സൗദി മോര്‍ച്ചറികളില്‍ ആര്‍ക്കും വേണ്ടാതെ നൂറ്റിയമ്പതോളം ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍

സൗദി അറേബ്യയിലെ മോര്‍ച്ചറികളില്‍ നൂറ്റിയമ്പത് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ആര്‍ക്കും വേണ്ടാതെ കിടന്നു നശിക്കുന്നു. വിദേശകാര്യ മന്ത്രാലയം റിയാദിലെ ഇന്ത്യന്‍ എമ്പസിയിലേക്ക് നിരവധി കത്തുകള്‍ അയച്ചിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ മൃതദേഹങ്ങളാണ് മോര്‍ച്ചറികളില്‍ അനാഥമായി കിടക്കുന്നത്. സൗദിയിലെ തൊഴിലുടമകള്‍ ഇ - മെയിലുകള്‍ക്കോ ഫോണ്‍കോളുകള്‍ക്കോ പ്രതികരിക്കാത്തതാണ് പ്രധാന വെല്ലുവിളി. സാധാരണയായി അസുഖങ്ങള്‍, അപകടങ്ങള്‍, കൊലപാതകം, ആത്മഹത്യ ഇവയാണ് മരണകാരണമായി കാണിക്കാറുള്ളത്.
തെലുങ്കു വിഭാഗങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരുസംസ്ഥാനങ്ങളില്‍ നിന്നുമായി പത്തുലക്ഷത്തോളം പേരാണ് സൗദിയില്‍ ജോലി ചെയ്യുന്നത്.
ചുവപ്പുനാഡയില്‍ കുടുങ്ങി കിടക്കുന്നതും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് പ്രതികൂലമാകുന്നുണ്ട്. അപകടമരണമാണ് സംഭവിക്കുന്നതെങ്കില്‍ നാല്‍പതു ദിവസത്തിനു ശേഷമെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധിക്കു. അതുപോലെ തന്നെ കൊലപാതകമാണെങ്കില്‍ കേസ് അന്വേഷണം പൂര്‍ത്തിയായ ശേഷമായിരിക്കും മൃതശരീരം വിട്ടു നല്‍കുക.
സൗദി തൊഴിലുടമകളുടെ നിസംഗതയാണ് ഏറ്റവും പ്രധാന പ്രശ്‌നം. തൊഴിലാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ഇവരുടെ കൈയില്‍ നിന്നും അഞ്ചു മുതല്‍ ആറുലക്ഷം വരെ ചെലവ് വരും. അതിനാല്‍ സഹായിക്കാന്‍ അവര്‍ താല്‍പര്യം കാട്ടാറില്ല. മുസ്ലീങ്ങളല്ലാത്ത തൊഴിലാളികള്‍ക്ക് ഭാഷ പ്രശ്‌നം മൂലം അടുത്ത സൗഹൃദങ്ങളോ മറ്റ് ബന്ധങ്ങളോ ഉണ്ടാവാത്തതും സഹായങ്ങള്‍ ലഭിക്കാന്‍ തടസമുണ്ടാക്കുന്നു.
മെഡിക്കല്‍ - പൊലീസ് റിപ്പോര്‍ട്ടുകള്‍, കുടുംബം നല്‍കുന്ന സമ്മതപത്രം, സൗദി സര്‍ക്കാരില്‍ നിന്നോ തൊഴിലുടമയില്‍ നിന്നോ ഒരു തരത്തിലുള്ള സാമ്പത്തിക സഹായവും ആവശ്യമില്ലെന്ന സത്യവാങ്മൂലം എന്നിവ റിയാദിലെ ഇന്ത്യന്‍ എമ്ബസിക്ക് സമര്‍പ്പിച്ചാല്‍ മാത്രമേ മൃതദേഹം നാട്ടിലെത്തുകയുള്ളു. ഇതും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്.
https://www.facebook.com/Malayalivartha