ആരാണ് ആ അജ്ഞാതനായ ലേലക്കാരൻ? അഞ്ഞൂറു വർഷത്തോളം പഴക്കം കണക്കാക്കുന്ന യേശുക്രിസ്തുവിന്റെ ചിത്രം, ലോകത്ത് ഇതുവരെയുള്ള റെക്കോർഡ് തുകയ്ക്ക് അജ്ഞാതനായ കോടീശ്വരൻ സ്വന്തമാക്കി

സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ മകനും സൗദി കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാനെതിരെ ചില ആഡംബര ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കോടിക്കണക്കിന് രൂപ ചെലവഴിച്ചത് ആഡംബര നൗക വാങ്ങി എന്നതായിരുന്നു ആ ആരോപണം.
എന്നാല്‍ ഇപ്പോള്‍ വന്ന വെളിപ്പെടുത്തലുകള്‍ മുഹമ്മദ് രാജകുമാരനുമായി നേരിട്ട് ബന്ധമുള്ളതല്ല. രാജുകുടംബത്തിലെ അത്ര അറിയപ്പെടാത്ത ഒരു രാജകുമാരന്‍ ബാദര്‍ രാജകുമാരന്‍ ആണ് ഇപ്പോള്‍ വിവാദ നായകന്‍.
അതും ലിയാനാര്‍ഡോ ഡാവിഞ്ചി വരച്ച ചരിത്ര പ്രസിദ്ധമായ ചിത്രം വാങ്ങിയതിന്റെ പേരില്‍ അമേരിക്കയിലെ ക്രിസ്റ്റീസ് എന്ന ഓക്ഷന്‍ ഹൗസിൽ ലേലത്തില്‍ വച്ച അഞ്ഞൂറു വർഷത്തോളം പഴക്കം കണക്കാക്കുന്ന യേശുക്രിസ്തുവിന്റെ ചിത്രം, ലോകത്ത് ഇതുവരെയുള്ള റെക്കോർഡ് തുകയ്ക്ക് അജ്ഞാതനായ കോടീശ്വരൻ സ്വന്തമാക്കിയത്. ഈ ചിത്രം വാങ്ങിയത് ഒരു സൗദി രാജകുമാരന്‍ ആണ് എന്നതാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ന്യൂയോര്‍ക്ക് ടൈംസ് ആണ് ഈ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. സാൽവേറ്റർ മോണ്ടി (സേവ്യർ ഓഫ് ദ വേൾഡ്) എന്ന ചിത്രം ലോകത്ത് ആകെ അവശേഷിക്കുന്ന 20 ഡാവിഞ്ചി ചിത്രങ്ങളിൽ ഒന്നാണ്. ഡാവിഞ്ചി ചിത്രങ്ങളിൽ സ്വകാര്യ വ്യക്തിയുടെ കൈവശമുള്ള ഏകചിത്രവും ഇതാണ്.
ലോകത്തിന്റെ രക്ഷകന്‍ എന്നാണ് സാല്‍വേറ്റര്‍ മോണ്ടിയുടെ അര്‍ത്ഥം. യേശുക്രിസ്തുവിനെയാണ് ഡാവിഞ്ചി അദ്ദേഹത്തിന്റേതായ രീതിയില്‍ വരച്ചിട്ടുള്ളത്. ഇത് വലിയ വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള ചിത്രമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.
1519 ൽ മരിച്ച ലിയോണാഡോ ഡാവിഞ്ചി മരിക്കുന്നതിന് 14 വർഷം മുമ്പ് 1505ൽ വരച്ച ചിത്രമെന്നാണിതെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഫ്രാൻസിൽനിന്നും ബ്രിട്ടനിലെ ചാൾസ് ഒന്നാമൻ രാജാവിന്റെ ശേഖരത്തിലെത്തിയ ചിത്രം 1600 ൽ നഷ്ടപ്പെട്ടു. 1958ൽ ഇത് ലേലം ചെയ്യുമ്പോൾ ഡാവിഞ്ചിയുടെ ചിത്രമായല്ല കണക്കാക്കിയിരുന്നത്. അദ്ദേഹത്തിന്റെ അനുയായികളിൽ ആരോ വരച്ച ചിത്രം എന്നനിലയിലാണ് അന്ന് കേവലം 45 പൗണ്ടിന് ലേലത്തിൽ വിറ്റത്. പിന്നീട് 2005 ലാണ് ഇത് ഡാവിഞ്ചി ചിത്രമാണെന്ന് കണ്ടെത്തിയത്. ഇതോടെ ചിത്രത്തിന്റെ വിപണിമൂല്യം കോടികളായി ഉയർന്നു.
ആരാണ് ആ അജ്ഞാതനായ ലേലക്കാരൻ? കഴിഞ്ഞ നവംബറിൽ ന്യൂയോർക്കിൽ ലേലം ആരംഭിച്ചതുതന്നെ 100 മില്യൺ ഡോളറിനാണ്. ഒടുവിൽ ലേലം അവസാനിക്കുന്നതിന് 20 മിനിറ്റു മുമ്പാണ് അജ്ഞാതനായ ലേലക്കാരൻ ടെലിഫോണിലൂടെ 400 മില്യൺ ഡോളറിന് അമൂല്യചിത്രം സ്വന്തമാക്കിയത്.
ലേലത്തുക 400 മില്യണാണെങ്കിലും മറ്റ് ഫീസുകളും നികുതിയും എല്ലാം ചേർത്ത് ലേലക്കാരൻ 450.3 മില്യൺ ഡോളർ നൽകണം. 2,900 കോടി ഇന്ത്യന്‍ രൂപ വരും ഇത്. സൗദി രാജകുടുംബത്തിലെ അത്രയ്‌ക്കൊന്നും അറിയപ്പെടാത്ത ആളാണ് ബാദര്‍ ബിന്‍ അബ്ദുള്ള ബിന്‍ മുഹമ്മദ് ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ്.

ചിത്രങ്ങളോ, അത്തരത്തില്‍ കലാമൂല്യമുള്ള വസ്തുക്കളോ ശേഖരിക്കുന്നതില്‍ പേര് കേട്ട ആളും അല്ല ഇദ്ദേഹം. അതുതന്നെയാണ് ഇക്കാര്യത്തില്‍ അമ്പരപ്പുണ്ടാക്കുന്നതും. ബാദര്‍ രാജകുമാരനെ പോലെ ഒരാള്‍ എന്തിനാണ് ഇത്രയും പണം ചെലവഴിച്ച് ഇങ്ങനെ ഒരു ചിത്രം വാങ്ങിയത് എന്നത് ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്.
ഡാവിഞ്ചിയുടെ സാല്‍വേറ്റര്‍ മോണ്ടി എന്ന യേശുക്രിസ്തു ചിത്രം ഇസ്ലാം വിരുദ്ധ ചിത്രമാണ് എന്ന ആരോപണവും ഇതോടൊപ്പം ഉയരുന്നുണ്ട്. ഇസ്ലാമിന്റെ ഈറ്റില്ലമായ സൗദിയിലെ ഒരു രാജകുമാരന്‍ എന്തിന് ഇങ്ങനെ ഒരു ചിത്രം വാങ്ങി എന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്. ഇസ്ലാം വിശ്വാസ പ്രകാരം യേശുക്രിസ്തു ഒരു പ്രവാചകന്‍ മാത്രമാണ്.
യേശുക്രിസ്തുവിനെ ലോകത്തിന്റെ രക്ഷകന്‍ ആയി ഇസ്ലാം അംഗീകരിക്കുന്നില്ല. മാത്രമല്ല, പ്രവാചകരുടെ ചിത്രങ്ങള്‍ സൃഷ്ടിക്കുന്നത് ദൈവ നിന്ദയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. അത്തരം ഒരു ചിത്രമാണ് രാജകുമാരന്‍ വാങ്ങി എന്ന് പറയപ്പെടുന്നത്. ബാദര്‍ ബിന്‍ അബ്ദുള്ള രാജകുമാരന്‍ ചെറുപ്പക്കാരന്‍ ആണ്.
കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് ബാദര്‍ രാജകുമാരന്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്. റിയാദിലെ കിങ് സൗദ് സര്‍വ്വകലാശാലയില്‍ ഇവര്‍ ഒരുമിച്ച് പഠിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടാവകാശിയായി നിയമിക്കപ്പെട്ടതിന് ശേഷം പല നിര്‍ണായക സ്ഥാനങ്ങളും ബാദര്‍ രാജകുമാരന് ലഭിച്ചിട്ടുണ്ട് എന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അല്‍ ഷര്‍ഖ് അല്‍ അസ്വത് പത്രം പ്രസിദ്ധീകരിക്കുന്ന ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ആയി നിയമിതനായ ആളാണ് ബാദര്‍ രാജകുമാരന്‍. ലണ്ടനിലും ഹോങ്കോങ്ങിലും സാൻഫ്രാൻസിസ്കോയിലും പ്രദർശനത്തിനുവച്ചശേഷമാണ് നവോത്ഥാനകാലഘട്ടത്തിലെ ഈ അപൂർവ ചിത്രം ന്യൂയോർക്കിൽ ലേലം ചെയ്തത്.
ലേലത്തിനു മുമ്പുള്ള വൻ നഗരങ്ങളിലെ പ്രദർശനത്തിൽതന്നെ ചിത്രം നിരവധി വമ്പന്മാരുടെ ശ്രദ്ധയാകർഷിച്ചിരുന്നു. വലതുകരം ഉയർത്തി അനുഗ്രഹം ചൊരിയുന്ന യേശുവിന്റെ ചിത്രത്തിന് 26 ഇഞ്ച് ഉയരവും 18 ഇഞ്ച് വീതിയുമാണുള്ളത്.
https://www.facebook.com/Malayalivartha

























