ഇനി ഷോപ്പിംഗ് മാളിലും ഉറങ്ങാം ! ; മണിക്കൂർ അടിസ്ഥാനത്തിൽ ഉപയോഗിക്കാവുന്ന " സ്ലീപ് പോഡ് ലോഞ്ചുകള്‍ " ഉടനെത്തും

ലോകത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ ദുബൈ മാളില്‍ പുതിയൊരു സജ്ജീകരണം കൂടി എത്തുമെന്ന് റിപ്പോർട്ടുകൾ. ഷോപ്പിംഗിനിടെ വിശ്രമിക്കണമെന്നു തോന്നിയാൽ പണമടച്ചു ഉപയോഗിക്കാവുന്ന തരത്തിലുള്ള കൊച്ചു കിടപ്പു മുറികളാണ് അധികൃതർ അവതരിപ്പിക്കാനൊരുങ്ങുന്നത്.
ഒരാള്‍ക്ക് കിടക്കാവുന്ന കൊച്ചു കിടപ്പുമുറികള്‍ പണം നല്‍കി മണിക്കൂര്‍ കണക്കില്‍ വാടകയ്ക്ക് എടുക്കാനാവും വിധമാണ് ദുബൈ മാളില്‍ " സ്ലീപ് പോഡ് ലോഞ്ചുകള്‍ " ഒരുക്കുന്നത്. നിലവിൽ അബുദാബി വിമാനത്താവളത്തിലടക്കം ചില വിമാനത്താവളങ്ങളിൽ ഇത്തരം സൗകര്യങ്ങൾ ഉപയോഗിക്കുന്നുണ്ട്.
പൊഡിനുള്ളിൽ കയറിയ ശേഷം വാതിലടച്ചാല്‍ പുറത്തുനിന്നുള്ള ശബ്ദവും ബഹളവുമൊന്നുമില്ലാതെ ഉറങ്ങാമെന്നതാണ് ഇതിന്റെ പ്രത്യേകത. അകത്തു മൊബൈല്‍ ചാര്‍ജ് ചെയ്യാനും മറ്റുമായി അഡാപ്റ്റര്‍, യുഎസ്ബി കേബിള്‍ എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
40 ദിര്‍ഹം (ഇന്ത്യൻ രൂപ ഏകദേശം 710 ) ആണ് ആദ്യ മണിക്കൂറിന് നല്‍കേണ്ടത്. 10 ദിര്‍ഹം അധികം നല്‍കിയാല്‍ തലയണയും ലഭിക്കും. രണ്ട് മണിക്കൂറിന് 75 ദിര്‍ഹവും, മൂന്ന് മണിക്കൂറിന് 95 ദിര്‍ഹവും ഈടാക്കും. പിന്നീടുള്ള ഓരോ മണിക്കൂറിനും 20 ദിര്‍ഹം വീതം വാടക നല്‍കണം.



https://www.facebook.com/Malayalivartha


























