ദിലീപിന് ദുബായിയിൽ കൂക്കുവിളിയും കൈയടിയും.

ദുബായ്; ദിലീപിന് ദുബായിയിൽ കൂക്കുവിളി. ജയിൽ മോചിതനായ ശേഷം ആദ്യമായി ദുബായിലെത്തിയ നടൻ ദിലീപിനെ ഒരു വിഭാഗം കയ്യടികളോടെ സ്വീകരിച്ചപ്പോൾ, മറു വിഭാഗം ആളുകൾ ബഹളം വച്ചു . ദിലീപിന്റെ പങ്കാളിത്തത്തോടെ കരാമയിൽ ആരംഭിച്ച ദേ പുട്ട് റസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനിടയിലാണ് കൂക്കുവിളിയും കയ്യടിയും. ബുധനാഴ്ച വൈകിട്ട് ഏഴിനായിരുന്നു ഉദ്ഘാടനം. ഇതിനായി അമ്മ സരോജത്തോടൊപ്പമാണ് ദിലീപ് ചൊവ്വാഴ്ച ദുബായിലെത്തിയത്.
ദുബായിയിൽ ഇത്തരമൊരു പ്രതികരണം അപ്രതീക്ഷിതമായിരുന്നു. ദിലീപും, നാദിർഷയും അടക്കം അഞ്ച് പാർട്ണർമാരുടെ അമ്മമാരാണ് രാവിലെ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തത്. വൈകിട്ട് ദിലീപ് നാടമുറിച്ചും ഉദ്ഘാടനം നിർവഹിച്ചു. ഇതിനായി ദിലീപ്എത്തുമെന്നറിഞ്ഞ് മണിക്കൂറുകൾക്ക് മുൻപേ കരാമയിലെ റസ്റ്ററന്റിനടുത്ത് ജനക്കൂട്ടമെത്തിയിരുന്നു. ഇതിൽ ഭൂരിഭാഗവും വിവാദ നടനെ ഒരു നോക്ക് കാണാനെത്തിയവരായിരുന്നു. ദിലീപ് വന്നെത്തിയതോടെ ആളുകൾ താളമേളങ്ങളോടെ ആർപ്പുവിളി തുടങ്ങി
ഇതിനൊപ്പം കുറേ പേർ കൂക്കുവിളിക്കാനും തുടങ്ങി. സ്ഥലത്ത് പൊലീസിന്റെ ശക്തമായ സാന്നിധ്യവുമുണ്ടായിരുന്നു. ആരാധകരെ കാണാൻ വേണ്ടി പുറത്തിറങ്ങാൻ ശ്രമിച്ചെങ്കിലും തീരുമാനം മാറ്റി റസ്റ്ററൻ്റിന്റെ മുകൾ നിലയിലെ ബാൽക്കണിയിൽ ചെന്ന് താഴേയ്ക്ക് കൈവീശി. ഇതോടെ ആർപ്പുവിളിയും കൂക്കുവിളിയും ശക്തമായി. 85 ദിവസത്തെ ജയിലിൽ കിടന്ന ശേഷമായിരുന്നു ദിലീപ് പുറത്തിറങ്ങിയത്. പിന്നീട് ഹൈകോടതി അനുമതി പ്രകാരം ദുബായിലെത്തുകയായിരുന്നു. ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ദിലിപിനെ സുഹൃത്തുക്കൾ പൊന്നാടയണിയിച്ച് സ്വീകരിച്ചു. തന്റെ അടുത്ത സുഹൃത്തുക്കളോടൊപ്പം രണ്ടു ദിവസം താമസിച്ചു വെള്ളിയാഴ്ച ദിലീപ് തിരിച്ചുപോകുമെന്നാണ് അറിയുന്നത്.
ഇതിനിടെ, ദിലീപിന് പിന്നാലെ കേരളാ പൊലീസും ദുബായിൽ എത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. നടൻ സാക്ഷികളെയും മറ്റും സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന രഹസ്യ വിവരം പൊലീസിന് ലഭിച്ചതിനാൽ, ദിലീപിന്റെ ചലനങ്ങൾ നിരീക്ഷിക്കാൻ വേണ്ടിയാണ് പൊലീസെത്തിയതെന്നാണ് വിവരം. വിവാദമായ കേസിലെ പ്രതിയായ ദിലീപിന്റെ വരവ് ദുബായ് പൊലീസും അറിഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























