ഇത് മൂന്നാമത്തേത്... യുഎസിലെ ആദ്യ ജനനേന്ദ്രിയ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം

യുഎസിലെ ആദ്യത്തേതും ലോകത്തിലെ മൂന്നാമത്തേയും ജനനേന്ദ്രിയ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം. അര്‍ബുദ ബാധയെ തുടര്‍ന്ന് ജനനേന്ദ്രിയം നഷ്ടപ്പെട്ട 64കാരനായ തോമസ് മാനിംഗ് എന്നയാളിലാണ് ശസ്ത്രക്രിയ നടത്തിയത്. ബോസ്റ്റണിലെ മാസാച്യൂസെറ്റ്സ് ജനറല്‍ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. പതിനഞ്ച് മണിക്കൂറോളം നീണ്ടു നിന്ന ശസ്ത്രക്രിയ വിജയകരമായിരുന്നെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
മരിച്ച ഒരാളില്‍ നിന്നാണ് തോമസ് മാനിംഗിന് ആവശ്യമായ ജനനേന്ദ്രിയം കണ്ടെത്തിയത്. മരിച്ച വ്യക്തിയുടെ ജനനേന്ദ്രിയം മാനിംഗിന്റെ ശരീരവുമായി യോജിക്കുമെന്ന് പരിശോധനകളില്‍ വ്യക്തമായതോടെ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കുകയായിരുന്നെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പുതിയ ജനനേന്ദ്രിയവുമായി അധികം വൈകാതെ തന്നെ മാനിംഗിന് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാനാകുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
അര്‍ബുദ ബാധയെ തുടര്‍ന്ന് 2012 മുതല്‍ മാനിംഗിന്റെ ജനനേന്ദ്രിയം പ്രവര്‍ത്തനരഹിതമായിരുന്നു. അപൂര്‍വം ചിലരില്‍ മാത്രം കണ്ടു വരുന്ന പെനൈല്‍ ക്യാന്‍സറാണ് തോമസിനെയും ബാധിച്ചത്.
2006 ചൈനയിലാണ് ലോകത്തിലെ ആദ്യത്തെ ജനനേന്ദ്രിയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. എന്നാല്‍ അവയവം മാറ്റിവയ്ക്കപ്പെട്ടയാള് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പിന്നീട് ജനനേന്ദ്രിയം നീക്കം ചെയ്തു. പിന്നീട് ദക്ഷിണാഫ്രിക്കയില്‍ ഒരു 21കാരനിലാണ് ജനനേന്ദ്രിയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha