ഈ സ്കൂട്ടർ ആളൊരു വിരുതനാണ് ! ; രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ സുരക്ഷക്കായി പുതിയ സെക്യൂരിറ്റി റോബോട്ടിനെ അവതരിപ്പിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം

ഖത്തറിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ സുരക്ഷക്കായി പുതിയ സെക്യൂരിറ്റി റോബോട്ടിനെ അവതരിപ്പിച്ചു. ആഭ്യന്തര സുരക്ഷാ സേനയായ ലഖ്വിയയുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ വിമാനത്താവള സുരക്ഷാ വിഭാഗമാണ് ഇത് തയാറാക്കിയത്.
കള്ളലക്ഷണമുള്ള വ്യക്തികൾ മുതൽ കള്ളനോട്ടുകൾ വരെ കണ്ടെത്താനാവുന്ന റോബോട്ട് ഖത്തറില് തന്നെ വികസിപ്പിച്ചെടുത്തതാണ്. സ്കൂട്ടറിന്റെ മാതൃകയിലാണ് ഈ വിരുതനെ നിർമ്മിച്ചിരിക്കുന്നത്.
അറൈവൽ ടെർമിനലിൽ നിലയുറപ്പിക്കുന്ന റോബോട്ട് ആവശ്യമെങ്കിൽ ഡിപ്പാർച്ചറിലും വിമാനത്താവളത്തിലുടനീളവും ഇങ്ങനെ കറങ്ങി നടക്കും . 100 മീറ്റർ ദൂരെ നിന്നു തന്നെ സംശയാസ്പദമായ വ്യക്തികളെയും ബാഗേജുകളെയും തിരിച്ചറിയാനാവുമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.
റോബോട്ടിന് ആളുകളുടെ പള്‍സ് റേറ്റ് അറിയാനും മുഖം തിരിച്ചറിയാനുമുള്ള കഴിവുമുണ്ട്. ആവശ്യമുള്ളവരെ പിടി കൂടുന്നതിനും വ്യാജ കറന്‍സികളും ക്രെഡിറ്റ് കാര്‍ഡുകളും പിടികൂടുന്നതിനും നിരോധിത ഉല്പന്നങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെത്തുന്നതിനുമായി അത്യാധുനിക ക്യാമറകളും സെന്‍സറുകളും സ്കൂട്ടര്‍ റോബോട്ടില്‍ സ്ഥാപിച്ചിട്ടുണ്ട്.
നിരോധിത വസ്തുക്കള്‍ വ്യത്യസ്ത നിറങ്ങളിലായി റോബോട്ടിെന്റ സ്ക്രീനില്‍ തെളിയും. അത് സുരക്ഷാ വിഭാഗത്തിെന്റ ഓപ്പറേഷൻ റൂമിലേക്ക് ഉടനടി അയക്കാനും റോബോട്ടിന് പ്രാപ്തിയുണ്ട്.
വിമാനത്താവളത്തിലെ സുരക്ഷാ വകുപ്പിന്റെ സേവനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും ശക്തമാക്കുന്നതിനും പുതിയ റോബോട്ട് ഏറെ ഉപകരിക്കുമെന്ന് എയര്‍പോര്‍ട്ട് സുരക്ഷാ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഈസ്സ അര്റാര് അല്‍ റുമൈഹി പറഞ്ഞു.
സെക്യൂരിറ്റി റോബോട്ട് ആദ്യം പരീക്ഷിക്കുന്നത് വിമാനത്താവളത്തിലാണെങ്കിലും തുടർന്ന് ഹമദ് തുറമുഖത്തും കര അതിര്ത്തികളിലും ഷോപ്പിഗ് മാൾ, സ്റ്റേഡിയങ്ങൾ തുടങ്ങിയ ജനത്തിരക്കുള്ള സ്ഥലങ്ങളിലും സ്ഥാപിക്കാനും സുരക്ഷാവിഭാഗത്തിന് പദ്ധതിയുണ്ട്.

https://www.facebook.com/Malayalivartha


























