തിരുവനന്തപുരം-ദുബായ് എമിറേറ്റ്‌സ് വിമാന അപകടത്തിന് ഇന്ന് ഒരുവയസ്സ്

മരണത്തിന്റെ ഗന്ധമുള്ള അഗ്നിഗോളത്തിൽനിന്ന് 300 പേർ അദ്‌ഭുതകരമായി രക്ഷപ്പെട്ട തിരുവനന്തപുരം–ദുബായ് എമിറേറ്റ്‌സ് വിമാന അപകടം നടന്നിട്ട് ഇന്ന് ഒരു വർഷം. കഴിഞ്ഞ ഓഗസ്‌റ്റ് മൂന്നിന് ഇന്ത്യൻ സമയം 12.45ന് ലാൻഡിങ്ങിനിടെ ഇടിച്ചിറങ്ങിയ വിമാനം, യാത്രക്കാരെ രക്ഷപ്പെടുത്തി നിമിഷങ്ങൾക്കകം ഉഗ്രശബ്‌ദത്തോടെ തീഗോളമായി മാറുകയായിരുന്നു.
282 യാത്രക്കാരും 18 ജീവനക്കാരുമാണ് ഇകെ 521 വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരിൽ അധികവും സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള മലയാളികളായിരുന്നു.ഇടിച്ചിറങ്ങി ആടിയുലഞ്ഞു കുതിച്ച വിമാനത്തിന്റെ മുൻഭാഗത്തു തീ ആളിപടരുകയായിരുന്നു .കാഴ്ച മറയ്ക്കുന്ന കറുത്തപുകയിൽ വിമാന ജീവനക്കാരുടെ സഹായത്തോടെ യാത്രക്കാരെ എമർജൻസി വാതിലിലൂടെ പുറത്തെത്തിച്ചു.രക്ഷാദൗത്യത്തിനിടെ അഗ്നിശമനസേനാംഗം ജാസിം ഈസ അൽ ബലൂഷിയുടെ വിയോഗം രാജ്യത്തിന്റെയും യാത്രക്കാരുടെയും തീരാദുഃഖമായി.
വിമാനത്തിന്റെ അടുത്തുനിന്ന് ദൂരേക്ക് ഓടിമാറാൻ സുരക്ഷാ ഉദ്യോഗസ്‌ഥർ വിളിച്ചുപറഞ്ഞു. ഓട്ടത്തിനിടയിൽ ഉഗ്രശബ്‌ദം കേട്ടു നോക്കിയവർ പിന്നീട് കണ്ടതു തീഗോളമായി മാറിയ വിമാനമായിരുന്നു. ചുട്ടുപഴുത്തുകിടന്ന റൺവേയിലേക്കു ചാടിയിറങ്ങിയ യാത്രക്കാരിൽ പലർക്കും പൊള്ളലേൽക്കുകയും കാലുളുക്കുകയും ചെയ്‌തിരുന്നു. ദുബായ് വിമാനത്താവള അധികൃതർ വൻ സുരക്ഷാസംവിധാനമാണ് ഒരുക്കിയത്. യാത്രക്കാർക്ക് അടിയന്തര വൈദ്യസഹായം നൽകിയതിന് ശേഷം നേരിട്ടു താമസകേന്ദ്രങ്ങളിലെത്തിക്കാൻ നടപടി സ്വീകരിച്ചു. പിന്നീട്എല്ലാ യാത്രക്കാർക്കും എമിറേറ്റ്‌സ് 7000 ഡോളർ നഷ്‌ടപരിഹാരം നൽകി. തീപിടിത്തത്തിൽ ബാഗേജ് നഷ്‌ടപ്പെട്ടതിന് 2000 ഡോളർ, മറ്റു വിഷമതകൾക്ക് 5,000 ഡോളർ എന്നിങ്ങനെയാണ് കണക്കാക്കിയത്.
https://www.facebook.com/Malayalivartha


























