ലക്ഷങ്ങൾ പിഴ പെരുകി :ഏഷ്യക്കാരൻ ഡ്രൈവറുടെ കേസ് കോടതിയിലേക്ക്

ഏഷ്യക്കാരനു ഗതാഗതനിയമ ലംഘനങ്ങൾക്കുള്ള പിഴ പെരുകിയതുമൂലം ലക്ഷങ്ങളുടെ ബാധ്യത. കാലാവധി കഴിഞ്ഞിട്ടും പിഴയടയ്‌ക്കാത്ത ഇയാളുടെ ഫയൽ കോടതിയുടെ പരിഗണനയ്‌ക്കു വിട്ടു. 11 ലക്ഷത്തിലേറെ ദിർഹമാണു ഇയാൾക്ക് പിഴ അടയ്ക്കാനുള്ളത്. 132 കേസുകളാണ് ഇയാളുടെ പേരിലുള്ളതെന്നു ഷാർജ വാസിത് പൊലീസ് സ്‌റ്റേഷൻ ഡയറക്‌ടർ മുഹമ്മദ് അബ്‌ദു റഹ്‌മാൻ ബിൻ ഖസ്‌മൂൽ പറഞ്ഞു.
റോഡ് ക്യാമറകളും പെട്രോളിംഗ് വിഭാഗവും ഗതാഗതനിയമ ലംഘനങ്ങൾ പിടികൂടിയിട്ടുണ്ട്. കനത്ത പിഴയാണ് ഗുരുതരമായ ട്രാഫിക് കേസുകളിൽ കുടുങ്ങിയ ഇയാൾക്ക് പല കേസുകളിലും ലഭിച്ചിരിക്കുന്നത്. വൻതുക പിഴയായി ലഭിച്ചത് സമാന്തര ടാക്‌സി സർവീസ് നടത്തിയ കേസുകളിലാണ്. വ്യാജ ടാക്‌സി സർവീസ് നടത്തിയതിനു ഷാർജ ട്രാൻസ്‌പോർട് അതോറിറ്റി പലതവണ ഇയാളെ പിടികൂടി. ഈ കേസിൽ ആദ്യതവണ പിടിക്കപ്പെട്ടാൽ 5000 ദിർഹമാണു പിഴയായി ഈടാക്കുന്നത്. രണ്ടാം തവണയും കേസായാൽ പിഴ പതിനായിരം ദിർഹമായി കൂടും. കള്ള ടാക്‌സി കേസിനു പുറമെ അമിതവേഗത്തിൽ വാഹനം ഓടിച്ചതിനും വൻതുക പിഴ ലഭിച്ചിരുന്നു.
ട്രാഫിക് ഫയൽ നിയമാനുസൃതമാക്കാൻ ഇയാൾ കൃത്യമായി പിഴ അടയ്ക്കാൻ ശ്രദ്ധിച്ചിട്ടില്ലെന്നു മേജർ മുഹമ്മദ് വെളിപ്പെടുത്തി., നിരോധിത മേഖലകളിൽ പാർക്ക് ചെയ്യുക , അപകടങ്ങൾക്കു കാരണമാകും വിധം വാഹനമോടിക്കുക തുടങ്ങിയ നിയമലംഘനങ്ങളും പിഴ സംഖ്യ വർധിപ്പിച്ച ഘടകങ്ങളാണ്. ഷാർജയ്‌ക്കു പുറമെ മറ്റ് എമിറേറ്റുകളിലും ഇയാളുടെ പേരിൽ കേസുണ്ടെന്നു കണ്ടെത്തി.
അനുമതിയില്ലാത്ത കാര്യങ്ങൾക്കു വാഹനം ഉപയോഗിക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ ട്രാഫിക് നിയമപ്രകാരം 3000 ദിർഹമാണു പിഴ. കൂടാതെ ഡ്രൈവറുടെ ലൈസൻസിൽ നാല് കറുപ്പടയാളവും പതിക്കും. പെർമിറ്റില്ലാതെ സ്വകാര്യവാഹങ്ങളിൽ യാത്രക്കാരെ കയറ്റിയാലും 3000 ദിർഹം പിഴയടയ്‌ക്കേണ്ടതുണ്ട്. വാഹനം ഓടിച്ച വ്യക്‌തിയുടെ ഡ്രൈവിങ് ലൈസൻസിൽ ഒറ്റയടിക്ക് 24 കറുപ്പടയാളം വീഴും.ഇങ്ങനെ കേസിൽ കുടുങ്ങിയവർക്കു ലൈസൻസ് നഷ്‌ടപ്പെടും. വാഹനം 30 ദിവസത്തേക്കു പിടിച്ചെടുക്കുകയും ചെയ്യും. ഗുരുതര കേസുകൾ ട്രാഫിക് പ്രോസിക്യൂഷനു കൈമാറും.
പിടിച്ചെടുത്ത വാഹനങ്ങൾ സമയപരിധി കഴിഞ്ഞാൽ ഉടമകൾ തിരിച്ചെടുക്കണമെന്നു ഷാർജ പൊലീസ് അറിയിച്ചു. തിരിച്ചെടുക്കാനുള്ള കാലാവധി പരമാവധി ആറുമാസമാണ്. ഈ കാലാവധിക്കുള്ളിൽ തിരിച്ചെടുക്കാതിരുന്നാൽ പരസ്യലേലത്തിൽ വാഹനം വിൽക്കും. ഉടമകൾ ഏറ്റെടുക്കേണ്ട 1500 വാഹനങ്ങൾ ഇപ്പോൾ പൊലീസ് കേന്ദ്രത്തിലുണ്ട്. കാലാവധി കഴിഞ്ഞിട്ടും ഉടമകൾ ഇതുവരെ വാഹനം വിട്ടുകിട്ടാൻ പൊലീസിനെ സമീപിച്ചിട്ടില്ല. അതുകൊണ്ട് 2016 ലെ ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിൽ തീരുമാനപ്രകാരം വാഹനം പരസ്യലേലത്തിൽ വിൽക്കും.
https://www.facebook.com/Malayalivartha


























