തീരുമാനമെടുക്കാനാകാതെ ഗൾഫ് പ്രവാസികൾ; സൗദി, കുവൈറ്റ് ഉൾപ്പടെയുള്ള പല രാജ്യങ്ങളും വിമാന സർവീസുകൾ നിർത്തിയത് ഒരാഴ്ചത്തേക്ക്, ട്രാവൽ ഏജൻസികളിലും എയർലൈൻസ് ഓഫിസിലും കൃത്യമായ ഉത്തരമില്ല

ബ്രിട്ടനിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് പെട്ടെന്നുണ്ടായ തിരിച്ചടിയിൽ യാത്രകളിലടക്കം തീരുമാനമെടുക്കാനാകാതെ ഗൾഫ് പ്രവാസികൾ. വിവാഹം ഉൾപ്പെടെയുള്ള പ്രധാന കാര്യങ്ങൾക്കു നാട്ടിൽ പോകാനിരുന്നവർക്കാണ് നിലവിലുള്ള വിലക്ക് ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുന്നത്.
സൗദി, കുവൈറ്റ് ഉൾപ്പടെയുള്ള പല രാജ്യങ്ങളും ഒരാഴ്ചത്തേക്കാണ് വിമാന സർവീസുകൾ നിർത്തിവച്ചത്. എങ്കിലും ഇതിലും അനിശ്ചിതത്വം നിലനിൽക്കുന്നു. ക്വാറന്റീൻ ചട്ടങ്ങളിലടക്കം ഇന്ത്യ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമോയെന്നതും ആശങ്കയുണ്ടാക്കുകയാണ്. യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് മേഖലയിൽ കോവിഡ് വ്യാപനം കുറഞ്ഞു വരുന്നതിനിടെയാണ് ഞെട്ടൽ ഉളവാകുന്ന പുതിയ റിപ്പോർട്ടുകൾ പുറത്തു വരുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് ഒരു വർഷം മുൻപ് മാറ്റിവയ്ക്കേണ്ടി വന്ന മകളുടെ വിവാഹം നടത്താൻ അടുത്തമാസം പോകാനൊരുങ്ങുന്ന കണ്ണൂർ തളിപ്പറമ്പ് സ്വദേശി സി.പി.ഗോവിന്ദൻകുട്ടിയും ഇത്തരത്തിൽ ആശങ്കയിലാണ്. മാത്രമല്ല ഇദ്ദേഹത്തെ പോലെ തന്നെ നിരവധിപേരും ആശങ്കയിലാണ്.
ഇതേതുടർന്ന് ട്രാവൽ ഏജൻസികളിലും എയർലൈൻസ് ഓഫിസിലും ബന്ധപ്പെട്ടെങ്കിലും കൃത്യമായ ഉത്തരമില്ല. യാത്ര മുടങ്ങുമോയെന്നറിയാനും മറ്റും തിങ്കളാഴ്ച മുതൽ നിരന്തരം ഫോൺ വരുകയാണെന്ന് ട്രാവൽ ഏജൻസി ജീവനക്കാർ വ്യതമാക്കുകയുണ്ടായി. അടുത്ത ബന്ധുക്കളുടെ വിവാഹത്തിനു പോകാനൊരുങ്ങുന്നവരും ഇക്കൂട്ടത്തിൽ ഏറെയാണ്. കുടുംബത്തെ ഒന്നോ രണ്ടോ മാസത്തേക്കു സന്ദർശക വീസയിൽ കൊണ്ടുവരുന്നവരാണ് മറ്റൊരു വിഭാഗത്തിൽപെടുന്നത്. വരാൻ പറ്റുമോ, വന്നാൽ മടങ്ങാനാവുമോ, വീണ്ടും ലോക് ഡൺ ഉണ്ടാകുമോ എന്നിങ്ങനെ സംശയങ്ങൾ നീളുകയാണ്.
കഴിഞ്ഞവർഷം അവധിക്കു നാട്ടിൽ പോകാത്ത വലിയൊരു വിഭാഗം വരുംമാസങ്ങളിൽ പോകാനൊരുങ്ങുന്നതായാണ് ലഭ്യമാകുന്ന വിവരം. മുൻകരുതലെന്ന നിലയ്ക്കുള്ള താൽക്കാലിക നിയന്ത്രണമാകാനാണ് സാധ്യതയെന്നും വാക്സീൻ ഇറങ്ങിയതിനാൽ കാര്യങ്ങൾ കൈവിട്ടുപോകില്ലെന്നുമുള്ള പ്രതീക്ഷയിൽ കഴിയുകയാണ് ഇവർ.
https://www.facebook.com/Malayalivartha

























