സൗദിയിൽ പ്രവാസികൾക്ക് വീണ്ടും തിരിച്ചടി :സ്വദേശിവത്കരണ പങ്കാളി ക്ലബ്ബുകൾ വരുന്നു

സ്വദേശിവത്കരണ പങ്കാളി ക്ലബ്ബ് വരുന്നത് മലയാളികളടക്കമുള്ള വിദേശികൾക്ക് കനത്ത തിരിച്ചടിയാകുന്നു.സ്വദേശികൾക്ക് നിശ്ചിത ശതമാനം ജോലികൾ നീക്കിവയ്ക്കാനും അവർക്ക് മുൻഗണന നല്കാൻ തയാറായതുമായുള്ള കമ്പനികളെ ഉൾപ്പെടുത്തിയാണ് ക്ലബ് രൂപവൽക്കരിക്കുന്നത്.
സൗദിയിൽ ഇതുവരെ നൂറ്റമ്പതോളം കമ്പനികൾ ക്ലബ്ബിൽ അംഗങ്ങളായിട്ടുണ്ട്.മറ്റു കമ്പനികളും ക്ലബ്ബിൽ അംഗത്വമെടുക്കുന്നതോടെ താമസിയാതെ മലയാളികളടക്കമുള്ള വിദേശികളുടെ ജോലി സാധ്യതയെ ഇത് ബാധിക്കും. സ്വദേശിവത്കരണ നടപടികളുടെ ഭാഗമായി സൗദിയിലെ വിദേശ റിക്രൂട്ടിങ്ങിൽ 30 ശതമാനത്തോളം കുറവു വന്നതിനു തൊട്ടു പിന്നാലെയാണ് ക്ലബ്ബ് രൂപവത്കരണവുമായി സർക്കാർ നിതാഖാതിന്റെ അടുത്ത ഘട്ടത്തിലേക്ക് പോകുന്നത് .
സ്വദേശികൾക്ക് നിശ്ചിത ശതമാനം ജോലികൾ നീക്കിവയ്ക്കണമെന്ന നിർദ്ദേശത്തോടെയാണ് കമ്പനികളെ ക്ലബ്ബിൽ ഉൾപ്പെടുത്തുന്നത്. മാനവ വിഭവശേഷി മന്ത്രാലയം കൊണ്ടുവന്ന പദ്ധതിയിൽ ക്ലബ്ബുകളിൽ മൂന്നു തരത്തിലുള്ള അംഗത്വമാണ് കമ്പനികൾക്ക് നൽകുന്നത്.
പ്ലാറ്റിനം വിഭാഗത്തിൽ ഇരുപത്തഞ്ചോളം കമ്പനികളും ഗോൾഡ് മെമ്പർഷിപ്പ് വിഭാഗത്തിൽ മുപ്പതോളം കമ്പനികൾക്കുമാണ് അംഗത്വം നൽകിയിരിക്കുന്നത്. നൂറോളം കമ്പനികളെ സിൽവർ മെമ്പർഷിപ്പ് നൽകിയാണ് ക്ലബ്ബിൽ ഉൾപ്പെടുത്തിയത്.
ക്ലബ്ബിൽ അംഗങ്ങളായ കമ്പനികൾ മാനവ വിഭവ ശേഷി വിഭാഗം ജോലി അവസരങ്ങൾ സംബന്ധിച്ച വിവരങ്ങൾ തൊഴിൽ മന്ത്രാലയത്തിന് കൈമാറണമെന്നാണ് നിർദ്ദേശിച്ചിട്ടുണ്ട് .മാനവ വിഭവശേഷി വിഭാഗത്തിലെ ഉദ്യോഗസ്ഥരായിരിക്കും ക്ലബ്ബിൽ കമ്പനിയെ പ്രതിനിധീകരിക്കുന്നതും. ഇതോടെ ഉണ്ടാകുന്ന തൊഴിൽ അവസരങ്ങളിലെല്ലാം സ്വദേശികളുടെ നിയമനത്തിനായി സർക്കാറിന് സമ്മർദം ചെലുത്താനാകുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത് .
സ്വദേശിവത്കരണ നടപടികൾ ഊർജിതമായതോടെ സൗദിയിലെ വിദേശ റിക്രൂട്ടിങ്ങിൽ 30 ശതമാനത്തോളം കുറവ് വന്നിട്ടുണ്ട്. ഇതോടെ കഴിഞ്ഞ മൂന്നു വർഷത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ അനുപാതമാണിത്. 2015-ൽ സൗദിയിലേക്ക് 20 ലക്ഷത്തോളം വിസ അനുവദിച്ചപ്പോൾ 2016-ൽ 14 ലക്ഷത്തോളം വിസ മാത്രമാണ് അനുവദിച്ചിട്ടുള്ളത്.
സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് വിസയ്ക്ക് അപേക്ഷിക്കുമ്പോൾ അതേ തൊഴിലിന് സ്വദേശികൾ ലഭ്യമാണോയെന്ന് ആദ്യം പരിശോധിച്ച ശേഷമാകും വിസ അനുവദിക്കുന്നത്. ഈ നടപടി കർശനമായതോടെയാണ് കഴിഞ്ഞ വർഷം വിസ അനുവദിക്കുന്നതിൽ വൻ കുറവ് വന്നിരിക്കുന്നത്.
നിതാഖാത് ശക്തമാക്കാനുള്ള സർക്കാർ നടപടികളിലൂടെ വിദേശ റിക്രൂട്ട്മെന്റ് ഇനിയും കുറയുമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha


























