്യതകള്‍, വിവിധഘട്ടങ്ങളെക്കുറിച്ചുള്ള വീഡിയോ ദൃശ്യങ്ങള്‍, ആദ്യ കരച്ചില് എന്നിവ ഇതില്‍ പ്രതിപാദിക്കും. കൂടാതെ, പ്രസവസമയത്ത് മുറിയിലുള്ള ജീവനക്കാര്‍ സ്പോട്ട് കൗണ്‍സലിങ്ങും നല്‍കും.
കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യ (പ്രസവമുറി നിലവാരം മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍) കൊണ്ടുവരുന്നതിന്റെ മുന്നോടിയാണിത്. മാതൃമരണ നിരക്ക് കുറയ്ക്കുകയെന്നതാണ് പ്രധാന ലക്ഷ്യം. രണ്ടുവര്‍ഷം മുമ്പ് അരികെ എന്ന പേരില്‍ പുനലൂര്‍ താലൂക്കാശുപത്രിയിലാണ് ഇതാരംഭിച്ചത്. ഈ വര്‍ഷം പാരിപ്പിള്ളി മെഡിക്കല്‍ കോളേജിലും തുടങ്ങി. തൈക്കാട്, കോഴിക്കോട് വനിതാ ശിശുപരിചരണ ആശുപത്രികള്‍, തിരുവനന്തപുരം ശ്രീ അവിട്ടം തിരുനാള്‍ ആശുപത്രി എന്നിവിടങ്ങളില്‍ ഉടന്‍ പദ്ധതി ആരംഭിക്കും. വരുംവര്‍ഷങ്ങളില്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പാക്കും.
https://www.facebook.com/Malayalivartha