'പ്രവാസികള്‍ കബളിപ്പിക്കപ്പെടുന്ന സ്ഥിതി! ഗതികെട്ട പ്രവാസികളെ പി.സി.ആര്‍ ടെസ്റ്റിന്‍റെ പേരില്‍ കൊള്ളയടിക്കുന്നത് പോരാഞ്ഞിട്ടാണ് വിമാന യാത്രാ നിരക്കില്‍ അനീതി കാണിക്കുന്നത്. ഈ വിഷയത്തില്‍ ആരും പ്രതികരിക്കാത്തത് വല്ലാതെ ആശ്ചര്യപ്പെടുത്തുന്നുണ്ട്...' വിമാനനിരക്കിൽ വിമർശനം ഉന്നയിച്ച് അഷ്‌റഫ് താമരശ്ശേരി
കൊറോണ വ്യാപനം നൽകിയ പ്രതിസന്ധികൾ പിന്നിട്ട് ഗൾഫ് രാഷ്ട്രങ്ങൾ ഉണരുകയാണ്. വിലക്കുകൾ നീക്കി ആകാശവാതിലുകൾ തുറന്നു. അങ്ങനെ ദുബായ് എക്സ്പോ ആരംഭിച്ചതോടുകൂടി യുഎഇയിലേക്ക് യാത്രക്കാരുടെ കുത്തൊഴുക്കാണ്. ഇപ്പോൾ ടിക്കറ്റിന് ലണ്ടനിലേക്കുള്ള യാത്രയേക്കാൾ കൂടുതൽ തുക നൽകേണ്ടി വരുന്ന സാഹചര്യം. എന്നിട്ടും വിമാനടിക്കറ്റുകൾ കിട്ടാക്കനിയാണ്. ഇതിനെതിരെ പൊട്ടിത്തെറിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ദുബായിലെ സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി...
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
വിമാന യാത്രാ നിരക്ക് കാലങ്ങളായി പ്രവാസികള്‍ കബളിപ്പിക്കപ്പെടുന്ന വിഷയമാണ് . കേന്ദ്ര സംസ്ഥാന മന്ത്രിമാരടക്കമുള്ള നേതാക്കള്‍ ഗള്‍ഫില്‍ എത്തുമ്പോള്‍ ഈ വിഷയത്തില്‍ നിരക്ക് കുറക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നുള്ള നിരവധി വാഗ്ദാനങ്ങള്‍ പ്രവാസികള്‍ കേട്ട് മടുത്തു. പ്രവാസികള്‍ക്ക് യാത്രക്ക് ഏറ്റവും ആവശ്യമായ സമയത്ത് വിമാന നിരക്ക് അങ്ങേയറ്റം ഉയര്‍ത്തി കൊള്ള നടത്തുകയാണ് പതിവ്. എന്ത് കൊണ്ടാണ് ഗള്‍ഫ് പ്രവാസികളോട് മാത്രം വിവേചനം കാണിക്കുന്നത് ...?
ഇപ്പോള്‍ നാട്ടില്‍ നിന്ന് യു.എ.ഇയിലേക്ക് മുപ്പതിനായിരം രൂപയോടടുത്താണ് ഈടാക്കുന്നത്. വെറും മൂന്നര മണിക്കൂര്‍ യാത്രാ ദൈര്‍ഘ്യമുള്ള ഗള്‍ഫിലേക്ക് ഈ നിരക്ക് ഈടാക്കുമ്പോള്‍ ഇതിന്‍റെ ആറിരട്ടി യാത്രാ ദൈര്‍ഘ്യമുള്ള മറ്റു പല സ്ഥലങ്ങളിലേക്കും ഇതിലും കുറവ് നിരക്കാണ് വിമാന കമ്പനികള്‍ ഈടാക്കുന്നത്. ഇതില്‍ നിന്നും നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത് കൃത്യമായ വിവേചനമാണ്. ഗള്‍ഫ് പ്രവാസികളോടുള്ള നിന്ദ്യമായ വിവേചനം. ഇതേ റൂട്ടില്‍ തിരിച്ച് ഈടാക്കുന്ന നിരക്കിന്‍റെ അഞ്ചിരട്ടിയോളമാണ് നാട്ടില്‍ നിന്നും ഇപ്പോള്‍ ഈടാക്കുന്നത്.
ജോലിയില്ലാതെ വരുമാനമില്ലാതെ നാട്ടില്‍ കഴിഞ്ഞ പ്രവാസികള്‍ പ്രതീക്ഷയുടെ മോഹവും പേറി മറുകര പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ കാലില്‍ പിടിച്ചു വലിക്കുന്നത് പോലെയാണ് ഈ നടപടി. എന്ത് കൊണ്ടാണ് ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ കക്ഷികള്‍ ഈ വിഷയത്തില്‍ പ്രതികരിക്കാത്തത് എന്ന് ചിന്തിച്ചു പോവുകയാണ്. നാട്ടില്‍ എന്തെങ്കിലും ദുരന്തം വന്നുപോയാല്‍ ഉടനെ പ്രവാസികളുടെ മുന്നിലേക്ക് കൈനീട്ടാന്‍ മടിക്കാത്ത രാഷ്ട്രീയക്കാര്‍ ഈ വിഷയത്തിലും ഒളിച്ചു കളിക്കുകയാണ്.
ഗതികെട്ട പ്രവാസികളെ പി.സി.ആര്‍ ടെസ്റ്റിന്‍റെ പേരില്‍ കൊള്ളയടിക്കുന്നത് പോരാഞ്ഞിട്ടാണ് വിമാന യാത്രാ നിരക്കില്‍ അനീതി കാണിക്കുന്നത്. ഈ വിഷയത്തില്‍ ആരും പ്രതികരിക്കാത്തത് വല്ലാതെ ആശ്ചര്യപ്പെടുത്തുന്നുണ്ട്. പ്രവാസികള്‍ എല്ലാ കാലത്തും കറവപ്പശുക്കളാക്കരുത് എന്നാണു എനിക്ക് പറയുവാനുള്ളത്.
Ashraf Thamarasery
https://www.facebook.com/Malayalivartha


























