ഖത്തറിലെ സ്വകാര്യ സ്‌കൂളുകളിലെ കുട്ടികളുടെ പ്രവേശനം സംബന്ധിച്ച പുതിയ പോര്‍ട്ടല്‍ വരുന്നു

ഖത്തറിലെ സ്വകാര്യ സ്‌കൂളുകളിലെ കുട്ടികളുടെ പ്രവേശനം സംബന്ധിച്ച പുതിയ പോര്‍ട്ടല്‍ വരുന്നു. സ്‌കൂളുകളിലെ എല്ലാ ഗ്രേഡുകളിലേക്കുമുള്ള ലഭ്യമായ സീറ്റുകളും വെയ്റ്റിംഗ് ലിസ്റ്റിലെ വിദ്യാര്‍ഥികളുടെ എണ്ണവും പുതിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി രക്ഷിതാക്കള്‍ക്ക് അറിയാന്‍ സാധിക്കും. വിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ച പുതിയ പോര്‍ട്ടല്‍ ഉടന്‍ നിലവില്‍ വരും. അതത് സ്‌കൂളുകള്‍ പ്രവേശനത്തിനായി നടത്തുന്ന പരീക്ഷകളുടെ മാര്‍ക്കടക്കം ഇതില്‍ ലഭ്യമാവും. ഇതിനാല്‍ മാര്‍ക്ക് കുറഞ്ഞ കുട്ടികളെ പോലും ശുപാര്‍ശകളുടെ അടിസ്ഥാനത്തിലും മറ്റും പ്രവേശിപ്പിക്കുന്ന രീതിക്ക് മാറ്റം വരും. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ഉറപ്പാക്കാനും സാധിക്കും.
ഇതിന്റെ സേവനം പരിചയപ്പെടുത്തുന്നതിനായി പ്രൈവറ്റ് സ്‌കൂള്‍ ലൈസന്‍സസ് വകുപ്പ് കഴിഞ്ഞ ദിവസം പ്രത്യേക ശില്‍പശാല സംഘടിപ്പിച്ചു. സ്‌കൂള്‍ പ്രവേശന നടപടിക്രമങ്ങളിലെ പിഴവുകള്‍ ഒഴിവാക്കുന്നതിനും നടപടികള്‍ എളുപ്പമാക്കുന്നതിനുമാണ് പുതിയ ഓണ്‍ലൈന്‍ സേവനമെന്ന് മന്ത്രാലയത്തിന് കീഴിലെ പ്രൈവറ്റ് സ്‌കൂള്‍ ലൈസന്‍സസ് വിഭാഗം ഡയറക്ടര്‍ ഹമദ് അല്‍ ഗാലി പറഞ്ഞു.
ക്ലാസടിസ്ഥാനത്തില്‍ ലഭ്യമായ സീറ്റുകള്‍ ഇതിലൂടെ അറിയാം. വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്ത് സ്‌കൂളുകള്‍ക്ക് മന്ത്രാലയം നിശ്ചയിച്ച പരിധി കൃത്യമായി പാലിക്കുന്നുണ്ടോ എന്നറിയാനും പുതിയ ഓണ്‍ലൈന്‍ സേവനം മൂലം കഴിയും. വിദ്യാര്‍ഥിയുടെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ വിദ്യാഭ്യാസ നിലവാരവും ഇതില്‍ ലഭ്യമാകും.
കുട്ടികളുടെ പ്രവേശനത്തിന് നിലവില്‍ പല സ്‌കൂളുകളിലും അപേക്ഷിക്കുകയാണ് രക്ഷിതാക്കള്‍ ചെയ്യുന്നത്.യോഗ്യരായ കുട്ടികളുടെ വിവരങ്ങള്‍ രക്ഷിതാക്കളുടെ മൊബൈലിലേക്ക് പുതിയ പോര്‍ട്ടര്‍ വഴി ലഭിക്കും.വിദ്യാര്‍ഥി ഫീസ് അടക്കുന്നതോടെ വെയ്റ്റിങ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെടും.ഇതിനാല്‍ മറ്റ് സ്‌കൂളുകളിലെ സീറ്റുകള്‍ ഒഴിഞ്ഞതായും അറിയാം. രക്ഷിതാക്കള്‍ക്ക് തുടര്‍വിവരങ്ങള്‍ അന്വേഷിക്കാനും ഇതിലൂടെ സാധിക്കും. സ്‌കൂളുകളും കെ ജി സ്ഥാപനങ്ങളും പ്രവേശന അപേക്ഷകള്‍ പോര്‍ട്ടലില്‍ എന്റര്‍ ചെയ്യണം. വിദ്യാര്‍ഥിയുടെ ഇന്റര്‍വ്യുവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ ടെക്‌സ്റ്റ് മെസേജ് വഴി രക്ഷിതാക്കള്‍ക്ക് അറിയുകയും ചെയ്യാം.
https://www.facebook.com/Malayalivartha


























