പ്രവാസികൾ ജാഗ്രത; ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബഹ്‌റൈനിലും കണ്ടെത്തി

കൊറൊണ വൈറസ് വകഭേദം വന്നകാര്യം ലോകത്തെ ഞെട്ടിച്ച വാർത്തയായിരുന്നു.., പലയിടങ്ങളിലും ജനിതകമാറ്റം സംഭവിച്ച കൊറോണവൈറസ് കണ്ടെത്തുകയുണ്ടായി. എന്നാൽ പ്രവാസികൾ ജാഗ്രത. കാരണം ബഹറിനിലും ഇത് കണ്ടെത്തിയിരിക്കുകയാണ്. ജനിതകമാറ്റം വന്ന പുതിയ കൊറോണ വൈറസ് ബഹ്റൈനിലും കണ്ടെത്തിയതിനെത്തുടർന്ന് നിയമങ്ങൾ കർക്കശമാക്കാൻ അധികൃതർ തീരുമാനിച്ചു. ഇതനുസരിച്ചു അടുത്ത മൂന്നാഴ്ചക്കാലത്തേക്കു ജാഗ്രത വേണമെന്നും രാജ്യത്തെ പൗരന്മാരും വിദേശികളും ഇതിനോട് സഹകരിക്കണമെന്നും നാഷണൽ ടാസ്ക് ഫോഴ്സ് അധികൃതർ വാർത്ത സമ്മേളനത്തിൽ അഭ്യർഥിച്ചു.
ഇതിന്റെ ഭാഗമായി ജനുവരി 31 മുതൽ മൂന്നാഴ്ചക്കാലത്തേക്കു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ അധ്യയനം മാത്രമായിരിക്കും അനുവദിക്കുകയെന്നും നേരിട്ടുള്ള അധ്യയനം നിർത്തിവെക്കണമെന്നും നാഷണൽ ടാസ്ക് ഫോഴ്സ് സാരഥി ലെഫ് കെർണൽ മനാഫ് അൽ കഹ്ത്താനി അഭ്യർഥിച്ചു. കിന്റർ ഗാർട്ടൻ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇത് ബാധകമായിരിക്കും. റെസ്റ്റോറന്റുകൾക്കും നിയന്ത്രണങ്ങൾ ബാധകമാണ്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജനുവരി 31 മുതൽ മൂന്നാഴ്ചക്കാലത്തേക്കു റെസ്റ്റോറന്റുകളിലും കഫെകളിലും അകത്തു ഭക്ഷണം നൽകുന്നത് നിർത്തിവെക്കണം. ജനങ്ങൾ ഇതിനോട് സഹകരിക്കണം. അത്യാവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്. ബന്ധുക്കളെ സന്ദർശിക്കുന്നതുൾപ്പെടെയുള്ള കൂടിച്ചേരലുകൾ ഒഴിവാക്കണം.
മാസ്ക് ധരിക്കാതെ പുറത്തിറങ്ങരുത്. ഓഫീസുകളിലും വ്യവസായ, വാണിജ്യ സ്ഥാപനങ്ങളിലും മാസ്ക് ധരിക്കണം. സാമൂഹിക അകലം പാലിക്കലും മാസ്ക് ധരിക്കലും പ്രതിരോധ മാർഗങ്ങളിൽ പ്രധാനപ്പെട്ടവയാണ്. ഈ മാസം ഇതുവരെയായി 8901 പേർക്കെതിരെയാണ് പ്രതിരോധമാർഗങ്ങൾ പാലിക്കാതിരുന്നതിനു നിയമനടപടി സ്വീകരിച്ചിട്ടുള്ളത്. ഇനിയുള്ള ദിവസങ്ങളിലും പരിശോധനകൾ വർധിപ്പിക്കാനാണ് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്. അതിനാൽ അശ്രദ്ധയും അലംഭാവവും ഒഴിവാക്കി എല്ലാവരും പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവർത്തിച്ചു.
ജനുവരിയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം വർധിച്ചത് തികച്ചും പൊതുജനങ്ങളുടെ നിസ്സഹകരണം മൂലം മാത്രമാണെന്ന് ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. വലീദ് അൽ മനീയ വ്യക്തമാക്കി. എന്നാൽ ആശങ്കാകുലരാകേണ്ടതില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എല്ലാ ആരോഗ്യ നടപടികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ മന്ത്രാലയം ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് റെസ്റ്റോറന്റുകൾ, കഫേകൾ, ബ്യൂട്ടി സലൂണുകൾ, ബാർബർ ഷോപ്പുകൾ, ജിമ്മുകൾ എന്നിവയിൽ പരിശോധന കർശനമാക്കും.
വ്യാവസായിക, വാണിജ്യ സ്ഥാപനങ്ങളിലും പരിശോധന നടത്തുമെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും ഡോ. വലീദ് മുന്നറിയിപ്പു നൽകി. രജിസ്റ്റർ ചെയ്ത രോഗികൾക്ക് വാക്സിനേഷൻ സ്റ്റോക്കുകൾക്ക് അനുസൃതമായി അവരുടെ ഡോസുകൾ ലഭിക്കുമെന്ന് ഉറപ്പു നൽകുന്നു. എല്ലാവരും പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണം. ഇനിയും കോവിഡ് വാക്സിനേഷൻ എടുക്കാത്തവർ മുന്നോട്ടു വന്നു പേരുകൾ രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ഷെഡ്യൂൾ ചെയ്ത തീയതികൾക്കനുസരിച്ച് വാക്സിനേഷൻ ഇറക്കുമതി ചെയ്യുന്നത് വാക്സിൻ രണ്ടാം ഡോസ് സ്വീകരിക്കുന്നവരെ ബാധിക്കില്ല
രോഗബാധിതരുടെ എണ്ണം കുറയുമ്പോൾ പ്രതിരോധ മാർഗ്ഗങ്ങളിൽനിന്ന് പിന്തിരിയുന്നത് ശരിയായ പ്രവണതയല്ലെന്നും രോഗവ്യാപനം തടയേണ്ടത് സമൂഹത്തിന്റെ കർത്തവ്യമാണെന്ന ബോധത്തോടെ പ്രവർത്തിക്കണമെന്നും സൽമാനിയ മെഡിക്കൽ കോംപ്ലക്സ് പ്രതിനിധി ഡോ. ജമീല അൽ സൽമാൻ അറിയിച്ചു. രാജ്യത്തു നിലവിൽ 3312 പേർ മാത്രമാണ് ചികിത്സയിലുള്ളത്. ഇതിൽ 20 പേരൊഴിച്ചു എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. ഇതുവരെയായി 97,006 പേർ രോഗമുക്തി നേടിയെന്നും അവർ കൂട്ടിച്ചേർത്തു.
പ്രവാസികൾ കരുതലോടെ മുന്നോട്ട് പോകുക.
https://www.facebook.com/Malayalivartha