ഗള്‍ഫില്‍ വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കണമെന്ന് ആവശ്യം

ഗള്‍ഫ് രാജ്യങ്ങള്‍ വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടുവരണമെന്ന് യു.എ.ഇ. തൊഴില്‍ മന്ത്രി സഖര്‍ ഗൊബാഷ്. ഗള്‍ഫില്‍ വിദേശികളെ നിയമിക്കുന്നത് സംബന്ധിച്ച നയത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ സമയമായെന്നും അബുദാബിയില്‍ നടന്ന സെമിനാറില്‍ മന്ത്രി ചൂണ്ടിക്കാട്ടി.
'ഗള്‍ഫ് രാജ്യങ്ങളിലെ തൊഴിലാളി നിയമന നയം' എന്ന വിഷയത്തില്‍ നടന്ന സെമിനാറിലാണ് മന്ത്രി ഇക്കാര്യം വിശദീകരിച്ചത്. ആദ്യകാലങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് സാമ്പത്തിക അടിത്തറ പാകാനും അടിസ്ഥാന വികസനത്തിനുമായി വിദേശതൊഴിലാളികളെ ആവശ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുതിയ തൊഴില്‍ നയം നടപ്പാക്കേണ്ടിയിരിക്കുന്നു. ചില നിശ്ചിത മേഖലകളില്‍ മാത്രം വിദേശികളെ ആകര്‍ഷിക്കുകയും അതുവഴി സ്വദേശി മക്കള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് അവസരമൊരുക്കുകയും വേണം-അദ്ദേഹം പറഞ്ഞു.
ഈയടുത്തകാലങ്ങളില്‍ നടപ്പാക്കിയ തൊഴില്‍ നയങ്ങളില്‍ പലതും പരാജയമായി മാറിയെന്നത് ഗള്‍ഫ് ഭരണകൂടങ്ങള്‍ മനസ്സിലാക്കണമെന്ന് ജി.സി.സി. എക്‌സിക്യൂട്ടീവ് ബ്യൂറോ ഡയറക്ടര്‍ ജനറല്‍ അഖീല്‍ അഹമ്മദ് ജാസിം സെമിനാറില്‍ ചൂണ്ടിക്കാട്ടി. അതത് രാജ്യത്തെ തൊഴില്‍ വിപണിയെക്കുറിച്ചും സാധ്യതകളെക്കുറിച്ചും ഗവണ്‍മെന്റ് മനസ്സിലാക്കണം. താഴെക്കിടയിലുള്ള വിദഗ്ധ തൊഴിലാളികള്‍ക്ക് മതിയായ പരിശീലനം നല്‍കുന്നതിനുള്ള നടപടികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
എന്നാല്‍, മേഖലയിലെ സാമ്പത്തിക മുന്നേറ്റത്തിന് വിദേശ തൊഴിലാളികള്‍ ഇപ്പോഴും ആവശ്യമാണെന്ന് ലോകബാങ്കില്‍ ഗള്‍ഫ് മേഖലയിലെ മാനവ വിഭവശേഷി കോ- ഓര്‍ഡിനേറ്റര്‍ ആയ ആന്‍ഡ്രാസ് ബുദൂര്‍ ചൂണ്ടിക്കാട്ടി. ഗള്‍ഫ് രാജ്യങ്ങളിലെ സാമ്പത്തിക ഘടന മെച്ചപ്പെടുത്താനാണ് ലോകബാങ്ക് ശ്രമിക്കുന്നതെന്നും ഇതുവഴി തങ്ങളുടെ തൊഴില്‍ശക്തിയെ മെച്ചപ്പെട്ട രീതിയില്‍ ഉപയോഗപ്പെടുത്താന്‍ രാജ്യങ്ങള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha