കുവൈത്തിൽ 60 വർഷത്തിലേറെയായി നിലനിന്നിരുന്ന നിയമം പൊളിച്ചെഴുതി, പുതിയ റെസിഡൻസി നിയമം ആറ് മാസത്തിനുള്ളിൽ പ്രാബല്യത്തിൽ വരും, പ്രവാസികൾ നാടുകടത്തൽ നേരിടേണ്ടിവരുന്ന മൂന്ന് പ്രധാന വ്യവസ്ഥകളും നിയമത്തിൽ

കുവൈത്തിൽ 60 വർഷമായി പാലിച്ച് വന്നിരുന്ന റെസിഡൻസി നിയമത്തിൽ കാതലായ മാറ്റം വരുത്തിയാണ് പുതിയ നിയമത്തിന് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍-സബാഹ് അംഗീകാരം നല്‍കിയത്. എന്നാൽ ഇനി എന്നു മുതലാണ് പുതിയ നിയമം രാജ്യത്ത് നടപ്പിലാക്കുക എന്നതാണ് പ്രവാസികൾക്ക് ഇനി അറിയേണ്ടത്. ആറ് മാസത്തിനുള്ളിൽ നിയമം പ്രാബല്യത്തിൽ വരുമെന്നാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിക്കുന്നത്. എല്ലാ താമസക്കാർക്കും ന്യായമായ പരിഗണന ഉറപ്പാക്കുന്നതിനൊപ്പം സുതാര്യതയ്ക്കും ഉത്തരവാദിത്തത്തിനും സർക്കാരിന് പ്രതിബദ്ധതയുണ്ടെന്ന് റെസിഡൻസി ആൻഡ് സിറ്റിസൺഷിപ്പ് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അലി അൽ അദ്വാനി പറഞ്ഞു. പുതിയ നിയമങ്ങൾ ഉടൻ തന്നെ കുവൈത്തിന്റെ വിസ വെബ്‌സൈറ്റുകളിൽ ലഭ്യമാകുമെന്നും അറിയിച്ചിട്ടുണ്ട്.
പ്രവാസികൾക്ക് വളരെ അധികം ഗുണം ചെയ്യുന്നതാണ് പുതിയ നിയമം. വിസ കച്ചവടത്തിന്റെ പേരിൽ നടക്കുന്ന ചൂഷണം തടയുന്നതിന് വേണ്ടിയാണ് പുതിയ നിയമം നടപ്പിലാക്കുന്നതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. റെസിഡൻസി പെർമിറ്റ്, വിസ പുതുക്കൽ എന്നിവ പണം ഈടാക്കി നൽകുന്നവർക്ക് കർശന പിഴ ചുമത്തും. തൊഴിലുടമകൾക്ക് അവരുടെ യഥാർത്ഥ റിക്രൂട്ട്‌മെന്റ് ആവശ്യത്തിനല്ലാതെ മറ്റ് ആവശ്യങ്ങൾക്ക് പ്രവാസികളെ നിയമിക്കുന്നതിൽ നിന്ന് ഇപ്പോൾ വിലക്കുണ്ട്. ഇതുകൂടാതെ ശരിയായ അംഗീകാരമില്ലാതെ തൊഴിലാളികളെ മറ്റുള്ളവർ ജോലിക്കെടുക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ട ചുമതല അവർക്കാണ്. വിസ വ്യാപാരം ഇല്ലാതാക്കുക, തൊഴിലുടമയുടെ ദുരുപയോഗം പരിഹരിക്കുക, വിദേശ റസിഡൻസി, തൊഴിൽ അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ലംഘനങ്ങൾക്ക് കടുത്ത ശിക്ഷകൾ ചുമത്തുന്നതിന് കൂടുതൽ പ്രാധാന്യം പുതിയ നിയമം നൽകുന്നു. വിസയിൽ പറഞ്ഞിട്ടുള്ളതല്ലാത്ത ആവശ്യങ്ങൾക്ക് തൊഴിലാളികളെ നിയമിച്ചാൽ മൂന്നുമുതൽ അഞ്ചു വർഷംവരെ തടവോ 5,000 ദിനാർ മുതൽ 10,000 ദിനാർ വരെ പിഴയോ ലഭിക്കും.
എന്‍ട്രി വിസ, റെസിഡന്‍സ് പെര്‍മിറ്റ് എന്നിവയുമായി ബന്ധപ്പെട്ടും പ്രവാസിയുടെ റിക്രൂട്ട്മെന്റുമായും ബന്ധപ്പെട്ട് നടക്കുന്ന ചൂഷണങ്ങള്‍, വിസ കച്ചവടം, വിസ പുതുക്കുന്നതിന്റെ പേരില്‍ പണം ഈടാക്കല്‍ തുടങ്ങിയവ കര്‍ശനമായി തടയുന്നതാണ് പുതിയ കരട് നിയമം. മാത്രമല്ല, ശമ്പള കുടിശിക വരുത്തുന്നത് കുറ്റകരമാണെന്നും കരട് നിയമം പറയുന്നു.കൂടാതെ രാജ്യത്ത് മനുഷ്യക്കടത്ത് തടയുന്നതിനും വിദേശികളുടെ താമസത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള നിർണായക നിയമമാണിത്.
റസിഡൻസിയുമായി ബന്ധപ്പെട്ട തട്ടിപ്പുകളിൽ ഏർപ്പെടുന്ന പ്രവാസികൾക്ക് ഒരു വർഷം തടവോ 1,000 ദിനാർ പിഴയോ ലഭിക്കും. കമ്പനികൾ സസ്പെൻഷനും ലൈസൻസ് റദ്ദാക്കലും ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടിവരും.പ്രവാസികൾക്ക് നാടുകടത്തൽ നേരിടേണ്ടിവരുന്ന മൂന്ന് പ്രധാന വ്യവസ്ഥകളും നിയമം വിശദീകരിക്കുന്നുണ്ട്. വിശ്വസനീയമായ വരുമാന മാർഗത്തിന്റെ അഭാവം, നിയമത്തെ അടിസ്ഥാനമാക്കിയുള്ള മന്ത്രിതല തീരുമാനങ്ങൾ, പൊതുതാൽപര്യം പരിഗണിക്കുന്ന സാഹചര്യങ്ങൾ എന്നീ സന്ദർഭങ്ങളിലാണ് പ്രവാസികളെ നാടുകടത്തിന് വിധേയമാക്കുക.
https://www.facebook.com/Malayalivartha