ലോക റെക്കോർഡുമായി ബുർജ് ഖലീഫ; കാണികൾക്കായി വീണ്ടും വിസ്മയങ്ങൾ ഒരുക്കുന്നു.

ദുബായ്: പുതുവത്സര ദിനത്തിൽ ദുബായിയുടെ കിരീടത്തിൽ ഒരു പൊൻ തൂവൽ കൂടി ലോക റെക്കോർഡ് ആയി പിറന്നു. പുതു വത്സര രാത്രിയിലെ 'ലൈറ്റ് അപ്പ് 2018' ആണ് ഗിന്നസ് റെക്കോർഡിലേക് വഴി തെളിച്ചത് . ഒരു കെട്ടിടത്തില്‍ നടന്ന ലോകത്തെ ഏറ്റവും വലിയ ലൈറ്റ് ആൻഡ് സൗണ്ട് ഷോയെന്ന നിലയ്ക്കാണ് 10 ലക്ഷത്തിലേറെ പേരെ സാക്ഷി നിർത്തിയുള്ള ഇൗ നേട്ടം. യു എ ഇ യുടെ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന് ആദരമർപ്പിച്ചായിരുന്നു പരിപാടികൾക്ക് തുടക്കം കുറിച്ചത്. പുതു വത്സര രാത്രി നടന്ന പരിപാടി ടെലിവിഷൻ ചാനലുകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 2.5 ബില്യൻ ആളുകൾ തൽസമയം ആസ്വദിച്ചു.
ബുർജ് ഖലീഫയിലെ പുറംഭാഗത്തെ 109,252 ചതുരശ്ര മീറ്റർ വിസ്തീർണത്തിലുള്ള പ്രതലത്തിലാണ് കണ്ണഞ്ചിപ്പിക്കുന്ന ശബ്ദ–വെളിച്ച സംഗമം നടന്നത്. മുൻപ് ഈ വിഭാഗത്തില്‍ സ്ഥാപിച്ച ലോക റെക്കോർഡിനേക്കാൾ രണ്ടിരട്ടി വലിപ്പമുണ്ട് ബുർജ് ഖലീഫയ്ക് . 27 ഏക്കറോളം വരുന്ന ഇൗ പ്രതലം 20 ഫുട്ബോൾ ഗ്രൗണ്ടിന് തുല്യമാണ്.
ലേസർ രശ്മികളുപയോഗിച്ചു നടത്തിയ ലൈറ്റ് ആൻ സൗണ്ട് ഷോ യ്ക്കു പുറമെ ഡൗൺടൗണിലെ ദുബായ് ഫൗണ്ടെയിനിൽ സംഗീതവും ജല വിന്യാസവും ഉപയോഗിച്ച് നടത്തിയ പ്രത്യേക പരിപാടികളും കാണികളെ വിസ്മയിപ്പിച്ചു. മുൻവർഷങ്ങളിലെ കരിമരുന്ന് പ്രയോഗം വേണ്ടെന്ന് വെച്ചാണ് ഇപ്രാവശ്യം ലോക റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്.
ബുർജ് ഖലീഫയിലെയും ഡൗൺടൗണിലെയും ആഘോഷ പരിപാടികൾ കാണാൻ യു എ ഇയുടെ വിവിധ എമിറേറ്റുകളിൽ നിന്നും ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നും രാവിലെ മുതൽ ജനപ്രവാഹം ആയിരുന്നു. ദുബായ് വിനോദ സഞ്ചാര, വാണിജ്യ വിപണന വകുപ്പ്, ആർടിഎ, ദുബായ് പൊലീസ്, സിവിൽ ഡിഫൻസ്, ദുബായ് ആരോഗ്യ വിഭാഗം, മറ്റു സർക്കാർ വകുപ്പുകൾ എന്നിവയുടെ സഹകരണത്തോടെയായിരുന്നു ആഘോഷങ്ങൾ കൊടിയേറിയത്.
ഒട്ടേറെ വിദഗ്ധർ മാസങ്ങളോളം പഠനവും ആലോചനകളും നടത്തി ഒരുക്കിയ മികച്ച പദ്ധതിയിലൂടെയാണ് ബുർജ് ഖലീഫയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോയെ ഒരു ലോക റെക്കോർഡിലേയ്ക്ക് എത്തിച്ചത്. 28.7 കിലോ മീറ്റർ ദൈർഘ്യമുള്ള കേബിളുകൾ വേണ്ടി വന്നു പ്രകാശ-സൗണ്ട് അലങ്കാരങ്ങൾക്കായി. ഇതിൽ 7.7 കി.മീറ്റർ വൈദ്യുതി കേബിളും, 21 കി.മീ.നെറ്റ് വർക് സിഗ്നൽ കേബിളുകളുമായിരുന്നു. പുതുമയും വിസ്മയങ്ങളും നിറച്ച ബുർജ് ഖലീഫയുടെ ഗിന്നസ് റെക്കോർഡ് ജനുവരി 6 വരെ കാഴ്ചക്കാർക്കായി പ്രവർത്തിപ്പിക്കുമെന്നു അധികൃതർ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























