ഷാര്‍ജയില്‍ മലയാളിയെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലയാളി യുവാവിനെ ഷാര്‍ജയിലെ പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം പെരുമ്പാവൂര്‍ സ്വദേശി ഡിക്‌സണ്‍ പോളിനെ (35)യാണ് അല്‍ ഖുലയാ ഏരിയയിലെ ലേഡീസ് ക്ലബിനടുത്തെ പാര്‍ക്കിങ്ങില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാറിന്റെ എസി പ്രവര്‍ത്തിപ്പിച്ച് കിടന്നുറങ്ങിയതിനെ തുടര്‍ന്ന് വിഷവാതകം ശ്വസിച്ചായിരിക്കാം ഡിക്‌സണ്‍ മരിച്ചതെന്ന് പൊലീസ് സംശയിക്കുന്നു.
ഷാര്‍ജ എയര്‍പോര്‍ട് ഫ്രീ സോണിലെ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഡിക്‌സണ്‍ ഭാര്യക്ക് അയര്‍ലന്‍ഡില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് കുറച്ച് ദിവസങ്ങളായി അവിടെയായിരുന്നു. ജോലി രാജി വച്ച് അങ്ങോട്ട് തന്നെ തിരിച്ചുപോകാനായി രണ്ട് ദിവസം മുമ്പാണ് ഷാര്‍ജയിലെത്തിയത്. ഈ മാസം ഒന്നു മുതല്‍ ഡിക്‌സണെ താമസ സ്ഥലത്ത് നിന്ന് കാണായതായി ബന്ധുക്കള്‍ പറഞ്ഞു. അല്‍ വാസിത് പൊലീസ് സ്‌റ്റേഷനില്‍ ഇതുസംബന്ധമായി പരാതി നല്‍കിയതനുസരിച്ച് പൊലീസ് അന്വേഷിച്ചുവരുന്നതിനിടെ ബന്ധുക്കള്‍ ഇന്നലെ(ബുധനാഴ്ച) വൈകിട്ട് കാറില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഭാഗികമായ അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പിന്നീട് കുവൈത്തി ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
https://www.facebook.com/Malayalivartha


























