പ്രവാസി മലയാളികളുടെ നന്മയിൽ രാധയ്‌ക്കും കുടുംബത്തിനും പുതിയ ജീവിതം. സഹായവുമായി കോൺസുലേറ്റും

ഷാർജ; മലയാളി പ്രവാസി സമൂഹത്തിന്റെ നന്മ എട്ടുവയസുകാരിയുടെ ആശ്വാസകണ്ണീരാകുന്നു. മൂന്നു വർഷമായി അരയ്ക്ക് താഴെ തളർന്ന് കിടക്കുന്ന കൊല്ലം പുനലൂർ സ്വദേശി രാധാ സുരേഷ് കുമാറി(51) നും കുടുംബത്തിനും ഇനി നാട്ടിലേയ്ക്ക് മടങ്ങാം.
സ്ട്രെക്ചറിൽ കിടത്തി മാത്രമേ രാധയ്ക്ക് യാത്ര ചെയ്യാൻ കഴിയു, ഇതിനുള്ള സൗകര്യം ചെയ്തുകൊടുക്കുകയും മൂവർക്കുമുള്ള സൗജന്യ വിമാന ടിക്കറ്റും നൽകുകയും ചെയ്യുമെന്നും കോൺസൽ അറിയിച്ചതായി രാധയുടെ ഭർത്താവ് സുരേഷ് കുമാർ പറഞ്ഞു. മകൾ അന്നാ പോളിനെയും കൂട്ടിയായിരുന്നു സുരേഷ് കുമാർ കോൺസുലേറ്റ് അധികൃതരെ കണ്ടത്. എട്ട് വയസ്സുകാരിയായ അന്നാ പോളാണ് മൂന്ന് വർഷമായി രോഗിയായ അമ്മയെ പരിചരിക്കുന്നത്. ഷാർജ യർമൂഖിലെ കൊച്ചു ഫ്ലാറ്റിലെ കരളലിയിപ്പിക്കുന്ന ഇൗ കാഴ്ചകൾ മാധ്യമങ്ങൾ റിപ്പോർട് ചെയ്തപ്പോൾ ആ നൊമ്പരം യുഎഇയിലെയും ഇതര ഗൾഫ് രാജ്യങ്ങളിലെയും മലയാളികൾ ഏറ്റുവാങ്ങി. ഈ കണ്ണീർക്കാഴ്ചകൾ മലയാളികൾ നെഞ്ചേറ്റിയപ്പോൾ അമ്മയെ നെഞ്ചോട് ചേർത്തുവച്ചു പരിപാലിച്ച ആ കുരുന്നിനു പ്രതീക്ഷയുടെ പുതുവെളിച്ചം.
2014ലായിരുന്നു എണീറ്റിരിക്കാൻ പോലും സാധിക്കാതെ രാധ കിടപ്പിലായത്. ഇവരുടെ കാലുകൾക്ക് പെട്ടെന്ന് നീരു വരികയും പിന്നീട് നടക്കാൻ പറ്റാത്ത വിധം ശരീരം മുഴുവൻ നീര് വന്ന് വേദന പടരുകയുമായിരുന്നു. അധികം വൈകാതെ ഒരു ദിവസം പെട്ടെന്ന് അരയ്ക്ക് താഴെ തളർന്ന് കിടപ്പിലായതോടെ ജീവിതം ദുരിതത്തിലായി. ഇതോടെ മകളെ പോലും ശ്രദ്ധിക്കാൻ പറ്റാത്ത വിധം ജീവിതം കഷ്ടത്തിലായി. ഇലക്ട്രീഷ്യനായ സുരേഷ് കുമാർ രോഗിയായ ഭാര്യയെയും കൊച്ചുമകളെയും വിട്ട് കൃത്യമായി ജോലിക്ക് പോകാനാവാതെ വലഞ്ഞു. ഒടുവിൽ ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്ന് അവധിയെടുത്തു. തുടർന്ന് ആ ജോലിയും നഷ്ടപ്പെട്ടു. ഇതോടെ കുടുംബം വഴിയാധാരമായി. അതിൽപ്പിന്നെ കൃത്യമായി ഭക്ഷണം പോലും കഴിക്കാതെയാണ് വർഷങ്ങളായി കുടുംബം കഴിയുന്നത്.
മാധ്യമ വാർത്തകളെ തുടർന്ന് സാമൂഹിക പ്രവർത്തകരായ ഡോ.ആന്റണി തോമസ്, സിജു പന്തളം, ബിപിൻ, ഷാർജ ഇന്ത്യൻ പീപ്പിൾസ് ഫോറം പ്രസിഡന്റ് ഗണേഷ് അരമങ്ങാനം എന്നിവരും ഷാർജ ഇന്ത്യൻ അസോസിയേഷൻ, മലയാളി കൂട്ടായ്മ തുടങ്ങിയ സംഘടനകളും രംഗത്തെത്തി. , കേരളത്തിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തക ഉമാ പ്രേമൻ രാധയ്ക്ക് താൻ നേതൃത്വം നൽകുന്ന ശാന്തി മെഡിക്കൽ സെൻ്ററിൽ സൗജന്യ ചികിത്സ നൽകുമെന്നും അറിയിച്ചിട്ടുണ്ട്. രാധയ്ക്ക് കൃത്യമായ ചികിത്സ നൽകിയാൽ വീണ്ടും പൂർവസ്ഥിതിയിലാകുമെന്നാണ് വിദഗ്ധ ഡോക്ടർമാരുടെ ഉപദേശം. എന്നാൽ, ചികിത്സയ്ക്ക് യുഎഇയിൽ വൻ തുക വരുമെന്നതിനാൽ കഴിഞ്ഞ രണ്ട് വർഷമായി യാതൊരു ചികിത്സയും നടക്കുന്നില്ല. ആയുർവേദ ചികിത്സ കൂടുതൽ ഫലപ്രദമാകുമെന്ന് ചിലർ ഉപദേശിച്ചെങ്കിലും ഇതിനും ഇവിടെ വൻ തുക ആവശ്യമാണ്. ശരീരം മുഴുവൻ നീര് വച്ച് തടിച്ചതിനാൽ ഒന്നു തിരിഞ്ഞു കിടക്കാൻ ശ്രമിച്ചാൽ പോലും അസഹനീയ വേദനയാണ് രാധയ്ക്ക്.
അജ്മാനിലെ സ്വകാര്യ സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിനിയായിരുന്ന അന്നയുടെ ഫീസ് നൽകാതെ മാസങ്ങളായി. ഫ്ലാറ്റിന്റെ വാടക കുടിശ്ശികയുമുണ്ടായിരുന്നു. വൈദ്യുതി ബിൽ അടയ്ക്കാത്തതിനാൽ ഏത് നിമിഷവും ബന്ധം വിഛേദിക്കുന്ന അവസ്ഥയിലുമാണ്. പതിനൊന്ന് വർഷം ഒമാനിലായിരുന്നു സുരേഷ് കുമാറും കുടുംബവും. അവിടെ സ്വന്തമായി ബിസിനസ് നടത്തിയിരുന്നത് പൊളിഞ്ഞതിനെ തുടർന്ന് സന്ദർശക വീസയിൽ യുഎഇയിലേയ്ക്ക് വരികയായിരുന്നു. ഇതിന് സഹായിച്ച ഒരു പരിചയക്കാരനായ വാസുദേവൻ എന്നയാൾ സുരേഷിന്റെയും രാധയുടെയും പാസ്പോർട്ടുമായി മുങ്ങിക്കളഞ്ഞു. ഇതേ തുടർന്ന് യുഎഇ വിസ എടുക്കാനും സാധിച്ചില്ല. രാധ കിടപ്പിലായതോടെ നാട്ടിലേയ്ക്ക് മടങ്ങാനുള്ള ശ്രമത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം ഔട്ട്പാസ് എടുത്തിരുന്നു. എന്നാൽ, അന്നാ പോളിന് ഔട്ട്പാസ് കിട്ടാത്തതിനാൽ യാത്ര മുടങ്ങി. പ്രവാസി ജീവിതത്തിന്റെ ദുരിതങ്ങളുടെ പെരുമഴയിൽ ഒറ്റക്കായ കുടുംബം ചതിയും വിധിയുടെ വേട്ടയാടലുകളും തളർത്തിയ ജീവിതം. ഒരു കുടുംബം മാത്രമല്ല ഒരു സമൂഹം ആശ്വാസത്തിലാണ് ഇന്നിപ്പോൾ. നന്മ വറ്റാത്ത നല്ല ഹൃദയങ്ങൾക്ക് നന്ദി.
https://www.facebook.com/Malayalivartha

























