ഗുണമറിഞ്ഞ് പണി തുടങ്ങാം

ആവശ്യത്തിനനുസരിച്ച് ഗുണനിലവാരമുള്ള നിര്‍മാണ സാമഗ്രികള്‍ വിപണിയില്‍ ലഭ്യമായിക്കൊള്ളണമെന്നില്ല. അപ്പോഴാണ് മായവും ഗുണനിലവാരമില്ലാത്തവയും വിപണയിലെത്തുക. ഇവ ഉപയോഗിച്ചാല്‍ കെട്ടിത്തിന്റെ ബലക്ഷയമായിരിക്കും ഫലം. നിര്‍മാണസാമഗ്രികളുടെ ഗുണനിലവാരമറിയാന്‍ സഹായിക്കുന്ന ചില വിദ്യകളിതാ.
സിമന്റ്
സിമന്റിലെ മായം അറിയാന്‍, ഒരു ഗ്‌ളാസ് തെളിഞ്ഞ വെള്ളത്തില്‍ അല്‍പം സിമന്റിടുക. വെള്ളത്തില്‍ താഴ്ന്നുപോവാതെ ഉപരിതലത്തില്‍ എന്തെങ്കിലും അവശേഷിക്കുന്നുവെങ്കില്‍ മായമുണ്ടാവാന്‍ സാധ്യതയുണ്ട്. സിമന്റിലടങ്ങിയ കണികകളുടെ വലുപ്പം കുറയും തോറും അതിന്റെ ബലം കൂടും. നിലവാരമുള്ള കമ്പനികളുടെ സിമന്റ് ഉപയോഗിക്കുകയും ഒരേ കമ്പനിയുടേത് ഉപയോഗിക്കുകയും ചെയ്യുക. പഴകിയ സിമിന്റുപയോഗിച്ച് നിര്‍മാണപ്രവര്‍ത്തനം നടത്താതിരിക്കുക.വ്യാവസായിക ഉല്‍പന്നങ്ങളാണ് സിമന്റില്‍ മായമായി ചേര്‍ക്കുക. ഇത് തിരിച്ചറിയാന്‍ പലപ്പോഴും രാസപരിശോധന തന്നെയാണ് ആശ്രയം.
കമ്പി
തെര്‍മോ മെക്കാനിക്കലി ട്രീറ്റഡ് (ടി.എം.ടി) കമ്പികളാണ് വിപണിയില്‍ കൂടുതലും ലഭിക്കുന്നത്. പുറംഭാഗത്ത് കാഠിന്യം കുറഞ്ഞ ഈ കമ്പികള്‍ കോണ്‍ക്രീറ്റിനു വളരെയധികം ഉപയോഗിക്കുന്നു. റീസൈക്കിള്‍ ചെയ്ത കമ്പി ധാരാളമായി വിപണിയിലെത്തുന്നുണ്ട്. നിലവാരമുള്ള കമ്പിക്കൊപ്പം കൂട്ടിക്കലര്‍ത്തിയാണ് ഇവ വില്‍ക്കുക. വളച്ചുനോക്കിയാല്‍ത്തന്നെ അവ ഇത്തരത്തില്‍ റീസൈക്കിള്‍ ചെയ്തതാണോയെന്ന് തിരിച്ചറിയാം. ഗുണനിലവാരമുള്ള കമ്പി പെട്ടെന്ന് വളയുന്നതാണെങ്കില്‍ റീസൈക്കിള്‍ഡ് കമ്പിക്ക് കൂടുതല്‍ ദൃഢത അനുഭവപ്പെടും. കമ്പിപ്പണിക്കാര്‍ക്ക് ഇതിന്റെ വ്യത്യാസം എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയും. ഒരേ സ്ഥലത്ത് ഒന്നിലേറെ തവണ വളക്കുമ്പോള്‍ പൊട്ടുന്നുവെങ്കില്‍ നിലവാരമില്ലാത്തതാണെന്ന് ഉറപ്പിക്കാം.അളവിലും തൂക്കത്തിലും കൃത്രിമം ശ്രദ്ധിക്കുക.
മണല്‍
ആറ്റുമണല്‍ സാധിക്കുമെങ്കില്‍ കഴുകി ഉപയോഗിക്കുന്നതാണ് നല്ലത്.എം സാന്‍ഡ് അഥവാ മാനുഫാക്‌ചേഡ് സാന്‍ഡ് തെരഞ്ഞെടുക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. 2.3 മില്ലി വലുപ്പമുള്ള കണികകളാണ് പ്‌ളാസ്റ്ററിങ്ങിന് ഉപയോഗിക്കേണ്ടത്. ഭിത്തികെട്ടുന്നതിനും മറ്റും 4.75 മീറ്റര്‍ വലുപ്പമുള്ള കമ്പികള്‍ വരെ ഉപയോഗിക്കാം.രാസപദാര്‍ഥങ്ങള്‍ കലര്‍ന്ന മണല്‍ നിര്‍മാണത്തിനുപയോഗിക്കരുത്. കടല്‍ത്തീരത്തു നിന്നു ലഭിക്കുന്ന മണലില്‍ ക്‌ളോറൈഡ് അടങ്ങിയിരിക്കും. കോണ്‍ക്രീറ്റിന് ഈ മണല്‍ ഉപയോഗിച്ചാല്‍ കമ്പികള്‍ പെട്ടെന്ന് തുരുമ്പിക്കും. ചളിയുള്ളവ കോണ്‍ക്രീറ്റിനുപയോഗിക്കരുത്.
ഇഷ്ടിക
പാടങ്ങളില്‍നിന്നുള്ള ചളി ഉപയോഗിച്ച് നിര്‍മിക്കുന്ന ഇഷ്ടികകളാണ് കൂടുതല്‍ നല്ലത്. അതില്‍ വയര്‍കട്ട് ഇഷ്ടികകള്‍ കൂടുതല്‍ ബലം നല്‍കും.സിമന്റിഷ്ടികകളും ഹോളോബ്രിക്‌സും തെരഞ്ഞെടുക്കുമ്പോള്‍ അവയുടെ ഗുണനിലവാരം പ്രത്യേകം ഉറപ്പുവരുത്തുക.നന്നായി വെന്ത ചുടുകട്ടയാണെങ്കില്‍ കൈകൊണ്ടു തട്ടുമ്പോള്‍ തന്നെ മണിമുഴക്കം പോലൊരു ശബ്ദം കേള്‍ക്കും. കൂടാതെ, എല്ലാവശത്തും ചുവന്ന നിറവും ഉണ്ടായിരിക്കും.
വെട്ടുകല്ല്
മണ്ണിന്റെ ഏറ്റവും മുകളില്‍നിന്ന് വെട്ടിയെടുക്കുന്ന കല്ലുകള്‍ ഒഴിവാക്കണം. വെള്ള മണ്‍കുത്തുകളുള്ള ഭാഗവും ഒഴിവാക്കുന്നതാണ് നല്ലത്. പ്രതലത്തില്‍നിന്ന് പാളികളായി അടര്‍ന്നുപോകാത്ത കല്ലുകള്‍ വേണം തെരഞ്ഞെടുക്കാന്‍. ചെത്തിമിനുക്കിയ കല്ലുകള്‍ക്ക് മുകളില്‍ പോളിയൂറിത്തീന്‍ കല്ലുകള്‍ കോട്ടു ചെയ്യുന്നത് നല്ലതാണ്. ഒരു ക്വാറിയില്‍ നിന്നുതന്നെയുള്ള കല്ലുകള്‍ ഉപയോഗിച്ചാല്‍ ഭിത്തിയുടെ നിരപ്പിലുള്ള വ്യത്യാസം കുറയും.
തടി
കടുപ്പത്തെയും ദൃഢതയെയും ആശ്രയിച്ചാണ് തടിയുടെ ഗുണനിലവാരം. മരം വാങ്ങി അറുപ്പിച്ചാണ് ഉരുപ്പടികള്‍ പണിയിക്കുന്നതെങ്കില്‍ വാങ്ങും മുമ്പ് ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിവുള്ളവരുടെ സഹായം തേടുക.ഫര്‍ണിച്ചര്‍ പണിക്ക് ഒറ്റത്തടിയായുള്ള മരങ്ങള്‍ തെരഞ്ഞെടുക്കുകയാണ് നല്ലത്.വെള്ളഭാഗം കുറവുള്ള തടികള്‍ തെരഞ്ഞെടുക്കണം.
https://www.facebook.com/Malayalivartha