എമിറേറ്റിലെ ഗതാഗത പദ്ധതികള്‍ വീക്ഷിക്കാന്‍ ഡ്രോണുകള്‍

ദുബായിലെ ഗതാഗത പദ്ധതികള്‍ വീക്ഷിക്കാന്‍ ഡ്രോണുകളെ രംഗത്തിറക്കി. നിര്‍മാണം പൂര്‍ത്തിയായ മേഖലകള്‍ നിരീക്ഷിക്കുന്നതിനായാണ് ചെറുപേടകങ്ങളായ ഡ്രോണുകളെ നിയോഗിച്ചത്. മനുഷ്യര്‍ക്ക് കടന്നുചെല്ലാന്‍ പ്രയാസമുള്ള ഇടങ്ങളില്‍ നിരീക്ഷണം എളുപ്പമാക്കാന്‍ ഡ്രോണുകള്‍ സഹായകമാകും. ജുമൈറ ബീച്ച് വാക്ക്വേ, ദുബായ് വാട്ടര്‍ കനാല്‍ പദ്ധതി തുടങ്ങിയവ നിരീക്ഷിക്കുന്നതിനായി ഈയിടെ ഡ്രോണുകളെ അയച്ചിരുന്നു. പദ്ധതിപ്രദേശങ്ങളുടെ സമഗ്രമായ കാഴ്ച ലഭ്യമാക്കുന്നതിനും ആവശ്യമായ തുടര്‍നടപടികള്‍ എന്തൊക്കെയെന്ന് മനസ്സിലാക്കുന്നതിനും ഡ്രോണുകള്‍ സഹായകമായി. പരീക്ഷണാടിസ്ഥാനത്തിലുള്ള പറക്കല്‍ വിജയിച്ചതിനെത്തുടര്‍ന്നാണ് പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ തീരുമാനിച്ചത്.
പദ്ധതികളുടെയും പ്രദേശങ്ങളുടെയും ചിത്രങ്ങള്‍ പകര്‍ത്തുന്നതിനും ഡ്രോണുകള്‍ക്ക് സാധിക്കും. കീഴ്പാലങ്ങളുടെ അടിവശങ്ങള്‍, മെട്രോ സ്റ്റേഷനുകളുടെ മുകള്‍ഭാഗം തുടങ്ങിയവ നിരീക്ഷിക്കുന്നതിന് ഡ്രോണുകള്‍ ഏറെ സഹായകമായിരിക്കും. ഇതുവഴി ആവശ്യമായ അറ്റകുറ്റപ്പണികള്‍ തീരുമാനിക്കാനാകും. റോഡുകളില്‍ ഗതാഗതക്കുരുക്കുകളോ അപകടങ്ങളോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ഉണ്ടെങ്കില്‍ അവ നിരീക്ഷിക്കുന്നതിനും ഏതൊക്കെ മേഖലകളെ പ്രശ്‌നം ബാധിക്കുമെന്ന് മനസ്സിലാക്കാനും ഡ്രോണുകള്‍ മുഖേന കഴിയും.
https://www.facebook.com/Malayalivartha