ഷാര്‍ജ കൊലപാതകം ഞെട്ടലില്‍ അയല്‍വാസികള്‍; പ്രതിക്ക് രണ്ട് ഭാര്യമാര്‍ ഉണ്ടാകുന്നുവെന്ന് നിഗമനം; കൊലചെയ്ത് കുഴിച്ചിട്ട ശേഷം വീട് വാടകയ്‌ക്കെന്ന ബോര്‍ഡും; കേസിന്റെ നാള്‍വഴികള്‍

ഷാര്‍ജന്മ മൈസലൂണ്‍ മേഖലയിലെ വില്ലയില്‍ യുവതിയെ കൊലപ്പെടുത്തി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവം പുറത്തറിഞ്ഞതോടെ വലിയ ഞെട്ടലില്‍ ആണ് അയല്‍വാസികള്‍. ഇത്തരമൊരു ക്രൂരകൃത്യം നടന്നത് അയല്‍വാസികള്‍ ആരും അറിഞ്ഞിരുന്നില്ല. വീട് വാടകയ്ക്ക് എന്നൊരു ബോര്‍ഡ് അടുത്തിടെ അവിടെ വന്നത് പലരും ശ്രദ്ധിച്ചിരുന്നു. യുവതിയുടെ ഭര്‍ത്താവും നാല്‍പ്പതുകാരനുമായ ഇന്ത്യന്‍ പൗരന്‍ ഇസ്മയില്‍ ആണ് പ്രതി. ഇയാള്‍ സംഭവത്തിനു ശേഷം ഇന്ത്യയിലേക്ക് കടന്നുവെന്നാണ് പൊലീസ് നിഗമനം. ഹൈദരാബാദ് സ്വദേശിയായ തസ്‌ലീന്‍ബി യാസിന്‍ ഖാന്‍ ഷെയ്ഖ് ആണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
യുവതിയെ കൊലപ്പെടുത്തി വീട്ടില്‍ കുഴിച്ചിട്ട നാല്‍പ്പതുകാരനായ പ്രതിയ്ക്ക് രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് നിഗമനം. കൃത്യം നടത്തുന്നതിന് മുന്‍പ് ഇയാള്‍ ഒരു ഭാര്യയെയും രണ്ടു മക്കളെയും ഇന്ത്യയിലേക്ക് പറഞ്ഞുവിട്ടിരുന്നുവെന്നും പൊലീസ് കണക്കുകൂട്ടുന്നു. ഇവരെ പറഞ്ഞു വിട്ടതിന് ശേഷമാണ് ഒരു ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയത് എന്നാണ് കരുതുന്നത്. പ്രതിയെ പിടികൂടുന്നതിനായി ദുബായ് പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടി. ഇത്തരം കേസുകളില്‍ ഇന്ത്യന്‍ പൊലീസ് അധികൃതരുമായി ഷാര്‍ജ പൊലീസിന് നല്ല ബന്ധമാണുള്ളത്. കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരണമെങ്കില്‍ ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കണമെന്നും പൊലീസ് അധികൃതര്‍ പറഞ്ഞു.
യുവതിയുടെ സഹോദരന്‍ നല്‍കിയ പരാതിയെ തുടര്‍ന്നു പൊലീസ് നടത്തിയ പരിശോധനയില്‍, വില്ലയില്‍ നിന്നും അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തുകയായിരുന്നു. ഒരു മാസത്തെ പഴക്കമുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കായി ഫൊറന്‍സിക് ലാബിലേക്കു മാറ്റി. വില്ലയില്‍ നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നു പൊലീസ് നായ്ക്കളുടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ തറയിലെ ചില ടൈലുകള്‍ ഇളകിക്കിടക്കുന്നതു കണ്ടു മണ്ണു നീക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളില്‍ കളിപ്പാട്ടങ്ങളും മറ്റും ചിതറിക്കിടന്നിരുന്നു. യുവതിയെ കൊലപ്പെടുത്തിയശേഷം രണ്ടു മക്കളോടൊപ്പം ഭര്‍ത്താവ് ഇന്ത്യയിലേക്കു കടന്നതായാണ് പൊലീസിന്റെ നിഗമനം. വീട് വാടകയ്ക്ക് എന്ന ബോര്‍ഡ് പുറത്തു തൂക്കിയിരുന്നു. നാട്ടിലുള്ള സഹോദരനുമായി യുവതി ദിവസവും സംസാരിക്കുമായിരുന്നു. എന്നാല്‍ ദിവസങ്ങളായി ഫോണ്‍ വിളിക്കാതായതോടെ ഷാര്‍ജയില്‍ അന്വേഷിച്ചെത്തിയെങ്കിലും വീട് അടഞ്ഞു കിടക്കുകയായിരുന്നു. തുടര്‍ന്ന് ഈ മാസം ഒന്‍പതിനു പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് ഇടപെടുകയുമായിരുന്നു.
https://www.facebook.com/Malayalivartha


























