ഇന്ന് ലോക എയ്ഡ്‌സ് ദിനം: മരുന്നുകളുടെ കൃത്യമായ ഉപയോഗം വഴി എച്ച് ഐ വി നിയന്ത്രണത്തിന് വഴിയൊരുങ്ങുന്നു, രോഗബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നതായി കണക്കുകള്‍

ഇന്ന് ലോക എയ്ഡ്‌സ് ദിനം. എയ്ഡ്‌സ് എന്ന മഹാവിപത്തിന് അടിമപ്പെടാതിരിക്കുന്നതിനും രോഗം ബാധിച്ചവര്‍ക്ക് പര്യാപ്തമായ ചികിത്സ നല്‍കുന്നതിനെ കുറിച്ച് ലോകത്തെ ബോധാവാന്മാരാക്കുന്നതിനും വേണ്ടിയാണ് ലോകാരോഗ്യസംഘടന ഓരോ വര്‍ഷവും ഡിസംബര്‍ ഒന്ന് എയ്ഡ്‌സ് ദിനമായി ആചരിക്കുന്നത്.എച്ച് ഐ വി പ്രതിരോധത്തിന് ഓരോ പൗരനും മുന്‍കൈ എടുക്കണം എന്നതാണ് ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ 27ാം വാര്‍ഷികദിനമായ ഇന്ന് ലോകം പിന്തുടരുന്ന ആശയം.
രോഗബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നതായുള്ള കണക്കുകളും മരുന്നുകളുടെ കൃത്യമായ ഉപയോഗം വഴി എച്ച് ഐ വി നിയന്ത്രണത്തിന് വഴിയൊരുങ്ങുന്നതും കൂടുതല്‍ പ്രത്യാശ നല്‍കുന്നു.
എയ്ഡ്‌സ് എന്ന ഭീകരതയെ നേരിടാന്‍ മനുഷ്യരാശിയെ പ്രാപ്തരാക്കുന്നതിനും എയ്ഡ്‌സ് വ്യാപകമാകുന്നത് തടയുന്നത് ലക്ഷ്യമിട്ടും 1988ലാണ് ഡിസംബര്‍ ഒന്ന് എയ്ഡ്‌സ് ദിനമായി ആചരിക്കാന്‍ ലോകാരോഗ്യസംഘടനയും, ഐക്യരാഷ്ട്രസഭയും മുന്നോട്ട് വന്നത്. ഹ്യുമന്‍ ഇമ്മ്യൂണോ വൈറസ് (എച്ച്.ഐ.വി) ശരീരത്തിലേക്ക് കടക്കുന്നത് വഴി മനുഷ്യന് രോഗ പ്രതിരോധശേഷി നഷ്ടപ്പെടുകയും തത്ഫലമായി മറ്റു മാരക രോഗങ്ങളുടെ പിടിയിലകപ്പെടുകയും ചെയ്യുന്ന ഭീതികരമായ അവസ്ഥയാണ് അല്ലെങ്കില്‍ സിന്‍ഡ്രോം ആണ് എയ്ഡ്‌സ്. അക്വയേഡ് ഇമ്മ്യൂണ്‍ ഡെഫിഷ്യന്‍സി സിന്‍ഡ്രോം എന്നതിന്റെ ചുരുക്കരൂപമാണ് എയ്ഡ്‌സ്.
1984ല്‍ അമേരിക്കന്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ റോബര്‍ട്ട് ഗാലോയാണ് എയ്ഡ്‌സ് രോഗാണുവിനെ ആദ്യമായി കണ്ടെത്തിയത്. മനുഷ്യരാശിയ്ക്ക് ഭീഷണിയായ എച്ച്.ഐ.വി. വൈറസ് ബാധിച്ച് ലോകത്ത് നാല് കോടിയോളം പേര്‍ ജീവിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ പുതിയ കണക്ക്. ഇവരില്‍ 2.4 ലക്ഷം പേര്‍ കുട്ടികളാണ്. കൂടാതെ എയ്ഡ്‌സ് ബാധിതരിലെ 80 ശതമാനവും 15 നും 49 നും ഇടയില്‍ പ്രായമുള്ളവരാണ് എന്നതാണ് ഈ മാരകരോഗം ഇന്ന് ലോകത്തിനുണ്ടാക്കിയ ദുരവസ്ഥ. അതേസമയം, കൃത്യ സമയത്തെ രോഗനിര്‍ണ്ണയവും ചിട്ടയായ പ്രതിരോധപ്രവര്‍ത്തനങ്ങളും 2005 മുതല്‍ 2013 വരെ എയ്ഡ്‌സ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ 40 ശതമാനത്തോളം കുറവ് വരുത്താനും സാധിച്ചിട്ടുണ്ട് എന്നതും നേട്ടമാണ്.
ഹ്യൂമന്‍ ഇമ്യൂണോ ഡെഫിഷ്യന്‍സി വൈറസ് അഥവാ എച്ച് ഐ വി രോഗ പ്രതിരോധ ശേഷി കുറച്ച് ശരീരത്തെ ദുര്‍ബലമാക്കുന്നതാണ് ഈ വൈറസ്. കേരളത്തില്‍ നാല്പതിനായിരത്തിലേറെ രോഗബാധിതരുണ്ട്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം സ്വവര്‍ഗരതി, ഒരേ സിറിഞ്ചുകളുപയോഗിച്ചുള്ള ലഹരി ഉപയോഗം ,ശരിയായ പരിശോധനകളില്ലാതെ രക്തസ്വീകരണം രോഗബാധിതയായ അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് വൈറസ് വരുന്ന വഴികളാണിവ. എന്നാല്‍ മുട്ടിയുരുമ്മിയിരുന്നാലോ മൂത്രം വിയര്‍പ്പ് തുപ്പല്‍ കണ്ണീര്‍ തുടങ്ങിയ ശരീര സ്രവങ്ങളിലൂടെയോ കൊതുകു കടിച്ചോ രോഗം പകരില്ല. പൂര്‍ണ്ണമായും സുഖപ്പെടുത്താന്‍ കഴിയില്ലെങ്കിലും ശരിയായ ചികിത്സയിലൂടെ വൈറസിനെ നിയന്ത്രിക്കാം. പുതിയതായി രോഗബാധ കണ്ടെത്തുന്നവരുടെ എണ്ണത്തിലുണ്ടായ കുറവ് ഇന്ത്യയില്‍ 36 ശതമാനമെങ്കില്‍ കേരളത്തില്‍ 67 ശതമാനമാണെന്നതും പ്രത്യാശ പകരുന്നു.
എയ്ഡ്‌സ് പകരുന്ന വഴികള്‍, അവയ്ക്കുള്ള പ്രതിരോധ മാര്‍ഗങ്ങള്‍, ചികിത്സ എന്നിവയെക്കുറിച്ച് ലോക ജനതയ്ക്ക് അവബോധമുണ്ടാക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കുക, എയ്ഡ്‌സ് പോരാട്ടത്തില്‍ രാജ്യാന്തരസഹകരണം ഉറപ്പുവരുത്തുക എന്നിവയാണ് എയ്ഡ്‌സ് ദിനാചരണത്തിന്റെ ലക്ഷ്യങ്ങള്‍. എയ്ഡ്‌സിനെക്കുറിച്ച് ബോധവാനാണ് എന്ന് സൂചിപ്പിച്ചു കൊണ്ടാണ് അന്നേ ദിവസം എല്ലാവരും ചുവന്ന റിബണ്‍ അണിയുന്നത്. മനുഷ്യാവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട്, എച്ച്.ഐ.വി നിയന്ത്രണം, അണുബാധിതര്‍ക്കുള്ള ചികിത്സ, സംരക്ഷണം, പിന്തുണ എന്നിവ എല്ലാവര്‍ക്കും പ്രാപ്യമാക്കുക കൂടി ഈ ദിനം ലക്ഷ്യമിടുന്നു.
https://www.facebook.com/Malayalivartha