നോര്‍ക്ക റൂട്ട്‌സ് പ്രതിനിധി സംഘം വ്യാഴാഴ്ച ആരോഗ്യമന്ത്രാലയത്തിലെ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും

സൗദി ആരോഗ്യമന്ത്രാലയത്തിന്റെ റിക്രൂട്ടിംഗ് ഏജന്റായി അംഗീകാരം ലഭിച്ച പശ്ചാത്തലത്തില്‍ കരാര്‍ ഒപ്പിടാന്‍ നോര്‍ക റൂട്ട്‌സ് പ്രതിനിധി സംഘം ബുധനാഴ്ച റിയാദിലെത്തും. സി.ഇ.ഒ കെ.എന്‍ രാഘവന്‍, ജനറല്‍ മാനേജര്‍ ഗോപകുമാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് എത്തുന്നതെന്ന് സൗദി പ്രതിനിധി ശിഹാബ് കൊട്ടുകാട് അറിയിച്ചു.
വ്യാഴാഴ്ചയാണ് ആരോഗ്യമന്ത്രാലയത്തിലെ അംഗങ്ങളുമായി കൂടിക്കാഴ്ച. സൗദി ആരോഗ്യ മേഖലയിലേക്ക് ആവശ്യമായ ഡോക്ടര്‍, നഴ്‌സ്,മറ്റ് പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരെ ഇന്ത്യയില്‍ നിന്ന് റിക്രൂട്ട് ചെയ്യാനുള്ള അനുമതിയാണ് നോര്‍ക റൂട്ട്‌സിന് ലഭിച്ചത്. ഇത് സംബന്ധിച്ച ഉടമ്പടി കൂടിക്കാഴ്ചയില്‍ ഒപ്പുവെക്കും. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് അംഗീകാരം ലഭിച്ചത്. ഏപ്രില്‍ 15ന് പ്രതിനിധി സംഘം റിയാദിലെത്തുമെന്നാണ് അറിയിച്ചിരുന്നത് .എന്നാല്‍ യാത്രയുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതില്‍ കാലതാമസമുണ്ടായി.
ബുധനാഴ്ച രാവിലെ റിയാദിലെത്തുന്ന സംഘം ഇന്ത്യന്‍ എംബസിയില്‍ അംബാസഡര്‍ അഹമ്മദ് ജാവേദിനെ സന്ദര്‍ശിക്കും. പ്രവാസി മലയാളികളുടെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും. ആരോഗ്യമന്ത്രാലയത്തിലെ ചടങ്ങിന് ശേഷം വ്യാഴാഴ്ച മാധ്യമപ്രവര്‍ത്തകരെ കാണുകയും രാത്രി 8.15ന് മലയാളി പൊതുസമൂഹത്തെ അഭിസംബോധന ചെയ്യും. മലസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുപരിപാടിയില്‍ വിവിധ മലയാളി സംഘടനളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികളും സാമൂഹിക പ്രവര്‍ത്തകരും പങ്കെടുക്കും .
വിവിധ പ്രശ്‌നങ്ങള്‍ മനസിലാക്കാനും പ്രവാസിക്ഷേമ പദ്ധതികള്‍ ആലോചിക്കാനുമാണ് ഈ പരിപാടി സങ്കടിപ്പിച്ചിരിക്കുന്നത് .കേരള പ്രവാസികാര്യ വകുപ്പിന് കീഴില്‍ പ്രവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആരംഭിച്ച കമ്പനിയാണ് നോര്‍ക റൂട്ട്‌സ്. വിദേശ റിക്രൂട്ടിട്‌മെന്റിനുള്ള ലൈസന്‍സ് 2016ല്‍ ലഭിച്ചതോടെ പ്രവര്‍ത്തന മേഖല വിപുലപ്പെട്ടു. വിദേശ രാജ്യങ്ങളിലെ വിവിധ തൊഴില്‍ അവസരങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് ഉദ്യോഗാര്‍ഥികളെ റിക്രൂട്ട് ചെയ്യാനുള്ള അംഗീകാരമാണ് കേന്ദ്ര ഗവണ്മെന്റ് നല്‍കിയിരിക്കുന്നത് .
https://www.facebook.com/Malayalivartha


























