ഹജ്ജ് അനുമതി പത്രമില്ലാതെ എത്തിയ 95,000 പേരെ തിരിച്ചയച്ചു

ഹജ്ജ് അനുമതി പത്രമില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച 95,400 പേരെ തിരിച്ചയച്ചതായി ഹജ് സുരക്ഷാ സേന കമാണ്ടര്‍ ജനറല്‍ ഖാലിദ് ബിന്‍ ഖറാര്‍ അല്‍ഹര്‍ബി അറിയിച്ചു. മക്കയുടെ പ്രവേശന കവാടങ്ങളിലെ ചെക്ക് പോസ്റ്റുകളില്‍നിന്നും മക്കയിലേക്കുള്ള റോഡുകളിലെ ചെക്ക് പോയിന്റുകളില്‍നിന്നും ജൂലൈ 19നും ഓഗസ്റ്റ് 12നുമിടയിലാണ് ഇത്രയും പേരെ തിരിച്ചയച്ചത്.
ഇക്കാലയളയവില്‍ 47,700 വാഹനങ്ങളെയും മക്കയില്‍ പ്രവേശിക്കുന്നതിന് അനുവദിക്കാതെ തിരിച്ചയച്ചു. ഹജ് അനുമതി പത്രമില്ലാത്തവരുമായി എത്തിയ വാഹനങ്ങളും ജോലി ആവശ്യാര്‍ഥം മക്കയില്‍ പ്രവേശിക്കുന്നതിന് പ്രത്യേക അനുമതിപത്രം സമ്പാദിക്കാത്തവരുടെ വാഹനങ്ങളുമാണ് തിരിച്ചയച്ചത്. ഹജ് സുരക്ഷ ഉറപ്പുവരുത്തുന്നതിന് മുഴുവന്‍ സുരക്ഷാ വകുപ്പുകളും എല്ലാവിധ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഹജ് നിയമങ്ങള്‍ ലംഘിക്കുന്നതിനും ഹജിന്റെ പവിത്രത ലംഘിക്കുന്നതിനും ആരെയും അനുവദിക്കില്ല. നിയമ ലംഘകരെയും ഹജ് അനുമതിപത്രമില്ലാത്തവരെയും നിയമ ലംഘകരായ തീര്‍ഥാടകരെ മക്കയിലേക്ക് കടത്തുന്നതിന് ശ്രമിക്കുന്നവരെയും കര്‍ശനമായി കൈകാര്യം ചെയ്യും. ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിന് ഇത്തരക്കാരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറും.
നിയമം ലംഘിച്ച് ഹജ് നിര്‍വഹിക്കുന്നവരെ കണ്ടെത്തുന്നതിന് പുണ്യസ്ഥലങ്ങളില്‍ തീര്‍ഥാടകരുടെ വിരലടയാളങ്ങള്‍ പരിശോധിക്കും. മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കുമുള്ള റോഡുകളും മരുഭൂപാതകളും ശക്തമായി നിരീക്ഷിക്കും. മക്കയുടെ പ്രവേശന കവാടങ്ങളില്‍ സ്ഥാപിച്ച ക്യാമറ ശൃംഖലയും ഇതിന് പ്രയോജനപ്പെടുത്തും.
നിയമാനുസൃതം ഹജ് നിര്‍വഹിക്കുന്നവര്‍ക്ക് അനുയോജ്യമായ സാഹചര്യം ഒരുക്കുന്നതിന് സൗദി പൗരന്മാരും വിദേശികളും സുരക്ഷാ വകുപ്പുകളുമായി സഹകരിക്കണം. ഹജ് നിര്‍വഹിക്കുന്നതിന് ആഗ്രഹിക്കുന്നവര്‍ നിയമ, വ്യവസ്ഥകള്‍ പാലിക്കണമെന്ന് ജനറല്‍ ഖാലിദ് ബിന്‍ ഖറാര്‍ അല്‍ഹര്‍ബി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























