കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് അറബ് രാഷ്ട്രം; വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം കൂട്ടി, കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം

കൊറോണ വ്യാപനം നൽകിയ തിരിച്ചടിയിൽ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് ഗൾഫ് രാജ്യങ്ങൾ. കൊവിഡ് മഹാമാരിയെ ചെറുക്കാൻ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ മാസങ്ങൾ നീണ്ട് നിന്നതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് ആഴ്ന്നുപോയത്. വ്യവസായ - വാണിജ്യ മേഖലകളിൽ ഉണ്ടായ തിരിച്ചടി രൂക്ഷമായിരുന്നു. മാത്രമല്ല പ്രവാസികളുടെ മടങ്ങിപ്പോക്ക് വ്യവസായ മേഖലയിൽ ഉണ്ടായ പ്രതിസന്ധിക്ക് ആക്കം കൂട്ടി. വിസ ചട്ടങ്ങളിലടക്കം ഇളവുകൾ നൽകി പ്രവാസികളെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ ഗൾഫ് രാജ്യങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
ഇപ്പോഴിതാ കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍. വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം കൂട്ടി. തുറസ്സായ സ്ഥലങ്ങളില്‍ 120 പേര്‍ക്കും ഹാളിനകത്ത് 80 പേര്‍ക്കും പങ്കെടുക്കാമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി.അതേസമയം, കൊവിഡ് പെരുമാറ്റച്ചട്ടങ്ങളായ മാസ്‌ക്ക് ധാരണം, കൈകളുടെ ശുചീകരണം, സാമൂഹ്യ അകലം പാലിക്കല്‍, ഇഹ്തിറാസ് മൊബൈല്‍ ആപ്പ് ആക്ടിവേറ്റ് ചെയ്യല്‍ തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടു വേണം ചടങ്ങുകള്‍ സംഘടിപ്പിക്കാനെന്നും നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകി.
അതോടൊപ്പം തന്നെ ജനങ്ങള്‍ കൊവിഡ് നിയന്ത്രണങ്ങളുമായി നല്ല രീതിയില്‍ സഹകരിക്കുന്നതിനാലാണ് രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം വലിയ തോതില്‍ നിയന്ത്രിച്ചു നിര്‍ത്താനായത്. ജനങ്ങള്‍ എത്രമാത്രം കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കുന്നുവോ അതിനനുസൃതമായിട്ടായിരിക്കും വിവിധ മേഖലകളില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കുകയെന്നും മന്ത്രാലയം വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























