ലോക്ക് ഡൗണിൽ പുതുവഴി സ്വീകരിച്ച് സൗദി; മിന്നും നേട്ടം കരസ്ഥമാക്കി ഗൾഫ് മേഖല, കൊവിഡ് വ്യാപനം രൂക്ഷമായ കഴിഞ്ഞ ഒന്‍പത് മാസത്തിനിടയില്‍ രാജ്യത്ത് ആരംഭിച്ചത് 36,447 ഇ-ഷോപ്പുകൾ

കൊറോണ വ്യാപനം മൂലം ലോകം മുഴുവനും വീടിനുള്ളിൽ ആയപ്പോൾ കുതിച്ചുയരുന്നത് ഓൺലൈൻ സേവനങ്ങൾ ആയിരുന്നു. ഗൾഫ് മേഖലയും അത്തരത്തിൽ മിന്നും നേട്ടമാണ് കരസ്ഥമാക്കിയത്. ഇത്തരത്തിൽ സൗദിയിലെ ആയിരക്കണക്കിന് റീട്ടെയില്‍ ഔട്ട്‌ലെറ്റുകളെ ഓണ്‍ലൈന്‍ വഴിയിലേക്ക് തിരിച്ചുവിടുകയുണ്ടായി. അതോടൊപ്പം ഡിജിറ്റല്‍ പെയ്‌മെന്റ് രീതികളിലേക്കും അവ മാറുകയും ചെയ്തു. കൊവിഡ് വ്യാപനം രൂക്ഷമായ കഴിഞ്ഞ ഒന്‍പത് മാസത്തിനിടയില്‍ രാജ്യത്ത് 36,447 ഇ-ഷോപ്പുകളാണ് നിലവില്‍ വന്നതെന്ന് സൗദി വാണിജ്യമന്ത്രി മാജിദ് ബിന്‍ അബ്ദുല്ല അല്‍ ഖസബി ഏവർക്കും മുന്നിൽ വ്യക്തമാക്കുകയുണ്ടായി. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 171 ശതമാനം വളര്‍ച്ചയാണ് ഈ രംഗത്ത് ഉണ്ടായത് എന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടേണ്ടി വന്ന ഭക്ഷണ-പാനീയ സ്ഥാപനങ്ങളില്‍ പലതും തങ്ങളുടെ ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടി ഹോംഡെലിവറി സംവിധാനത്തിലേക്കും ഡിജിറ്റല്‍ പെയ്‌മെന്റിലേക്കും തിരിഞ്ഞതായും അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗണ്‍ പ്രതിസന്ധി മറികടക്കുന്നതിന് സ്വകാര്യ മേഖലയെ സഹായിക്കാന്‍ 218 ബില്യന്‍ സൗദി റിയാലാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. കമ്പോളത്തില്‍ സാധനങ്ങളുടെ വില പിടിച്ചുനിര്‍ത്താനും സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനും സാധിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ രാജ്യത്തെ ഭക്ഷ്യസാധനങ്ങളുടെ കരുതല്‍ ശേഖരത്തെ കൊവിഡ് വ്യാപനം എങ്ങനെ ബാധിക്കുമെന്നതായിരുന്നു പ്രധാനപ്പെട്ട ആശങ്കകളിലൊന്ന്. കാരണം രാജ്യത്തിനാവശ്യമായ ഭക്ഷ്യസാധനങ്ങളുടെ 75 ശതമാനവും മറ്റു രാജ്യങ്ങളില്‍ നിന്നുവരുന്നതാണ് എന്നും പറയുകയുണ്ടായി. കൊവിഡ് കാരണം ആവശ്യത്തിന് സാധനങ്ങള്‍ കയറ്റി അയക്കാന്‍ ബന്ധപ്പെട്ട രാജ്യങ്ങള്‍ക്ക് കഴിയാതെ വന്നാല്‍ അത് വലിയ പ്രതിസന്ധിക്ക് ഇടവരുത്തുമായിരുന്നു. എന്നാല്‍ മറ്റു വഴികളിലൂടെ പ്രതിസന്ധി മറികടക്കാന്‍ രാജ്യത്തിന് സാധിച്ചതായും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























