പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്തുന്ന രീതി ഇങ്ങനെ!

വളരെ കൃത്യതയോടും ശ്രദ്ധയോടും കൂടിയ സമഗ്രമായ മൃതദേഹ പരിശോധന നടത്തി മരണകാരണവും മരണരീതിയും കണ്ടുപിടിക്കുന്ന ശാസ്ത്രീയ പരിശോധനയാണ് പോസ്റ്റ്‌മോര്‍ട്ടം. മരിച്ച ആളെ തിരിച്ചറിയുക, മരണ സമയം കണ്ടുപിടിക്കുക എന്നിവയും പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലൂടെ അറിയാന്‍ കഴിയും.
പോലീസ് അന്വേഷണത്തെ സഹായിക്കാനാവശ്യമായ തെളിവുകള്‍ ശേഖരിക്കുക, മരണകാരണം കണ്ടുപിടിക്കാനാവശ്യമായ രാസ പരിശോധനക്കും ആന്തരാവയവ പരിശോധനക്കും വേണ്ട സാമ്പിളുകള്‍ ശേഖരിക്കുക എന്നതും പോസ്റ്റ്‌മോര്‍ട്ടം പരിശോധനയുടെ ഭാഗമാണ്.
ജനന സമയത്ത് മരിച്ചതായി കാണപ്പെടുന്ന കുട്ടികളുടെ ശരീരം പരിശോധിച്ച് മരണകാരണം കണ്ടെത്താറുണ്ട്. പ്രസവ സമയത്താണോ,അതിന് മുന്‍പാണോ അതോ ജനിച്ചതിന് ശേഷമാണോ മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലൂടെ മാത്രമേ കണ്ടെത്താന്‍ സാധിക്കുകയുള്ളൂ. ജനിതക വൈകല്യങ്ങള്‍ മൂലം മരിച്ച കുട്ടികളുടെ മരണകാരണം കണ്ടുപിടിച്ചാല്‍ ചിലപ്പോള്‍ അടുത്ത ഗര്‍ഭധാരണ സമയത്ത് പല കാര്യങ്ങളിലും കരുതല്‍ സ്വീകരിക്കാന്‍ സാധിക്കും.
പോസ്റ്റ് മോര്‍ട്ടം പരിശോധന നടത്തുന്ന രീതി...ബാഹ്യമായി കാണുന്ന മുറിവുകള്‍, മരണാനന്തരം ശരീരത്തിന്റെ ത്വക്കിലും പേശികളിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവ ബാഹ്യ പരിശോധനയിലൂടെ രേഖപ്പെടുത്തുന്നു. അതിനു ശേഷം ശരീരത്തിന്റെ മധ്യഭാഗത്തായി ശസ്ത്രക്രിയക്ക് സമാനമായ രീതിയില്‍ കീഴ്ത്താടി മുതല്‍ വയറിനടിഭാഗം വരെ നീളുന്ന ഒരു മുറിവുണ്ടാക്കി ആന്തരാവയവങ്ങളെല്ലാം പുറത്തെടുക്കുന്നു. ഇതിനോടൊപ്പം തലയോട്ടി തുറന്ന് തലച്ചോറും പുറത്തെടുക്കുന്നു. എന്നാല്‍ ചില അവസരങ്ങളില്‍ ഇത്രയും പരിശോധനകളില്‍ നിന്നും മരണ കാരണം വ്യക്തമാകുകയില്ല. അങ്ങിനെയുള്ള സാഹചര്യങ്ങളില്‍ എല്ലാ അവയവങ്ങളുടെയും ചെറിയ ഭാഗങ്ങള്‍ മൈക്രോസ്‌കോപ്പിക്ക് പരിശോധനക്കായി ശേഖരിക്കുകയും പാത്തോളജി വിഭാഗത്തിലേക്കയക്കുകയും ചെയ്യും. അതോടൊപ്പം തന്നെ ആമാശയവും കുടലിന്റെ ഭാഗങ്ങളും രക്തം, മൂത്രം എന്നിവയും ശേഖരിക്കുകയും രാസപരിശോധനക്കായി അയക്കുകയും ചെയ്യും. ഇവയുടെ ഫലം കൂടി ലഭിച്ചതിന് ശേഷം മാത്രമേ ഇത്തരം കേസുകളില്‍ മരണ കാരണം വ്യക്തമാക്കുകയുള്ളൂ.
മരണം സ്വാഭാവികമാണോ അസ്വാഭാവികമാണോ (അപകട മരണം, കൊലപാതകം, ആത്മഹത്യ) എന്നത് ഇങ്ങനെ കണ്ടെത്തുന്നു. മരണ രീതി കണ്ടെത്താനായി അപൂര്‍വ്വം ചില കേസുകളില്‍ ക്രൈം സീന്‍ സന്ദര്‍ശനം അത്യാവശ്യമാണ്.
കാലപ്പഴക്കം ചെല്ലുമ്പോള്‍ മൃതദേഹം ജീര്‍ണ്ണിക്കുമെന്നറിയാമല്ലോ. ഇങ്ങനെ ജീര്‍ണ്ണിക്കുന്ന അവസ്ഥയിലുള്ള വ്യത്യാസങ്ങള്‍ കണക്കിലെടുത്താണ് മരണം സംഭവിച്ചിട്ട് എത്ര സമയമായി എന്ന് കണ്ടുപിടിക്കുന്നത്. ബാഹ്യമായ വ്യത്യാസങ്ങളും ആന്തരാവയവങ്ങളിലെ മാറ്റങ്ങളും കണക്കിലെടുത്താണ് ഈ സമയം കണ്ടെത്തുക.
സമയക്രമം...
സാധാരണ ഒരു മണിക്കൂറാണ് പോസ്റ്റ്‌മോര്‍ട്ടം പരിശോധനക്ക് ആവശ്യമായി വരിക. എന്നിരുന്നാലും കൊലപാതകം, പ്രത്യേക ശ്രദ്ധ വേണ്ട കേസുകള്‍ എന്നിവയില്‍ 3 മണിക്കൂര്‍ വരെ സമയം എടുക്കാവുന്നതാണ്. കേരളത്തില്‍ രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് നാല് മണി വരെ ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ പോസ്റ്റ്‌മോര്‍ട്ടം പരിശോധനക്കായി സ്വീകരിക്കുകയുള്ളു. പലപ്പോഴും പല സാഹചര്യങ്ങളിലും പകല്‍ വെളിച്ചം പരിശോധനക്ക് അനിവാര്യമാണ്. പകല്‍ വെളിച്ചത്തിലെ നിറ വ്യത്യാസം കണക്കിലാക്കിയാണ് മുറിവുകളുടെയും മറ്റും പ്രായം കണക്കാക്കുന്നത്. പരിക്കുകളുടെ പ്രായം മനസ്സിലാക്കുന്നത് പല കൊലപാതക കേസുകളിലും വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്.
കേരളത്തില്‍ 24 മണിക്കൂറും പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്തണം എന്ന സര്‍ക്കാര്‍ ഉത്തരവ് 2015-ല്‍ ഇറങ്ങി, എങ്കിലും ഹൈക്കോടതി ആ ഉത്തരവ് മരവിപ്പിച്ചിരുന്നു. ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും പകല്‍ മാത്രമേ പരിശോധന അനുവദിച്ചിട്ടുള്ളൂ.
ആരാണ് പോസ്റ്റ്‌മോര്‍ട്ടം പരിശോധന ചെയ്യേണ്ടത്?...
പലപ്പോഴും വിവാദമാകുന്ന ഒരു വിഷയമാണിത്. ഈ അടുത്ത കാലത്ത് പെരുമ്പാവൂര്‍ കേസില്‍ വിവാദമായത് ഇതായിരുന്നു. എം.ഡി. ഫൊറന്‍സിക്ക് മെഡിസിന്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ എം.ബി.ബി.എസ് ബിരുദം കരസ്ഥമാക്കിയ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന അല്ലെങ്കില്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്താന്‍ അനുവാദമുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്താം.
https://www.facebook.com/Malayalivartha