ഗൾഫ് പ്രതിസന്ധി അവസാനിക്കുന്നില്ല; സമവായ ശ്രമവുമായി ഫ്രാൻസും

ഗൾഫ് രാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ മറ്റ് രാജ്യങ്ങൾ ഇടപെടുന്നു. അമേരിക്കയുടെ ശ്രമങ്ങൾ വിജയം കാണാതെ വന്നതോടെ എല്ലാ പ്രതീക്ഷയും ജിസിസി ഉച്ചകോടിയിലായിരുന്നു. കുവൈറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം ഖത്തറിന്റെ മേലുള്ള ഉപരോധത്തിൽ സമവായത്തിലെത്തുക എന്നതായിരുന്നു. എന്നാൽ കുവൈറ്റിന്റെ നീക്കങ്ങളെ തള്ളിക്കൊണ്ട് മൂന്നു രാജ്യങ്ങളിലെയും ഭരണാധികാരികൾ യോഗത്തിനെത്തിയില്ല. ഈ സാഹചര്യത്തിലാണ് കുവൈറ്റിന്റെ മധ്യസ്ഥ ശ്രമങ്ങൾക്ക് പിന്തുണനൽകി കൊണ്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ രംഗത്തെത്തിയത്.
തീവ്രവാദ ബന്ധം ആരോപിച്ച് കഴിഞ്ഞ ജൂൺ മാസത്തിലാണ് ഖത്തറിന് മേല്‍ സൗദി അറേബ്യ, യു.എ.ഇ., ബഹ്‌റൈന്‍, ഈജിപ്ത് രാജ്യങ്ങള്‍ ഉപരോധം ഏർപ്പെടുത്തിയത്. എന്നാൽ തുറന്ന ചര്‍ച്ചകളിലൂടെ മാത്രമേ പ്രതിസന്ധിക്ക് പരിഹാരം കാണാനാവൂ എന്നും രാജ്യത്തിന്റെ പരമാധികാരം പണയം വച്ചുള്ള ഒരു നീക്കത്തിനും തങ്ങള്‍ തയ്യാറല്ലെന്നും ഖത്തര്‍ അമീര്‍ വ്യക്തമാക്കി. അറബ് രാജ്യങ്ങള്‍ക്കിടയില്‍ അഭിപ്രായ ഐക്യം വേണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു.
പ്രശ്നപരിഹാരം ഉണ്ടാകും എന്ന് പ്രതീക്ഷിച്ച ജിസിസി ഉച്ചകോടിക്ക് തൊട്ട് മുൻപ് പ്രത്യേക സഖ്യം രൂപീകരിക്കുമെന്ന യുഎഇയുടെ പ്രഖ്യാപനം വന്നതോടെ ജിസിസി യുടെ പ്രാധാന്യം നഷ്ടപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha

























