മലിനജല നിര്‍ഗമനത്തിനും സംസ്‌കരണത്തിനും ദുബായില്‍ വന്‍പദ്ധതി

ദുബായില്‍ ഭാവിയിലെ വികസന സംരംഭങ്ങള്‍ക്ക് അനുബന്ധമായി മലിനജല നിര്‍ഗമനത്തിനും സംസ്‌കരണത്തിനും വന്‍പദ്ധതിക്ക് തുടക്കമായി. 2019 ല്‍ നിര്‍മാണം തുടങ്ങുമെന്നു പ്രതീക്ഷിക്കുന്ന പദ്ധതി ആറുവര്‍ഷം കൊണ്ടു രണ്ടു ഘട്ടമായാണു പൂര്‍ത്തിയാക്കുക. 2025-ആകുന്നതോടെ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിക്ക് 3000 കോടി ദിര്‍ഹമാണു പ്രാരംഭ ചെലവ് കണക്കാക്കുന്നത്. വിവിധ ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കുന്ന പദ്ധതിയുടെ ഏകദേശ രൂപരേഖ കണ്‍സല്‍റ്റന്‍സി പൂര്‍ത്തിയാക്കി.
സാങ്കേതിക സമിതിയുടെ അനുമതി കൂടി ലഭിച്ചശേഷം അന്തിമ രൂപരേഖ തയാറാക്കും. മലിനജല നിര്‍ഗമന-സംസ്‌കരണ പദ്ധതികളുടെ അറ്റകുറ്റപ്പണിക്ക് ലക്ഷക്കണക്കിനു ദിര്‍ഹം ചെലവു വരുന്നുണ്ട്. പുതിയ പദ്ധതി ഇതൊഴിവാക്കുമെന്നു മാത്രമല്ല, വന്‍തോതില്‍ ജലം സംഭരിക്കാനും സഹായിക്കും. ഇതു സംസ്‌കരിച്ച് ജലസേചനപദ്ധതികള്‍ക്ക് ഉപയോഗപ്പെടുത്താം. ഹരിതമേഖലകളുടെ വളര്‍ച്ചയ്ക്ക് ഇതു സഹായകമാകും. ആദ്യഘട്ടം ദെയ്‌റയിലും രണ്ടാംഘട്ടം ബര്‍ദുബായിലുമാകും തുടങ്ങുക.
ആഴത്തിലുള്ള അഴുക്കുചാല്‍ പദ്ധതിയോടനുബന്ധിച്ചു മലിനജലം സംസ്‌കരിച്ചു പുനരുപയോഗിക്കാനും മാലിന്യം ശാസ്ത്രീയ രീതിയില്‍ സംസ്‌കരിക്കാനും വിപുല സംവിധാനങ്ങളുണ്ടാകും. പരിസ്ഥിതി സൗഹൃദ പദ്ധതി ഹരിതവല്‍ക്കരണത്തിനു വേരോട്ടമേകാനും സഹായകമാകും. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള മെഗാപദ്ധതികള്‍ക്ക് അനുബന്ധമായി അടിസ്ഥാനസൗകര്യ വികസന മേഖലയും ഒരുങ്ങേണ്ടതുണ്ടെന്ന് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു.
https://www.facebook.com/Malayalivartha


























