പ്രവാസി ലോകം ആശങ്കയിൽ ! ദുബായ് മേഖലകളിൽ കനത്ത കാറ്റിനും കടൽ ക്ഷോഭത്തിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ദുബായ് : ഓഖി ചുഴലിക്കാറ്റിന്റെയും കടല്‍ക്ഷോഭത്തിന്റെയും നാളുകൾ കേരളം മറന്നു തുടങ്ങുമ്പോൾ ദുബായിയുടെ മേഖലകളിൽ കനത്ത കാറ്റിനും കടൽ ക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുകയാണ്. ഗൾഫിൽ പലയിടങ്ങളിലായി മേഘാവൃതമായ അന്തരീക്ഷം സൃഷ്ടിച്ചു തുടങ്ങിയതിന്റെ പിന്നാലെയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിൽ ശക്തമായേക്കാവുന്ന തിരമാലകൾ ഏകദേശം 11 അടി വരെ ഉയരത്തിൽ ആയിരിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
ചാറ്റല്‍ മഴയോടൊപ്പം മൂടല്‍ മഞ്ഞും കഴിഞ്ഞ ദിവസങ്ങളില്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കാണപ്പെട്ടിരുന്നു. വരും ദിവസങ്ങളില്‍ മൂടല്‍ മഞ്ഞിന്റെ തീവ്രത കൂടാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വാഹന യാത്രക്കാര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. ഒമാന്‍ കടലിന് സമീപത്താകും കടല്‍ ക്ഷോഭവും കൂറ്റന്‍തിരമാലയും പ്രധാനമായും പ്രകടമാകുക എന്നാണ് സൂചന. ജനങ്ങൾക്ക് ബുധൻ മുതല്‍ വ്യാഴം വൈകിട്ട് വരെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതോടൊപ്പം തന്നെ യുഎഇയുടെ വടക്കന്‍ മേഖലകളില്‍ കാര്‍മേഘം കൂടുതലായതിനാല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിച്ചിരിക്കുന്നു. കാലാവസ്ഥ മോശമാകുമെന്നതിനാല്‍ രാജ്യത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.
https://www.facebook.com/Malayalivartha

























