ഏറ്റവും വലിയ കൊടിമരവുമായി ജിദ്ദ മുന്‍സിപ്പാലിറ്റി ഗിന്നസിലേയ്‌ക്ക്

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം സൗദിക്ക് സ്വന്തമായി. രാജ്യത്തെ എണ്‍പത്തിനാലാമത് ദേശീയ ദിനാഘോഷത്തിനായി ജിദ്ദയില്‍ ചെങ്കടല്‍ തീരത്തേക്കുളള വീഥികളെ വാഹനവ്യൂഹത്തില്‍ സ്‌തംഭിപ്പിച്ച നൂറുകണക്കിനാളുകളെ സാക്ഷിനിര്‍ത്തി ചൊവ്വാഴ്‌ച രാത്രി 11.30 ന് കൊടിമരത്തില്‍ 5.7 ടണ്‍ ഭാരമുള്ള കൊടി കയറിയതോടെ ജിദ്ദ മുന്‍സിപ്പാലിറ്റി ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചു. നഗരിയുടെ അഷ്‌ടദിക്കുകളിലേയ്‌ക്ക് ദൃശ്യാനുഭവം പകരുന്ന അഭിമാനധ്വജം വാനിലുയര്‍ത്തി ജിദ്ദ ശ്രദ്ധേയമായി.
ജിദ്ദയില്‍ അല്‍അന്തുലുസ് റോഡ് ടണലിനു മുകളിലെ കിങ് അബ്‌ദുല്ല ചത്വരത്തില്‍ സ്ഥാപിച്ച കൊടിമരത്തിന്റെ റെക്കോര്‍ഡ് കുറിക്കാന്‍ ഗിന്നസ് ബുക് ഓഫ് റെക്കോര്‍ഡ്‌സിന്റെ പ്രതിനിധിയായി ഇന്ത്യന്‍ വംശജനായ നവീല്‍ പട്ടേല്‍ എത്തിയിരുന്നു. ദേശീയപതാക കൊടിമരത്തിന്റെ അഗ്രത്തില്‍ എത്തിയതോടെ നാലുപാടു നിനും യുവാക്കളുടെ ആര്‍പ്പു വിളികളുയര്‍ന്നു. അതിനിടെ ജിദ്ദ മുന്‍സിപ്പാലിറ്റി 171 മീറ്റര്‍ ഉയരമുള്ള കൊടിമരം സ്ഥാപിച്ച് ഗിന്നസ് ബുക്കിലിടം പിടിച്ച് ചരിത്രത്തിലേക്ക് നടന്നു കയറിയതായി അദ്ദേഹം പ്രഖ്യാപിച്ചു.ഗിന്നസ് ബുക് സര്‍ട്ടിഫിക്കറ്റും കൈമാറി.
രാജ്യത്തിന്റെ യശസ്സുയര്‍ത്തുന്ന സുകൃതം നിര്‍വഹിക്കാനായതില്‍ തങ്ങള്‍ അഭിമാനം കൊള്ളുന്നുവെന്ന് കൊടിമര പദ്ധതിയുടെ നിര്‍വാഹകരായ അബ്‌ദുല്ലതീഫ് ജമീല്‍ ഇനീഷ്യേറ്റീവിന്റെ സീനിയര്‍ ജനറല്‍ മാനേജര്‍ മുഹമ്മദ് അബു അസ്സ പറഞ്ഞു. പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് ഒരു വര്‍ഷമെടുത്തു സൗദി അറേബ്യയുടെ ഏറ്റവും വലിയ ഔദ്യോഗിക ചിഹ്നവും(വാളും പനയും) കിങ് അബ്‌ദുല്ല ചത്വരത്തിലുണ്ട്.
https://www.facebook.com/Malayalivartha