എയർഇന്ത്യ വിമാനത്തിൽ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻ കുറവ്; ദുബായിൽനിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ സെക്ടറുകളിലേക്കു നികുതി ഉൾപ്പെടെ നിരക്ക് പകുതിയായി കുറച്ചു

പ്രവാസികൾക്ക് ആശ്വാസം നൽകിയുള്ള വാർത്തയാണ് പുറത്ത് വരുന്നത്. ദുബായിൽനിന്ന് എയർഇന്ത്യ വിമാനത്തിൽ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻ കുറവാണ് ഏർപ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ സെക്ടറുകളിലേക്കു നികുതി ഉൾപ്പെടെ 310 ദിർഹമാണ് ഏറ്റവും കുറഞ്ഞ നിരക്ക്. ഇതിലൂടെ 30 കിലോ ബാഗേജും ഡ്യൂട്ടി ഫ്രീ സാധനങ്ങൾ അടക്കം 8 കിലോ ഹാൻഡ് ബാഗേജും അനുവദിക്കുന്നതാണ്.
ഈ മാസം തുടക്കത്തിൽ 700 ദിർഹമുണ്ടായിരുന്ന വൺവേ നിരക്കാണ് ഇപ്പോൾ പകുതിയായി കുറഞ്ഞിരിക്കുന്നത്. ബിസിനസ് ക്ലാസ്സിനു 1230 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. 40 കിലോ ബാഗേജും 12 കിലോ ഹാൻഡ് ബാഗേജും കൊണ്ടുപോകാൻ സാധിക്കുന്നതാണ്. ഇതോടൊപ്പം തന്നെ ഇക്കണോമി, ബിസിനസ് ക്ലാസ്സ് യാത്രകളിൽ ലാപ്ടോപും കയ്യിൽ കരുതാമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. മാർച്ച് 31 വരെ ഏതാണ്ട് ഇതേ നിരക്കു തുടരുംമെന്നാണ് സൂചന. ഇന്ത്യ–യുഎഇ എയർ ബബ്ൾ കരാറനുസരിച്ച് തിങ്കളാഴ്ചകളിൽ ദുബായിൽനിന്ന് കൊച്ചിയിലേക്കും ഞായറാഴ്ചകളിൽ കൊച്ചിയിൽനിന്ന് ദുബായിലേക്കുമാണ് നിലവിൽ എയർ ഇന്ത്യ സർവീസുകൾ ഷെഡ്യുൾ ചെയ്തിട്ടുണ്ട്.
അതോടൊപ്പം തന്നെ ബുധനാഴ്ചകളിൽ ദുബായിൽനിന്ന് കോഴിക്കോട്ടേക്കും വെള്ളിയാഴ്ചകളിൽ കോഴിക്കോടുനിന്ന് ദുബായിലേക്കും സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ദുബായിൽനിന്ന് തിരുവനന്തപുരത്തേക്കു ചൊവ്വാഴ്ചയും കണ്ണൂരിലേക്കു ഞായറാഴ്ചകളിലുമാണ് സർവീസ് ഉള്ളത്. ഇവിടങ്ങളിൽ നിന്ന് എയർഇന്ത്യയിൽ മടക്ക യാത്ര ഉണ്ടാകുന്നതല്ല. തിരുവനന്തപുരത്തേക്ക് ഡ്രീംലൈനർ വിമാനമാണ് സർവീസ് നടത്തുന്നത്. 18 ബിസിനസ് ക്ലാസ്സും 235 ഇക്കണോമി ക്ലാസ്സും അടക്കം 253 പേർക്കു രാജകീയമായി യാത്ര ചെയ്യാൻ സാധിക്കുന്നതാണ്. എന്നാൽ ദുബായിൽനിന്ന് കേരളത്തിലേക്കുള്ള യാത്രയ്ക്ക് ആർടി പിസിആർ ടെസ്റ്റ് നിർബന്ധമിെല്ലന്നും എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha


























