സൗദിയുടെ മിസൈൽ കവചം സുരക്ഷിതം... ഹൂത്തികൾ അയച്ച ഏഴ് ബാലിസ്റ്റിക് മിസൈലുകള്‍ സൗദി വ്യോമസേന ലക്ഷ്യത്തിൽ പതിക്കും മുമ്പ് തകർത്തു

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലേക്ക് യമനിൽ നിന്നും ഹൂതികളുടെ ബാലിസ്റ്റിക് മിസൈലാക്രമണം. മിസൈലിന്റെ ഭാഗങ്ങൾ പതിച്ച് ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. തലസ്ഥാന നഗരിയെ അടക്കം ലക്ഷ്യം വെച്ചെത്തിയ ഏഴ് മിസൈലുകളും ആകാശത്ത് വെച്ച് തകർത്തു. ഇതാദ്യമായാണ് ഹൂതികൾ സൗദിക്ക് നേരെ കൂട്ട മിസൈലാക്രമണം നടത്തുന്നത്.
സൗദി പ്രാദേശിക സമയം ഇന്നലെ രാത്രി 11.30നാണ് മിസൈൽ ആക്രമണം. യമനിലെ ഹൂതി തീവ്രവാദികൾ ഏഴ് മിസൈലുകളാണ് അയച്ചത്. ഇതിൽ മൂന്നെണ്ണം ലക്ഷ്യം വെച്ചത് തലസ്ഥാന നഗരിയായ റിയാദിനെ. രണ്ടെണ്ണം ജസാനെയും ലക്ഷ്യം വെച്ചു. ഖമീശ് മുശൈതിലേക്കും നജ്റാനിലേക്കുമായിരുന്നു മറ്റുള്ളവ. ഏഴു മിസൈലുളും സൗദിയുടെ പ്രതിരോധ സംവിധാനം ആകാശത്ത് വെച്ച് തകർത്തു. ഇതിന്റെ അവശിഷ്ടങ്ങൾ ജനവാസ മേഖലയിൽ പതിച്ചാണ് ഒരാൾ മരിച്ചതും രണ്ട് പേർക്ക് പരിക്കേറ്റതും.
ഈജിപ്ത് പൗരനാണ് കൊല്ലപ്പെട്ടത്. തലസ്ഥാനമായ റിയാദിൽ ആർക്കും പരിക്കില്ല. കാര്യമായ നാശനഷ്ടങ്ങളും റിപ്പോട്ട് ചെയ്തിട്ടില്ല. ജനവാസ മേഖലകളാണ് മിസൈലുകൾ ലക്ഷ്യം വെച്ചതെന്ന് സൗദി ഔദ്യോഗിക മാധ്യമങ്ങൾ പറയുന്നു. കഴിഞ്ഞ നവംമ്പർ മുതൽ അഞ്ച് തവണ ഹൂതികൾ സൗദിയിലേക്ക് മിസൈലയച്ചിട്ടുണ്ട്. യമനിലെ നിയമാനുസൃത ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന വിമത സായുധ സംഘമാണ് ഹൂതികൾ. ആക്രമണത്തെ സൗദി ഭരണകൂടം അപലപിച്ചു. ഹുതികൾക്ക് ഇറാൻ ആയുധമെത്തിക്കുന്നതിന്റെ തെളിവുകൾ നേരത്തെ സൗദിയും അമേരിക്കയും പുറത്ത് വിട്ടിരുന്നു. പുതിയ സാഹചര്യത്തിൽ പ്രശ്നം വഷളാകുമെന്നാണ് സൂചന.
കഴിഞ്ഞ വർഷം നവംബർ മുതൽ ഇറാൻ പിന്തുണയോടെ ഹൂത്തി സായുധ സംഘം വലുതും ചെറുതുമായ മിസൈലുകൾ സൗദിയിലേക്ക് അയച്ചിരുന്നു. നവംബർ 4 നു റിയാദ് കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തെ ലക്ഷ്യം വെച്ച് അയച്ച മിസൈൽ സൗദി വ്യോമസേന തകർത്തിരുന്നു. മിസൈലുകൾ ഇറാനിൽ നിന്നും നിർമിക്കപ്പെട്ടതാണെന്നു യു.എൻ സുരക്ഷാ കൌൺസിൽ നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha


























