വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവ്; സൗദിയിലെ പുതിയ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വർഷത്തെ വിമാനയാത്രികർ 92 ദശലക്ഷം

സൗദി അറേബ്യയിലെ വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവെന്നു റിപ്പോർട്ടുകൾ. സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 7.7 ശതമാനം വര്‍ധനവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്.
സൗദിയില്‍ ആകെയുള്ള നാല്‍പ്പതോളം വിമാനത്താവളങ്ങളിലായി 92 ദശലക്ഷം യാത്രക്കാരായിരുന്നു കഴിഞ്ഞ വര്‍ഷം ഈ വിമാനത്താവളങ്ങള്‍ ഉപയോഗപ്പെടുത്തിയത്. കൂടാതെ 7,41,000 അന്താരാഷ്ട്ര വിമാന സര്‍വീസുകൾ കഴിഞ്ഞ വര്‍ഷം ഓപ്പറേറ്റ് ചെയ്തു.
അന്താരാഷ്ട്ര സര്‍വീസുകളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 4.6 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. രാജ്യത്ത് വര്‍ധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം കണക്കിലെടുത്തും വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായും വരും ദിനങ്ങളില്‍ സൗദി വ്യോമയാന മേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കാനാണ് ഇപ്പോഴത്തെ തീരുമാനമെന്ന് സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ചെയര്‍മാന്‍ അബ്ദുല്‍ ഹഖീം അല്‍തമീമി അറിയിച്ചു.
അതേസമയം രാജ്യത്തെ പ്രധാനപ്പെട്ട അന്താരാഷ്ട്ര വിമാനത്താവളങ്ങളായ റിയാദ്, ജിദ്ദ, ദമാം, മദീന, തായിഫ് എന്നിവയിലൂടെയാണ് 78 ദശലക്ഷം പേരും യാത്ര ചെയ്തത്.
മൊത്തം 5,94,000 അന്താരാഷ്ട്ര വിമാന സര്‍വീസുകളാണ് ഈ 5 എയര്‍പോര്‍ട്ടുകളില്‍ നിന്നു മാത്രം ഓപ്പറേറ്റ് ചെയ്തത്. 1,47,000 വിമാന സര്‍വീസുകളിലായി 14 ദശലക്ഷം പേര്‍ ആഭ്യന്തര യാത്ര ചെയ്തിട്ടുള്ളതായും റിപ്പോർട്ടിൽ പറയുന്നു.
https://www.facebook.com/Malayalivartha


























