ദുബായില്‍ ഉത്സവമേളത്തിനായി ഗ്ലോബല്‍ വില്ലേജ് ഒരുങ്ങുന്നു

ലോകസഞ്ചാരികളെ സ്വീകരിക്കാനായി ഗ്ലോബല്‍ വില്ലേജ് ഒരുങ്ങുന്നു. ദുബായിലെ ഏറ്റവും മികച്ച വിനോദകേന്ദ്രങ്ങളിലൊന്നായ ഗ്ലോബല്‍ വില്ലേജിന്റെ 2014-ലെ പതിപ്പിന് നവംബര്‍ ആറിന് തുടക്കമാകും. സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഏറ്റവും പുതിയ വിനോദപരിപാടികള്‍ ഉള്‍പ്പെടുത്തുന്നതിനുമുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് സംഘാടകര്‍.
ഗ്ലോബല്‍ വില്ലേജിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ആഗോളഗ്രാമത്തിനകത്തും പുറത്തുമായി സജ്ജമാക്കിയ സുരക്ഷാനടപടികളെക്കുറിച്ച് സംഘാടകര്‍ ദുബായിലെ വിവിധ വകുപ്പ് അധികൃതര്‍ക്ക് മുമ്പാകെ വിശദീകരിച്ചു.
മുനിസിപ്പാലിറ്റി, പോലീസ്, സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് സര്‍വീസസ്, ഹെല്‍ത്ത് അതോറിറ്റി, ദീവ, റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി, വാണിജ്യവികസന വകുപ്പ് എന്നീ വകുപ്പുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ഗ്ലോബല്‍ വില്ലേജ് അധികൃതര്‍ കൂടിക്കാഴ്ച നടത്തി.
പ്രതിവര്‍ഷം ഗ്ലോബല്‍വില്ലേജിലെത്തുന്ന 50 ലക്ഷം സന്ദര്‍ശകരുടെ സുരക്ഷിതത്വത്തിനാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്ന് സി.ഇ.ഒ. അഹമ്മദ് ഹുസ്സൈന്‍ വ്യക്തമാക്കി.
നവംബര്‍ ആറ് മുതല്‍ ഏപ്രില്‍ 11 വരെ അഞ്ചുമാസം നീളുന്ന ആഘോഷപരിപാടിയാണ് ഇത്തവണ ഗ്ലോബല്‍ വില്ലേജില്‍ ഒരുക്കുന്നത്. മുന്‍കാലങ്ങളേക്കാള്‍ മികച്ച വിനോദപരിപാടികളും ആകര്‍ഷണങ്ങളും ഒരുക്കാനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് സംഘാടകര്‍. ഗ്ലോബല്‍ വില്ലേജിന്റെ പത്തൊമ്പതാമത് പതിപ്പിനാണ് നവംബറില്‍ തുടക്കമാകുക.
https://www.facebook.com/Malayalivartha