സൗദിയിൽ അഴിമതി കേസിൽ അറസ്റ്റിലായ രാജകുമാരന്മാരും മന്ത്രിമാരും അടക്കമുള്ള ഉന്നതരിൽ ഭൂരിപക്ഷത്തിന്റെയും കേസ് ഒത്തുതീർക്കുന്നു

സൗദിയിൽ അഴിമതി കേസിൽ അറസ്റ്റിലായ രാജകുമാരന്മാരും മന്ത്രിമാരും അടക്കമുള്ള ഉന്നതരിൽ ഭൂരിപക്ഷത്തിന്റെയും കേസ് ഒത്തുതീർപ്പായി. ഒത്തുതീർപ്പ് കരാർ അംഗീകരിച്ചാണ് നിയമനടപടികളിൽ നിന്ന് ഒഴിവായതെന്ന് സൗദി പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. പിടിച്ചെടുക്കുന്ന പണം ഖജനാവിലേക്ക് മാറ്റും. അഴിമതി വിവരങ്ങൾ വെളിപ്പെടുത്തുന്നതിനായി 320 പേരെയാണ് അറസ്റ്റ് ചെയ്തത്.
ഇതിൽ 159 പേർ ജയിലിൽ തുടരുകയാണ്. കഴിഞ്ഞ ആഴ്ച മോചിതനായ മുൻ ദേശീയ ഗാർഡ് തലവനായിരുന്ന മിതേബ് ബിൻ അബ്ദുള്ള രാജകുമാരന്റെ കേസ് 6500 കോടി രൂപയുടെ കരാറിലാണ് ഒത്തുതീർത്തത്. അഴിമതിക്കെതിരെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ കമ്മിറ്റി ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്.
പണാപഹരണം, 2009ലെ ജിദ്ദ വെള്ളപ്പൊക്ക നിവാരണം എന്നിവയിലെ ക്രമക്കേടുകളെ തുടർന്നാണ് ഇവർക്കെതിരെ നടപടിയെടുത്തതെന്നുമാണ് വിവരം. എന്നാൽ, ഭരണകൂടത്തിൽ തന്റെ അപ്രമാധിത്വം ഉറപ്പിക്കാനുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നീക്കമാണ് രാജകുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതിലൂടെ തെളിയുന്നതെന്ന് വിമർശനമുണ്ട്.
സൗദി കോടീശ്വരൻ അൽ വലീദ് ബിൻ തലാലിനെയും മുൻഭരണാധികാരി സൽമാൻ രാജാവിന്റെ രണ്ട് മക്കളെയും അറസ്റ്റ് ചെയ്തത് ഇതിന്റെ ഭാഗമാണെന്നും ആരോപണമുണ്ട്.
https://www.facebook.com/Malayalivartha

























